'വിക്‌ടോറിയ'യ്‌ക്ക് വീണ്ടും പുരസ്‌കാരം: നേട്ടം കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്‌റ്റിവലിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വനിതാസംവിധാന സഹായപദ്ധതിപ്രകാരം നിർമിച്ച ‘വിക്‌ടോറിയ’യ്‌ക്ക് വീണ്ടും പുരസ്‌കാരം. കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്‌റ്റിവലിൽ മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്‌പാക് പുരസ്‌കാരമാണ് ലഭിച്ചത്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലും വിവിധ ഇന്റർനാഷണൽ ഫെസ്‌റ്റിവലുകളിലും ചിത്രം ഇതിനകം പുരസ്‌കാരം നേടിയിട്ടുണ്ട്. ശിവരഞ്‌ജിനിയാണ് സംവിധായിക. ചിത്രം 28 ന് കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുകയാണ്.
പുരസ്‌കാരത്തിളക്കത്തോടെയാണ് ‘വിക്ടോറിയ' തിയേറ്ററിലെത്തുന്നത്. ചലച്ചിത്രവികസന കോർപറേഷന്റെ തിയേറ്ററുകളിൽ ഉൾപ്പെടെ മുപ്പതോളം കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മുഴുവനായും സ്ത്രീ കഥാപാത്രങ്ങളുള്ള ചിത്രം ബ്യൂട്ടീപാർലർ ജീവനക്കാരിയായ വിക്ടോറിയയുടെ ജീവിതത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്.
29–ാമത് കേരള രാജ്യാന്തരചലച്ചിത്രമേള(ഐഎഫ്‌എഫ്‌കെ)യിലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്കാരം നേടിയ ചിത്രം ചൈനയിലെ പ്രശസ്തമായ ഷാങ്ഹായ് ഫെസ്റ്റിവലിലേക്ക് ഇന്ത്യയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ സിനിമയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മീനാക്ഷി ജയന് ഗോൾഡൻ ഗ്ലോബറ്റ് ഏഷ്യൻ ടാലന്റ് മത്സര വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചു. സ്വതന്ത്രസിനിമ മേളകളിൽ രാജ്യത്തിനകത്തും പുറത്തും ശ്രദ്ധനേടുകയും ചെയ്‌തു.
കൊൽക്കത്ത അന്താരാഷ്‌ട്ര ഫിലിം ഫെസ്‌റ്റിവലിൽ മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്‌പാക് പുരസ്കാരം ജൂറി അംഗങ്ങളായ മുർത്താസ അലി ഖാൻ, ജിന്ന ലീ, ഗുൽബര ടുലോമുഷോവ എന്നിവരിൽനിന്ന് വിക്‌ടോറിയയുടെ സംവിധായിക ശിവരഞ്‌ജിനി ഏറ്റുവാങ്ങുന്നു
ചിത്രത്തിന്റെ തിരക്കഥ രചനക്കൊപ്പം എഡിറ്റിങ്ങും നിർവഹിച്ചത് സംവിധായിക ശിവരഞ്ജിനിയാണ്. ശ്രീഷ്മ ചന്ദ്രൻ, ജോളി ചിറയത്ത്, ദർശന വികാസ്, സ്റ്റീജ മേരി ചിറക്കൽ, ജീന രാജീവ്, രമാ ദേവി തുടങ്ങിയവരുമാണ് മറ്റ്‌പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വനിതാസംവിധായക പദ്ധതിയിൽ നിർമിക്കപ്പെട്ട അഞ്ചാമത്തെയും സംസ്ഥാന സർക്കാർ പദ്ധതിയിൽ പുറത്തിറങ്ങുന്ന എട്ടാമത്തെ ചിത്രമാണ് വിക്‌ടോറിയ.
വനിതാവിഭാഗത്തിലും എസ്‌സി/ എസ്‌ടി വിഭാഗത്തിലുമായി രണ്ടുചിത്രങ്ങളുടെ പോസ്‌റ്റ് പ്രൊഡക്‌ഷൻ പുരോഗമിക്കുകയാണ്. മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. തുടർന്ന് മറ്റ് മൂന്നുപേർക്കൂടി സിനിമ നിർമിക്കാൻ തുക അനുവദിക്കും. ഓരോ പദ്ധതിക്കും ഒന്നരക്കോടി രൂപവീതമാണ് സംസ്ഥാനസർക്കാർ നൽകുന്നത്.









0 comments