മൂന്നാറിൽ വിനോദ സഞ്ചാരികൾ സ്കൈ ഡൈനിങ്ങിൽ കുടുങ്ങി

ഇടുക്കി: ഇടുക്കിയിൽ മൂന്നാറിന് സമീപം സ്കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങി. ഇടുക്കി ആനച്ചാലിലെ സ്വകാര്യ സ്കൈ ഡൈനിങ്ങിലാണ് സംഭവം. രണ്ട് മണിക്കൂറോളമായി വിനോദ സഞ്ചാരികളും ജീവനക്കാരും കുടുങ്ങി കിടക്കുകയാണ്. ക്രെയിനിൻ്റെ സാങ്കേതിക തകരാറാണ് കാരണമെന്ന് അധികൃതർ പറയുന്നു. ഇവരെ താഴെ ഇറക്കാനുള്ള നടപടികൾ തുടങ്ങി.
സഞ്ചാരികളും ജീവനക്കാരുമുൾപ്പെടെ 8 പേരാണ് സ്കൈ ഡൈനിങ്ങിലുള്ളതെന്നാണ് ഔദ്യോഗിക വിശദീകരണം. ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി അഡ്വൈഞ്ചർ ടൂറിസത്തിൻ്റെ ഭാഗമായി അടുത്തിടെ തുടങ്ങിയതാണ് ഇത്.
ഇടുക്കി ആനച്ചാലിൽ ഈയടുത്തായി തുടങ്ങിയ പദ്ധതിയാണ്. 120 അടി ഉയരത്തിലാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവിടുക. ഒരേസമയം 15 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്. ആകാശക്കാഴ്ച്ച ആസ്വദിക്കാനുള്ള സൗകര്യത്തോടെയാണ് പദ്ധതി. ഇത് ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതാണ് രീതി.
എന്നാൽ ക്രെയിനിൻ്റെ സാങ്കേതിക തകരാർ മൂലം ക്രെയിൻ താഴ്ത്താൻ പറ്റിയില്ല. ഇവരെ വടംവെച്ച് പുറത്തെത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതേസമയം, അടിമാലിയിൽ നിന്നും മൂന്നാറിൽ നിന്നും ഫയർഫോഴ്സ് സംഘം രക്ഷാദൗത്യത്തിനായി പുറപ്പെട്ടിട്ടുണ്ട്. റോപ്പും സീറ്റ് ബെൽറ്റും ഉൾപ്പെടെയുള്ള സുരക്ഷാ സൗകര്യങ്ങൾ ഉള്ളതിനാൽ അപകടത്തിനുള്ള സാധ്യതയില്ലെന്നാണ് അധികൃതർ പറയുന്നത്.








0 comments