Deshabhimani

'പൊലീസ് ഞങ്ങളുടെ കയ്യിൽ, തല്ലിക്കൊല്ലാനും തയാറാകും': കൊലവിളിയുമായി കോൺ​ഗ്രസ് നേതാവ്

iftikkarudhin malappuram
വെബ് ഡെസ്ക്

Published on Oct 02, 2026, 02:01 PM | 1 min read

മലപ്പുറം: യൂത്ത് കോൺ​ഗ്രസ് പറഞ്ഞാൽ തല്ലിക്കൊല്ലാനും പൊലീസ് തയാറാകുമെന്ന് കൊലവിളി പ്രസം​ഗവുമായി കോൺ​ഗ്രസ് നേതാവ്. മലപ്പുറം വളാഞ്ചേരിയിൽ ഇന്നലെ രാത്രി നടന്ന കോൺ​ഗ്രസ് പരിപാടിയിൽ കെപിസിസി അം​ഗം ഇഫ്തിഖാറുദ്ദീൻ ആണ് കൊലവിളി പ്രസം​ഗം നടത്തിയത്.


"പൊലീസ് ഇപ്പോൾ നമ്മുടെ കയ്യിലാണ്. ഇപ്പോൾ ഉഷാറാണ്. കഴിഞ്ഞ സർക്കാർ വാങ്ങിക്കൊടുത്ത ലാത്തികൊണ്ട് അടിച്ചുതകർത്തു പൊലീസ്. ഞങ്ങൾ പറഞ്ഞിട്ട് തന്നെയാണ് അടിച്ചതെന്ന് പറയാൻ മടിയില്ല. യൂത്ത് കോൺ​ഗ്രസ് പറഞ്ഞാൽ തല്ലിക്കൊല്ലാനും പൊലീസ് തയാറാകും"- എന്നായിരുന്നു ഇഫ്തിഖാറുദ്ദീന്റെ കൊലവിളി.


ഇതോടെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ പ്രകോപനമില്ലാതെ വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം അഴിച്ചുവിട്ടത് ബോധപൂർവമെന്ന് വ്യക്തമാവുകയാണ്. കോൺ​ഗ്രസിന്റെ ആജ്ഞയിൽ പൊലീസ് ആസൂത്രിതമായി വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നു. ബുധനാഴ്‌ച രാത്രിയാണ്‌ യൂത്ത്‌കോൺഗ്രസ്‌ ക്രിമിനലുകൾ ബിയർ കുപ്പിയും തീപന്തവും കല്ലുമെറിഞ്ഞ്‌ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്‌. മന്ത്രി ഒ ജെ ജനീഷ്‌, ഷാഫി പറമ്പിൽ എംപി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. യൂണിവേഴ്‌സിറ്റി കോളേജിനു മുമ്പിലും അവർ അഴിഞ്ഞാടി.


ഇ‍ൗ അക്രമികളെ അമർച്ച ചെയ്യുന്നതിനു പകരം ഹോസ്‌റ്റലിൽ ഇരച്ചുകയറി പൊലീസ്‌ വിദ്യാർഥികളെ തല്ലിച്ചതച്ചു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ്‌ ഉൾപ്പെടെയുള്ളവരെ മർദിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ പൊലീസ്‌ അനുവദിച്ചില്ല. എസ്‌എഫ്‌ഐ വേട്ടയിൽ കുപ്രസിദ്ധരായ സിഐയും എസ്‌ഐയും എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ ആക്രോശിച്ചു. എഡിജിപി പി വിജയൻ എത്തിയ ശേഷമാണ്‌ പരിക്കേറ്റ വിദ്യാർഥികളെ ആംബുലൻസിൽ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയത്‌. ഇ‍ൗ സമയം യൂത്ത്‌ കോൺഗ്രസ്‌ ക്രിമിനലുകൾ ആബുലൻസ്‌ ആക്രമിച്ചപ്പോഴും പൊലീസ്‌ കാഴ്‌ചക്കാരായി നോക്കിനിന്നു.


ഭരണത്തിന്റെ മറവില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ അഴിഞ്ഞാടുമ്പോള്‍ പൊലീസ് അവർക്ക് സുരക്ഷയൊരുക്കുകയായിരുന്നു. സര്‍ക്കാരിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയാണ് ലക്ഷ്യമെന്നും ഇത് വിലപ്പോകില്ലെന്നും എസ്എഫ്ഐ നേരത്തെ വ്യക്തമാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home