വിസ വാഗ്ദാനം ചെയ്ത് ഓൺലൈൻ വഴി തട്ടിയ പണം തിരിച്ചുപിടിച്ചു

പാലക്കാട്: വിസ വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് ഓൺലൈൻ വഴി പണം തട്ടിയ കേസിൽ പണം തിരിച്ചുപിടിച്ചു. കാനഡയിലേക്കുള്ള വിസക്കെന്ന പേരിൽ പണം കൈപ്പറ്റിയ തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ട് നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി മരവിപ്പിച്ചാണു ഒറ്റപ്പാലം പൊലീസ് പണം തിരിച്ചുപിടിച്ചത്.
39000 രൂപ ഹരിയാനയിലെ ബാങ്ക് അക്കൗണ്ടിലുണ്ടെന്നായിരുന്നു കണ്ടെത്തൽ. ഇതോടെ എൻസിആർപി ഇടപ്പെട്ട് അക്കൗണ്ട് മരവിപ്പിച്ചു. ഇതു സംബന്ധിച്ച റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചതോടെയാണ് പണം പരാതിക്കാരനു കൈമാറാൻ ഉത്തരവായത്. ഉത്തരവ് ബാങ്കിനു കൈമാറിയതിനു പിന്നാലെ പണം പരാതിക്കാരന്റെ അകൗണ്ടിൽ തിരിച്ചെത്തി.
കഴിഞ്ഞ ജൂലായ് മാസത്തിലാണ് ഒറ്റപ്പാലം വരോട് താമസിക്കുന്ന കോട്ടയം സ്വദേശിയെ കബളിപ്പിച്ച് പണം തട്ടിയത്. കാനഡയിൽ പോകുന്നതു സംബന്ധിച്ച വിവരങ്ങൾക്കായി ഇയാൾ വെബ്‌സൈറ്റുകൾ സന്ദർശിച്ചിരുന്നു. പിന്നാലെ ഇയാൾക്ക് വാട്‌സാപ്പിൽ വിസയും ജോലിയും വാഗ്ദാനം ചെയ്ത് ഫോൺ വിളിയെത്തി. പ്രായം കൂടുതലുള്ളതിനാൽ കൂടുതൽ പണമാകുമെന്ന് വിശ്വസിപ്പിച്ചു. ഇതേ തുടർന്നാണ് രണ്ടു ഘട്ടങ്ങളിലായി 39000 രൂപ അയച്ചുനൽകിയത്. എന്നാൽ പിന്നീട് ഈ നമ്പറിൽ ഫോൺ വിളിച്ചാൽ കിട്ടാതായി. ഇതോടെയാണ് പരാതിയുമായി എൻസിആർപിയെ സമീപിച്ചത്.









0 comments