ad
Deshabhimani

തൃശൂർ ഗവ.ലോ കോളേജിലെ കെഎസ്‌യു ആക്രമണത്തിന്റെ വീഡിയോ പുറത്ത്; എസ്‌എഫ്‌ഐ പ്രവർത്തകർക്ക്‌ പരിക്ക്‌

ksu-sfi.

എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമായ ഭരതിന്റെ തലയിലേക്ക് ഇടിവളകൊണ്ട് ആക്രമിക്കുന്ന കെഎസ്യു പ്രവര്‍ത്തകര്‍, പരിക്കേറ്റ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ദേവപ്രസാദ്, ഭരത് രാജ്

വെബ് ഡെസ്ക്

Published on Jan 14, 2026, 10:21 PM | 1 min read

തൃശൂർ : ഗവ. ലോ കോളേജില്‍ എസ്എഫ്ഐ പ്രവർത്തകർക്കുനേരെ കെഎസ്‌യു ആക്രമണം. കോളേജ് യൂണിയന്‍ അംഗവും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ ദേവപ്രസാദ്, പ്രസിഡന്റ് റുവൈസ്, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ഭരത്, മിഥുൻ, വിഷ്ണു എന്നിവരെയാണ് ആക്രമിച്ചത്‌.



മാരകായുധങ്ങളുമായി ആക്രമിക്കുന്ന കെഎസ്‌യു പ്രവർത്തകർ


മാരകായുധങ്ങളുമായി നടത്തിയ ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ പ്രവര്‍ത്തകരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്‌ച പകൽ കോളേജ് കാന്പസിൽവച്ചാണ് കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ബോബൻ, ജനറൽ സെക്രട്ടറി അദ്വൈത്, കോളേജ് യൂണിയൻ ചെയർമാൻ പാർഥിവ്, ദീപക് എന്നിവരുടെ നേതൃത്വത്തിൽ ആക്രമണം അഴിച്ചുവിട്ടത്‌. ഇരുമ്പുവടി, കോൺക്രീറ്റ് കട്ട, ഇടിവള തുടങ്ങിയവയുമായി കൂട്ടമായെത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ അതിക്രൂരമായ ആക്രമണമാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയത്.


എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗം ഭരതിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയും തലയ്ക്ക്‌ ഇടിവളകൊണ്ട് ഇടിക്കുകയും ചെയ്തു. ദേവപ്രസാദിന്റെ നെഞ്ചിലും മുഖത്തുമാണ് മര്‍ദനമേറ്റത്. യൂണിയൻ തെരഞ്ഞെടുപ്പിൽ മൂട്ട് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് എസ്എഫ്ഐ സ്ഥാനാർഥി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.

അഖിലേന്ത്യാ മൂട്ട് കോംപറ്റീഷന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ കോളേജില്‍ പുരോഗമിക്കുന്നതിനിടെ പരിപാടി അലങ്കോലപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ്‌ കെഎസ്‌യു പ്രവർത്തകർ ആക്രമണം നടത്തിയത്‌.


കോളേജിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ കെഎസ്‌യു ഗുണ്ടാസംഘം നടത്തുന്ന നീക്കത്തെ വിദ്യാർഥികൾ ഒറ്റപ്പെടുത്തുമെന്ന് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കെഎസ്‌യു പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home