വിജിൽ തിരോധാനം: മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി; പരിശോധന തുടരുന്നു

കോഴിക്കോട്: ആറുവർഷം മുമ്പ് കാണാതായ വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി വിജിലിന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. സരോവരത്തെ ചതുപ്പിൽ നിന്നാണ് അസ്ഥാഭാഗം കണ്ടെത്തിയത്. മൃതദേഹം ചതുപ്പിൽ കല്ലിൽകെട്ടി താഴ്ത്തിയെന്ന സൂഹൃത്തുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രദേശത്ത് പരിശോധന നടത്തിയത്. പ്രൊക്ലെയ്നർ ഉൾപ്പെടെ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അസ്ഥി കണ്ടെത്തിയത്. വിജിലിന്റെ അസ്ഥായാണോ കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
2019 മാർച്ച് 24നാണ് വിജിലിനെ കാണാതായത്. അമിത ലഹരി ഉപയോഗത്തെ തുടർന്ന് മരിച്ച വിജിലിന്റെ മൃതദേഹം സുഹൃത്തുക്കളായ നിഖിലും ദീപേഷും രഞ്ജിത്തും ചെളിയിൽ താഴ്‌ത്തുകയായിരുന്നുവെന്നാണ് മൊഴി. മൃതദേഹം കെട്ടിത്താഴ്ത്താനുപയോഗിച്ച കല്ലുകൾ രാവിലെ കണ്ടെത്തിയിരുന്നു. തുടർന്നുള്ള പരിശോധനയിൽ അസ്ഥിഭാഗവും കണ്ടെത്തി.
മൃതദേഹാവശിഷ്ടങ്ങൾക്കായി വ്യാഴവും സരോവരത്തെ ചതുപ്പിൽ തിരച്ചിൽ നടത്തിയിരുന്നു. രണ്ട് ഹിറ്റാച്ചി ഉപയോഗിച്ചാണ് 10 മീറ്റർ നീളവും മൂന്നര മീറ്റർ ആഴവുമുള്ള ചതുപ്പിൽനിന്ന് ചെളി കോരിയെടുക്കുന്നത്. കരയിലേക്ക് മാറ്റിയിടുന്ന ചെളിയിൽ മൃതദേഹാവശിഷ്ടങ്ങളുണ്ടോയെന്നാണ് പരിശോധിക്കുന്നത്. കഡാവർ നായകളെ ഉപയോഗിച്ചും തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
തിരച്ചിലിനിടെ കഴിഞ്ഞ ദിവസം കണ്ടെത്തിയ വുഡ്‌ലാൻഡ് കമ്പനിയുടെ ഷൂ ഫോറൻസിക് പരിശോധനക്കായി അയച്ചു. എത്രവർഷം പഴക്കമുള്ള ഷൂവാണെന്നതും വെള്ളത്തിൽ എത്രവർഷത്തോളം കിടന്നിട്ടുണ്ടെന്നും ഉപയോഗിക്കുന്ന ആളുടെ കാലിന്റെ അളവുമെല്ലാം ഫോറൻസിക് പരിശോധനയിലൂടെ കണ്ടെത്താനാകും. അതേസമയം, പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന അവസാനിക്കും.










0 comments