കൈക്കൂലി വാങ്ങവേ പൊലീസ് ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടി

വരാപ്പുഴ: പാസ്പോർട്ട് വേരിഫിക്കേഷന് കൈക്കൂലി വാങ്ങവേ വരാപ്പുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എൽദോ പോളിനെ വിജിലൻസ് സംഘം പിടികൂടി.പരാതി നൽകിയ കൊങ്ങോർപ്പിള്ളി സ്വദേശിയായ ആൾ കഴിഞ്ഞ ആറിന് ഓൺലൈനിലാണ് പാസ്പോർട്ടിന് അപേക്ഷ നൽകിയത്.വ്യാഴാഴ്ച പരാതിക്കാരൻ്റെ ഫോണിലേക്ക് എൽദോ പോൾ മിസ്ഡ് കോൾ അടിച്ചപ്പോൾ തിരിച്ചുവിളിച്ചു.
വരാപ്പുഴ സ്റ്റേഷനിലെ പൊലീസുകാരനാണെന്നും പാസ്പോർട്ട് വേരിഫിക്കേഷനു വേണ്ടി വിളിച്ചതാണെന്നും വെള്ളിയാഴ്ച നേരിൽ കാണണമെന്നും പറഞ്ഞു. ഇതു പ്രകാരം വെള്ളിയാഴ്ച എൽദോ പോളിനെ നേരിട്ടു വിളിച്ചപ്പോൾ വരുമ്പോൾ 5000 രൂപ കൈക്കൂലിയായി തരണമെന്ന് പറഞ്ഞു.തുടർന്ന് പരാതിക്കാരൻ വിജിലൻസ് മധ്യമേഖല പൊലീസ് സൂപ്രണ്ടിനെ വിവരമറിയിച്ചു.വൈകീട്ട് 4.35ന് ചെട്ടിഭാഗം മാർക്കറ്റിന് സമീപത്തുവച്ച് 5000 രൂപ കൈമാറുമ്പോൾ എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിൻ്റെ നേതൃത്വത്തിലുള്ള സംഘം എൽദോ പോളിനെ പിടികൂടുകയായിരുന്നു.ഇയാളെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ശനിയാഴ്ച ഹാജരാക്കും.
'ഓപ്പറേഷൻ സ്പോട്ട് ട്രാപ്പി'ൻ്റെ ഭാഗമായി അഴിമതിക്കെതിരായ നടപടികൾ ശക്തമായി തുടരുകയാണ്. ഇത്തരം കാര്യങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ വിജിലൻസിൻ്റെ ടോൾ ഫ്രീ നമ്പറായ 1064 എന്നതിലേക്കോ,8592900900, 9447789100 നമ്പറുകളിലോ വിവരമറിയിക്കണം.










0 comments