സുധാകരനെന്താ അധികാരം? ഓരോ കാലത്തും ഓരോന്ന് പറയുമെന്ന് ഉണ്ണിത്താൻ; മാങ്കൂട്ടത്തിലിനെ ന്യായീകരിച്ചതിൽ രൂക്ഷവിമർശനം

രാജ്മോഹൻ ഉണ്ണിത്താൻ, കെ സുധാകരൻ
കാസർകോട്: ലൈംഗികപീഡനത്തിനും നിർബന്ധിച്ച ഗർഭഛിദ്രത്തിനും കേസ് നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ന്യായീകരിച്ച മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ മുതിർന്നനേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഓരോ കാലത്തും ഓരോന്ന് മാറിമാറി പറയുന്നയാളാണ് സുധാകരനെന്ന് ഉണ്ണിത്താൻ പറഞ്ഞു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് അദ്ദേഹത്തെ ഹൈക്കമാൻഡ് മാറ്റിയത് എന്തുകൊണ്ടാണെന്ന് മനസിലായല്ലോ എന്നും ഉണ്ണിത്താൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
മാങ്കൂട്ടത്തിലിനെതിരെ നടപടി എടുത്തത് സുധാകരനോടും ആലോചിച്ചാണ്. അദ്ദേഹം പിന്നീട് എന്ത് അന്വേഷിച്ചെന്നാണ് പറയുന്നത്. എന്ത് അന്വേഷണമാണത്? അന്വേഷിക്കാൻ അദ്ദേഹത്തിനെന്താ അധികാരം? ഇനിയല്ലേ അന്വേഷണം ആരംഭിക്കുന്നത്. അന്വേഷണത്തിന്റെ ഫലത്തെക്കുറിച്ചല്ല ചിന്തിക്കേണ്ടത്, പാർടിയെക്കുറിച്ചാണ്. കോൺഗ്രസിന്റെ മൂല്യബോധം തകർക്കാനും പ്രതിച്ഛായക്ക് ഭംഗംവരുത്താനുമാണ് മാങ്കൂട്ടത്തിൽ ശ്രമിച്ചത്. അതിനെ ആര് ന്യായീകരിച്ചാലും അവരോടൊപ്പം നിൽക്കാനാകില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.








0 comments