print edition വിഴിഞ്ഞം– നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതി വൈകിപ്പിച്ച് കേന്ദ്രം


സ്വന്തം ലേഖകൻ
Published on Mar 07, 2026, 01:21 AM | 1 min read
തിരുവനന്തപുരം: വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിനായി 1629.24 കോടി രൂപയുടെ ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടും പദ്ധതി വൈകിപ്പിച്ച് കേന്ദ്രസർക്കാർ. പദ്ധതിയുടെ പുതിയ ഡിപിആർ (സമഗ്ര പദ്ധതി രേഖ) പൂർത്തിയായെങ്കിലും കേന്ദ്രം അനുമതി നൽകുന്നില്ലെന്നാണ് വിവരം. ദേശീയപാത അതോറിറ്റി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന് സമർപ്പിച്ച ഡിപിആർ, ഉന്നതാധികാര സമിതിക്ക് (പിപിപിഎസി) കൈമാറി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പെരുമാറ്റച്ചട്ടം പിൻവലിച്ചശേഷമേ പദ്ധതി പ്രഖ്യാപിക്കാനാകൂയെന്നതിനാൽ ഇത് വീണ്ടും നീണ്ടുപോകും.
ദേശീയപാത നിർമാണത്തിൽ അടുത്തിടെയുണ്ടായ പ്രശ്നങ്ങൾ കാരണം വിദഗ്ധ സമിതി പഠനം നടത്തിയിരുന്നു. കുന്നിടിച്ച് റോഡ് നിർമിക്കേണ്ട സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഒഴിവാക്കാൻ ടണൽ പാത നിർമിക്കുന്നത് സംബന്ധിച്ചാണ് പഠനം. തുടർന്ന് ദേശീയപാത അതോറിറ്റി വിദഗ്ധരെ നിയോഗിച്ച് സ്ഥലപരിശോധന നടത്തി ഡിപിആർ പരിഷ്കരിച്ചു. ഇതുപ്രകാരം പത്തോളം സ്ഥലങ്ങളിൽ തുരങ്കവും വയഡക്ടും നിർമിക്കാൻ തീരുമാനമായി. 24 വില്ലേജുകളിൽക്കൂടിയാണ് ഔട്ടർ റിങ് റോഡ് കടന്നുപോകുക. പുല്ലമ്പാറ, മാണിക്കൽ, പള്ളിച്ചൽ പഞ്ചായത്തുകളിലാണ് കുന്നിടിച്ച് റോഡ് നിർമിക്കേണ്ടത്.
കഴിഞ്ഞവർഷം ഔട്ടർ റിങ് റോഡിനായി പ്രാഥമിക വിജ്ഞാപനം (3എ) പ്രസിദ്ധീകരിച്ചെങ്കിലും സംസ്ഥാനവിഹിതം സംബന്ധിച്ച് കേന്ദ്രസർക്കാർ നിർബന്ധം പിടിച്ചതോടെ പദ്ധതി നീണ്ടു. ഇതോടെയാണ് അധിക സാമ്പത്തിക ബാധ്യത സംസ്ഥാനം ഏറ്റെടുത്തത്. സാമ്പത്തിക പങ്കാളിത്ത കരാറിന് മന്ത്രിസഭ ആഗസ്തിൽ അംഗീകാരവും നൽകി.
ഭൂമി ഏറ്റെടുക്കലിന്റെ 50 ശതമാനം തുക സംസ്ഥാനമാണ് നൽകുക. പദ്ധതി ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് തവണ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കണ്ടിരുന്നു. പലതവണ കത്തും അയച്ചു. കേന്ദ്ര നടപടി വൈകിയതോടെ ഭൂമി വിട്ടുനൽകിയവർ പ്രയാസത്തിലാണ്. വസ്‌തു പണയപ്പെടുത്തി വായ്‌പ എടുക്കാനോ കൈമാറ്റം ചെയ്യാനോ കഴിയുന്നില്ല. ചിലർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആകെ 62.70 കിലോമീറ്റർ വരുന്ന റിങ് റോഡിനായി 291.8 ഹെക്ടറാണ് ഏറ്റെടുക്കേണ്ടത്.










0 comments