Deshabhimani

സ്വതന്ത്രമാധ്യമങ്ങളെ വേട്ടയാടി ഈജിപ്ത്; ആറ് മാധ്യമപ്രവർത്തകർ അറസ്റ്റിൽ

Matsadash

Image Credit : Matsadaash via AP

വെബ് ഡെസ്ക്

Published on Oct 02, 2026, 02:04 PM | 1 min read

കെയ്‌റോ: സ്വതന്ത്ര മാധ്യമങ്ങളെ അടിച്ചമർത്തി ഈജിപ്ഷ്യൻ ഭരണകൂടം ജനാധിപത്യവിരുദ്ധ നടപടികൾ തുടരുകയാണ്. രാജ്യത്തെ സ്വതന്ത്രമാധ്യമങ്ങളിലൊന്നായ മത്‌സദാഷിന്റെ (Matsadaash) ആറ് എഡിറ്റോറിയൽ ജീവനക്കാരെ ഈജിപ്ത് ഭരണകൂടം അറസ്റ്റ് ചെയ്ത് തടവിലാക്കി. നിരോധിക്കപ്പെട്ട തീവ്രവാദ ​ഗ്രൂപ്പുമായി ബന്ധമുണ്ടെന്നും, വിദേശ ഫണ്ട് സ്വീകരിച്ച് വ്യാജവാർത്തകൾ ചമച്ചുവെന്നും തുടങ്ങി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാണ് ആറ് മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തത്.


അബ്ദുല്ല ഖാദ്രി, മുഹമ്മദ് അബു എമൈറ, ഒമർ ഹിലാൽ, ഇസ്ലാം ബറകത്ത്, മുഹമ്മദ് മഹ്മൂദ്, മുഹമ്മദ് ആദൽ എന്നിവരാണ് അറസ്റ്റിലായത്. മാധ്യമപ്രവർത്തകരുടെ വീടുകളിൽ അതിക്രമിച്ചുകയറിയ പൊലീസ് സംഘം ഇവരുടെ കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്ത് നശിപ്പിച്ചു. അറസ്റ്റ് ചെയ്തവർ എവിടെയാണെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കുടുംബാംഗങ്ങളെയോ അഭിഭാഷകരെയോ ഇവരെ കാണാൻ അനുവദിച്ചിട്ടുമില്ല. ഇതാദ്യമായാണ് ഈജിപ്തിൽ ഒരു വാർത്താ സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരെയും അറസ്റ്റ് ചെയ്യുന്നത്.


ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങളും മാധ്യമ സെൻസർഷിപ്പും നിലനിൽക്കുന്ന രാജ്യമാണ് ഈജിപ്ത്. ‍അന്വേഷണാത്മക പത്രപ്രവർത്തനവും ഫാക്ട് ചെക്കിം​ഗും പ്രധാന മേഖലയാക്കി എട്ട് വർഷം മുൻപ് ആരംഭിച്ച പ്ലാറ്റ്‌ഫോമാണ് മത്സദാഷ്. ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമാണ് ഈ ഓൺലൈൻ പോർട്ടലിനുള്ളത്. മത്‌സദാഷിന്റെ വെബ്സൈറ്റ് ഈജിപ്റ്റിൽ അധികാരികൾ ബാൻ ചെയ്തിരിക്കുകയാണെങ്കിലും ഫേസ്ബുക്കിൽ പത്ത് ലക്ഷത്തിലധികം ആളുകൾ പിന്തുടരുന്നുണ്ട്. ഈ ജനപ്രീതിയാണ് സർക്കാരിനെ ചൊടിപ്പിച്ച പ്രധാനഘടകം.


ലോകത്ത് മാധ്യമപ്രവർത്തകരെ ഏറ്റവും കൂടുതൽ ജയിലിലടയ്ക്കുന്ന രാജ്യങ്ങളിലൊന്നായി ഈജിപ്ത് മാറിയിരിക്കുകയാണ്. നിലവിൽ ഈജിപ്തിൽ 26 മാധ്യമപ്രവർത്തകർ ജയിലിലാണെന്നാണ് കണക്കുകൾ. ഭരണകൂട വിമർശകരെയും സ്വതന്ത്ര മാധ്യമപ്രവർത്തകരെയും തീവ്രവാദികളാക്കി മുദ്രകുത്തി ജയിലിലടയ്ക്കുന്ന പ്രവണത രാജ്യത്ത് വർധിച്ചുവരികയാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. മാധ്യമപ്രവർത്തകരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് വാച്ച്, റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് തുടങ്ങി എൺപതിലധികം അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home