ad
Deshabhimani

ഒരു വർഷം; 57 ട്രാപ്പ്‌ കേസ്‌, 76 പ്രതികൾ: റെക്കോഡിട്ട്‌ വിജിലൻസ്‌

vigilance
വെബ് ഡെസ്ക്

Published on Jan 01, 2026, 02:49 PM | 3 min read

തിരുവനന്തപുരം : ഒരു വർഷത്തിനിടെ വിജിലൻസ്‌ പിടികൂടിയത്‌ അഴിമതിക്കാരായ 76 പേരെ. 57 ട്രാപ്പ് കേസുകളിലാണ്‌ ഇ‍ൗ അറസ്‌റ്റ്‌. ഇത് വിജിലൻസിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്കാണ്. ഇതിൽ 20 കേസുകളുള്ള റവന്യൂ വകുപ്പും 12 കേസുകൾ ഉള്ള തദ്ദേശ ഭരണ വകുപ്പും 6 കേസുകൾ ഉള്ള പൊലീസ് വകുപ്പുമാണ് മുന്നിൽ. വിദ്യാഭ്യാസ വകുപ്പിലും കെഎസ്ഇബിയിലും മൂന്ന്‌ വീതം കേസുകളും മറ്റ് വിവിധ വകുപ്പുകളിലായി 13 ട്രാപ്പ് കേസുകളുമാണ് 2025ൽ വിജിലൻസ് പിടിച്ചിട്ടുള്ളത്. ട്രാപ്പ്‌ കേസുകളിൽ 5 എണ്ണം തിരുവനന്തപുരം ആസ്ഥാനമായ തെക്കൻ മേഖലയിൽ നിന്നും 9 ട്രാപ് കേസുകൾ കോട്ടയം ആസ്ഥാനമായ കിഴക്കൻ മേഖലയിൽ നിന്നും 28 ട്രാപ് കേസുകൾ എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മധ്യ മേഖലയിൽ നിന്നും 15 ട്രാപ് കേസുകൾ കോഴിക്കോട് ആസ്ഥാനമായ വടക്കൻ മേഖലയിൽ നിന്നുമാണ് റിപ്പോർട്ട്‌ ചെയ്തത്. ഇതുകൂടാതെ ഈ വർഷം 201 വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും 57 വിജിലൻസ് അന്വേഷണങ്ങളും 300 പ്രാഥമിക അന്വേഷണങ്ങളും 136 രഹസ്യ അന്വേഷണങ്ങളും പുതുതായി രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


‘അഴിമതിമുക്ത കേരളം’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സർക്കാരിന്റെ സ്ഥാപിത ലക്ഷ്യങ്ങൾക്ക് അടിത്തറയിടുന്ന പ്രവർത്തനമാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കഴിഞ്ഞവർഷം നടപ്പിലാക്കിയതെന്ന്‌ ഡയറക്ടർ മനോജ്‌ എബ്രഹാം പറഞ്ഞു. ഇടനിലക്കാരും ഏജന്റുമാരുമാണ് സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ നടക്കുന്ന അഴിമതികളിൽ മുഖ്യകണ്ണികളായി പ്രവർത്തിക്കുന്നതെന്ന് വിജിലൻസ് കണ്ടെത്തിയതിനെ തുടർന്ന് ഏജന്റുമാരെയും ഇടനിലക്കാരെയും ട്രാപ്പ് കേസുകൾ ഈ വർഷം വിജിലൻസ് കൂടുതലായി പിടികൂടുന്നതിന് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.


എല്ലാ വകുപ്പുകളും അഴിമതിരഹിതമാക്കണം എന്നുള്ള സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം യാഥാർഥ്യമാക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നോഡൽ ഏജൻസിയായി എല്ലാ വകുപ്പുകളിലും ഇന്റേണൽ വിജിലൻസ് സംവിധാനം കൊണ്ടുവന്നു. അപ്രകാരം നിയമിതരാകുന്ന ഉദ്യോഗസ്ഥർ അവരുടെ അഴിമതി വിരുദ്ധ നടപടികളുടെ റിപ്പോർട്ടുകൾ വിജിലൻസ് ആസ്ഥാനത്തേക്ക് അയച്ചു കൊടുക്കേണ്ട സംവിധാനം ഇതിലൂടെ നിലവിൽ വന്നു.

സർക്കാർ ഓഫീസുകളിലെ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി തടയുന്നതിലേക്കായി രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന വിജിലൻസ് ആൻഡ് ആൻഡി കറപ്ഷൻ ബ്യൂറോ 2025-ൽ 1152 മിന്നൽ പരിശോധനകൾ നടത്തിയിട്ടുണ്ട്. കൂടാതെ വിജിലൻസിന് 2025 വർഷം ലഭിച്ച 9193 പരാതികളിൽ നടപടികൾ സ്വീകരിച്ചു. വിജിലൻസിന്റെ വിവിധ കോടതികളിലായി വിചാരണ നടന്നു വന്ന കേസുകളിൽ 2025 ൽ മാത്രം 30 കേസുകളിൽ നിന്നായി 39 പ്രതികളെയാണ് വിജിലൻസ് കോടതി ശിക്ഷിച്ചത്.


അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി ഒരേ സമയം നടത്തുന്ന എട്ട്‌ സംസ്ഥാന തല മിന്നൽ പരിശോധനകൾ 2025-ൽ വിജിലൻസ് നടത്തുകയുണ്ടായി. റവന്യു വകുപ്പിൽ ഹൈവേ വികസനത്തിലെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ പരിശോധിക്കുന്നതിനായി ‘ഓപ്പറേഷൻ അധിഗ്രഹൺ’ എന്ന പേരിലും നെൽ വയൽ-തണ്ണീർത്തടങ്ങൾ അനധികൃതമായി തരം മാറ്റുന്നതിലെ ക്രമക്കേടുകൾ പരിശോധിക്കുന്നതിനായി ‘ഓപ്പറേഷൻ ഹരിത കവചം’ എന്നീ പേരിലും എക്സൈസ് ഉദ്യോഗസ്ഥർ ബാറുകളിൽ നിന്നും കള്ള് ഷാപ്പുകളിൽ നിന്നും കൈക്കൂലി വാങ്ങുന്നതായും ക്രമക്കേടുകൾക്ക് കൂട്ടു നിൽക്കുന്നതായുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഓഫീസുകളിൽ ‘ഓപ്പറേഷൻ സേഫ് സിപ്പ്’ എന്ന പേരിലും ബാറുകളിലെ അനധികൃത മദ്യ വിൽപ്പനയും നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായി സഓപ്പറേഷൻ ബാർ കോഡ്” എന്ന പേരിൽ തിരഞ്ഞെടുത്ത ബാറുകളിലും എക്സൈസ് സർക്കിൾ ഓഫീസുകളിലും, മോട്ടോർ വാഹന വകുപ്പിൽ “ഓപ്പറേഷൻ ക്ലീൻ വീൽസ്”, രജിസ്ട്രേഷൻ വകുപ്പിൽ “ഓപ്പറേഷൻ സെക്യുർ ലാൻഡ്’ വനം വകുപ്പിൽ ‘ഓപ്പറേഷൻ വനരക്ഷ’, വിദ്യാഭ്യസ വകുപ്പിൽ ‘ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്’ എന്നീ പേരുകളിലുമാണ് വിജിലൻസ് 2025-ൽ സംസ്ഥാനതല മിന്നൽ പരിശോധനകൾ നടത്തിയിട്ടുള്ളത്.


മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ട്രാപ്പ് കേസുകളിലെ പ്രതികൾ വാങ്ങുന്ന കൈക്കൂലി തുകയിൽ വൻ വർധനവാണ് ഈ വർഷം കാണപ്പെട്ടത്. മുൻ കാലങ്ങളിൽ 500, 1000 രൂപയുടെ കൈക്കൂലി കേസുകളാണ് പിടിക്കപ്പെട്ടിരുന്നതെങ്കിൽ ഈ വർഷം ലക്ഷങ്ങളാണ് കൈക്കൂലി ഇനത്തിൽ കൈമാറവെ വിജിലൻസ് പിടിച്ചെടുത്തത്. രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ 3 കേസുകളും ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഒരു കേസും ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഒരു കേസും ഉൾപ്പെടെ 14,92,750 രൂപയാണ് വിജിലൻസ് പിടിച്ചെടുത്തത്. ഗൂഗിൾ-പേ മുഖാന്തിരം കൈക്കൂലി വാങ്ങിയ 3 ട്രാപ്പ് കേസുകളും വിജിലൻസ് ഈ വർഷം രജിസ്റ്റർ ചെയ്തു.


വിജിലൻസ് കോടതികൾ ശിക്ഷിച്ചതിന് ശേഷം മേൽകോടതികളിൽ അപ്പീൽ സമർപ്പിച്ച് ജാമ്യത്തിൽ പോകുകയും എന്നാൽ മേൽ കോടതികൾ ശിക്ഷ ശരിവച്ച ശേഷം വിജിലൻസ് കോടതിയിൽ കീഴടങ്ങാതെ ഒളിൽ കഴിഞ്ഞിരുന്ന 12 പ്രതികളെയാണ് വിജിലൻസ് ഈ വർഷം പിടികൂടി ജയിലിലടച്ചത്. സംസ്ഥാനത്ത് അഴിമതി വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി വിജിലൻസ് വകുപ്പ് ഒരാഴ്ച നീണ്ടുനിന്ന വിജിലൻസ് അവയർനെസ്സ് വീക്ക് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുകയും മറ്റുള്ള വകുപ്പുകളുടെ സഹകരണത്തോടെ നിരവധി അഴിമതി വിരുദ്ധ സന്ദേശങ്ങൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.


വിജിലൻസ് കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ ബാഹുല്യം തിരിച്ചറിഞ്ഞ് കേസുകൾ അടിയന്തരമായി തീർക്കേണ്ടതിന്റെ ആവശ്യകത ഹൈക്കോടതിയെ ബോധ്യപ്പെടുത്തുകയും, ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയും ഗവൺമെന്റും ഉചിതമായ തീരുമാനം എടുക്കുകയും അപ്രകാരം കൊല്ലം വിജിലൻസ് കോടതി നിലവിൽ വരികയും ചെയ്തു. അതോടുകൂടി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ കെട്ടിക്കിടന്ന കേസുകൾ കൊല്ലം കോടതിയിലേക്ക് മാറ്റുവാനും വിചാരണ ത്വരിതപ്പെടുത്തുവാനും കഴിഞ്ഞിട്ടുണ്ട്.


പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന് സോഷ്യൽ മീഡിയയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിലേക്ക് 2025-ൽ വിജിലൻസിന്റെ സോഷ്യൽ മീഡിയ വിഭാഗത്തെ ശക്തിപ്പെടുത്തുകയും അതുവഴി അഴിമതിയുടെ ദൂഷ്യവശങ്ങളെപ്പറ്റിയും അഴിമതി സമൂഹത്തിലുണ്ടാക്കുന്ന അപചയങ്ങളെപ്പറ്റിയുമുള്ള സന്ദേശങ്ങൾ നൽകിയത് സമൂഹത്തിൽ ജനങ്ങളെ വിജിലൻസിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home