ലോകം ചുറ്റി തിരികെയെത്തി; വിക്ടോറിയയുടെ കേരള റിലീസ് ഏറ്റെടുത്ത് സിനിമാലോകം

സംസ്ഥാന സർക്കാരിന്റെ വനിതാസംവിധാന സഹായപദ്ധതിപ്രകാരം നിർമിച്ച ‘വിക്‌ടോറിയ’ വിവിധ രാജ്യങ്ങളിലെ മേളകളിൽ പ്രദർശിപ്പിച്ച ശേഷം കേരളത്തിലെ തീയറ്ററുകളിൽ എത്തി.

കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്‌റ്റിവലിൽ മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്‌പാക് പുരസ്‌കാരമാണ് ഒടുവിൽ ലഭിച്ചത്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലും വിവിധ ഇന്റർനാഷണൽ ഫെസ്‌റ്റിവലുകളിലും ചിത്രം ഇതിനകം പുരസ്‌കാരം നേടിയിട്ടുണ്ട്. ശിവരഞ്‌ജിനിയാണ് സംവിധായിക.
ചലച്ചിത്രവികസന കോർപറേഷന്റെ തിയേറ്ററുകളിൽ ഉൾപ്പെടെ മുപ്പതോളം കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. മുഴുവനായും സ്ത്രീ കഥാപാത്രങ്ങളുള്ള ചിത്രം ബ്യൂട്ടീപാർലർ ജീവനക്കാരിയായ വിക്ടോറിയയുടെ ജീവിതത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്.

29–ാമത് കേരള രാജ്യാന്തരചലച്ചിത്രമേള(ഐഎഫ്‌എഫ്‌കെ)യിലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്കാരം നേടിയ ചിത്രം ചൈനയിലെ പ്രശസ്തമായ ഷാങ്ഹായ് ഫെസ്റ്റിവലിലേക്ക് ഇന്ത്യയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ സിനിമയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മീനാക്ഷി ജയന് ഗോൾഡൻ ഗ്ലോബറ്റ് ഏഷ്യൻ ടാലന്റ് മത്സര വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചു. സ്വതന്ത്രസിനിമ മേളകളിൽ രാജ്യത്തിനകത്തും പുറത്തും ശ്രദ്ധനേടുകയും ചെയ്‌തു.








0 comments