Deshabhimani

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സംസ്ഥാന ചരിത്രത്തിൽ തിളങ്ങുന്ന അധ്യായം: മുഖ്യമന്ത്രി

pinarayi vijayan

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Mar 31, 2026, 11:18 AM | 1 min read

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിൽ തിളങ്ങുന്ന അധ്യായമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രാൻസ്ഷിപ്പ്മെൻ്റ് രംഗത്ത് വലിയ സാധ്യതകളാണ് വിഴിഞ്ഞം തുറമുഖം തുറന്നുനൽകുന്നതെന്നും വിദേശ തുറമുഖങ്ങളെ ആശ്രയിച്ചിരിക്കുന്ന കണ്ടെയ്നർ ​ഗതാ​ഗതം നമ്മുടെ കേരളത്തിലേക്ക് ആകർഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ദീർഘകാല അടിത്തറ പകരുന്ന അടിസ്ഥാന സൗകര്യ പ​ദ്ധതിയാണ് വിഴിഞ്ഞം. വിഴിഞ്ഞം പദ്ധതി തൊഴിൽ സാധ്യത, വ്യവസായ നിക്ഷേപങ്ങൾ തുടങ്ങിയവ വർധിപ്പിക്കും. 2020 മുതൽ പദ്ധതിക്ക് നല്ല പുരോ​ഗതി കൈവരിക്കാനായി. 2028ൽ നാല് ഘട്ടങ്ങളും പൂർത്തിയക്കാനുമുള്ള തീരുമാനത്തിലാണ് ഇപ്പോൾ എത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ഓഖി ചുഴലിക്കാറ്റ്, കോവിഡ് മഹാമാരി തുടങ്ങിയ വലിയ വെല്ലുവിളികളെ അതിജീവിച്ചാണ് ഈ പദ്ധതി മുന്നോട്ടുപോയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുവാക്കൾക്കായി ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആഗോള സ്ഥാപനങ്ങളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനും ഈ പദ്ധതി സഹായിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തുറമുഖം ഇതിനകം തന്നെ വലിയ സാമ്പത്തിക നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ റെക്കോർഡ് നേട്ടങ്ങൾക്ക് പുറമെ, 125 കോടി രൂപ സംസ്ഥാനത്തിന് വരുമാനമായി ലഭിച്ചു എന്നത് പദ്ധതിയുടെ വലിയ വിജയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ജനപക്ഷത്ത് നിന്നുള്ള സർക്കാർ പ്രവർത്തനങ്ങളുടെ ഫലമായി ഐടി മേഖലയിലും ഡിജിറ്റൽ അടിസ്ഥാന സൗകര്യ വികസനത്തിലും കേരളം വലിയ മുന്നേറ്റം നടത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. ഈ വികസന പാത തുടരണമോ എന്നതാണ് ഈ ഘട്ടത്തിൽ തീരുമാനിക്കാനുള്ളതെന്നും, അതിൽ ശരിയായ നിലപാട് തന്നെ ജനങ്ങൾ സ്വീകരിക്കുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.


കഴിഞ്ഞ പത്തുവർഷത്തിനിടെ ഐടി രംഗത്ത് മാത്രം 70,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാരിന് സാധിച്ചു. ഐടി വികസനത്തിന് വലിയ സാധ്യതകളാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം നേട്ടങ്ങളും വികസനങ്ങളും കേരളത്തിലെ ഓരോ ജനങ്ങളും മനസിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home