മൂന്നാം ലോക രാഷ്ട്രങ്ങളിൽ നിന്നുള്ള കുടിയേറ്റ അനുമതി പൂർണ്ണമായും തടയുമെന്ന് ട്രംപ്

വാഷിങ്ടണ്‍: മൂന്നാം ലോക രാഷ്ട്രങ്ങളിൽ നിന്നുള്ളവർക്കുള്ള കുടിയേറ്റ അനുമതി സ്ഥിരമായി നിർത്തലാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. പൗരന്മാരല്ലാത്തവർക്കുള്ള എല്ലാ ഫെഡറല്‍ ആനുകൂല്യങ്ങളും സബ്സിഡികളും അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.
സുരക്ഷാ ഭീഷണിയാത്തീരുന്ന എല്ലാം കുടിയേറ്റക്കാരുടെയും പൗരത്വം റദ്ദാക്കും. പാശ്ചാത്യ സംസ്‌കാരവുമായി പൊരുത്തപ്പെടാത്ത ഏതൊരു വിദേശ പൗരനെയും നാടുകടത്തുമെന്നും കൂട്ടിച്ചേർത്തു.
“ഉറക്കംതൂങ്ങിയായ ജോ ബൈഡന്റെ ദശലക്ഷക്കണക്കിന് നിയമവിരുദ്ധമായ പ്രവേശനങ്ങളെല്ലാം അവസാനിപ്പിക്കും. അമേരിക്കയ്ക്ക് മുതൽക്കൂട്ടാവാത്തവരെയും നമ്മുടെ രാജ്യത്തെ സ്‌നേഹിക്കാന്‍ കഴിവില്ലാത്തവരെയോ നീക്കം ചെയ്യും” 2021 ൽ താലിബാൻ അധികാരത്തിലെത്തിയതോടെ പ്രത്യേക വിമാനത്തിൽ അമേരിക്കയിലെത്തിച്ചവരുടെ ചിത്രവും ട്രംപ് പ്രദർശിപ്പിച്ചു.

അഫ്ഗാൻ പൗരനായ 29 വയസ്സുള്ള റഹ്മാനുള്ള ലകൻവാൾ എന്ന യുവാവ് യുഎസ് ആർമി സ്‌പെഷ്യലിസ്റ്റ് ആയ 20 കാരി സാറാ ബെക്‌സ്ട്രോമിനെയും 24 കാരിയായ യുഎസ് എയർഫോഴ്‌സ് സ്റ്റാഫ് സർജന്റ് ആൻഡ്രൂ വോൾഫിനെയും വെടിവച്ചുകൊന്നതിന് പിന്നാലെയാണ് മൂന്നാം ലോക കുടിയേറ്റത്തിനെതിരെ പ്രതികാര വാക്യങ്ങളമായി ട്രംപ് ട്രൂത്ത് പ്ലാറ്റ്ഫോമിൽ രംഗത്തെത്തിയത്.
" ആശങ്കാകരമായ രാജ്യങ്ങളിൽ നിന്നുള്ള” കുടിയേറ്റക്കാർക്ക് നൽകുന്ന എല്ലാ ഗ്രീൻ കാർഡുകളുടെയും കർശനമായ പുനഃപരിശോധനയ്ക്കും ആഹ്വാനം ചെയ്തു.
സെൻസസ് പ്രകാരം അമേരിക്കയിലെ ഔദ്യോഗിക വിദേശ ജനസംഖ്യ 53 ദശലക്ഷമാണ്. അവരില്‍ ഭൂരിഭാഗവും ജയിലുകൾ, മാനസികാരോഗ്യ സ്ഥാപനങ്ങള്‍, ഗുണ്ടാസംഘങ്ങൾ, മയക്കുമരുന്ന് സംഘങ്ങള്‍ എന്നിവയിൽ നിന്നുള്ളവർ ആണെന്നും ട്രംപ് പറയുന്നു.
"റിവേഴ്സ് മൈഗ്രേഷന് മാത്രമേ ഈ സാഹചര്യം പൂർണ്ണമായും പരിഹരിക്കാൻ കഴിയൂ. അതല്ലാതെ, അമേരിക്ക നിലകൊള്ളുന്നതെല്ലാം വെറുക്കുകയും മോഷ്ടിക്കുകയും കൊല്ലുകയും നശിപ്പിക്കുകയും ചെയ്യുന്നവർ - നിങ്ങൾ ഇവിടെ അധികകാലം ഉണ്ടാകില്ല!" എന്നുമായിരുന്നു വാക്കുകൾ.
ഗ്രീന്‍ കാർഡുള്ള 30,000 ഡോളർ സമ്പാദിക്കുന്ന ഒരു കുടിയേറ്റക്കാരന് കുടുംബത്തിനായി ഏകദേശം 50,000 ഡോളറിന്റെ വാർഷിക ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നുണ്ട്. യഥാർത്ഥ കുടിയേറ്റ ജനസംഖ്യ ഇതിലും വളരെ കൂടുതലാണ്. അഭയാർത്ഥി ഭാരമാണ് അമേരിക്കയിലെ സാമൂഹിക തകർച്ചയുടെ പ്രധാന കാരണമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
പ്രസിഡന്റ് ട്രംപിന്റെ നിർദ്ദേശപ്രകാരം, "എല്ലാ ആശങ്കാജനകമായ രാജ്യങ്ങളിൽ നിന്നുമുള്ള വിദേശികളുടെയും ഓരോ ഗ്രീൻ കാർഡും കർശനമായി പുനഃപരിശോധിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന്" യുഎസ് പൗരത്വ, കുടിയേറ്റ സേവന (യുഎസ്‌സിഐഎസ്) ഡയറക്ടർ ജോസഫ് എഡ്‌ലോ പറഞ്ഞു. പരിശോധന പ്രഖ്യാപിച്ചതിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത് 19 രാജ്യങ്ങളാണ്. അഫ്ഗാനിസ്താന്‍, ബര്‍മ്മ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍, ബറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്താന്‍, വെനസ്വേല എന്നിവയാണ് ലിസ്റ്റിലുള്ളത്.








0 comments