അതിജീവിതയുടെ രഹസ്യമൊഴി നെയ്യാറ്റിൻകര കോടതിയിൽ രേഖപ്പെടുത്തുന്നു

രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ലൈംഗികചൂഷണവും നിർബന്ധിത ഗർഭഛിദ്രവും നടത്തിയതിന് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിത്തുടങ്ങി. നെയ്യാറ്റിൻകര സിജെഎം കോടതിയിൽ വനിതാ മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തുന്നത്. പൊലീസിനൊപ്പമാണ് യുവതി കോടതിയിലെത്തിയത്.
വ്യാഴം വൈകിട്ടാണ് അതിജീവിത കുടുംബത്തോടൊപ്പം സെക്രട്ടറിയറ്റിലെത്തി ഡിജിറ്റൽ തെളിവുകളും മെഡിക്കൽ രേഖകളും ഉൾപ്പെടെയുള്ള പരാതിയുമായി മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചത്. തുടർന്ന് മുഖ്യമന്ത്രി പരാതി ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന് കൈമാറി. പിന്നാലെ തിരുവനന്തപുരം റൂറൽ എസ്പി കെ എസ് സുദർശൻ അതിജീവിതയുടെ മൊഴിയെടുത്തു. പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഒന്നാം പ്രതിയാക്കി വലിയമല പൊലീസാണ് കേസെടുത്തത്. നേമം പൊലീസിന് കേസ് കൈമാറി. ഗർഭഛിദ്രത്തിന് ഗുളിക എത്തിച്ച മാങ്കൂട്ടത്തിലിന്റെ സുഹൃത്തും യൂത്ത് കോൺഗ്രസ് നേതാവുമായ ജോബി ജോസഫ് രണ്ടാംപ്രതിയാണ്.
ലൈംഗികപീഡനത്തിനും നിർബന്ധിത ഗർഭഛിദ്രത്തിനും ഇരയാക്കിയെന്ന പരാതിയിൽ ബിഎന്‍എസ് 64 (2) (എഫ്), 64 (2) (എച്ച്), 64 (2) (എം), 89, 115 (2), 351 (3), 3 (5) വകുപ്പുകളും ഐടി നിയമത്തിലെ 66 (ഇ) അടക്കമുള്ള വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.
പരാതിക്ക് പിന്നാലെ ഒളിവിൽപോയ മാങ്കൂട്ടത്തിലിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.








0 comments