മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെടാൻ 'പേടി', ഉരുണ്ടുകളിച്ച് കോൺഗ്രസ്; അതിജീവിതയ്ക്കുനേരെ അധിക്ഷേപവും

രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ലൈംഗികപീഡനവും നിർബന്ധിത ഗർഭഛിദ്രവും നടത്തിയെന്ന യുവതിയുടെ പരാതിയിൽ കേസ് നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി എടുക്കാൻ മടിച്ച് കോൺഗ്രസ്. മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ നടപടി വേണ്ടെന്നാണ് നേതൃതലത്തിലെ തീരുമാനം. എംഎൽഎ സ്ഥാനം രാജിവെക്കാനും ആവശ്യപ്പെടില്ല.
ആരോപണങ്ങൾ ഉയർന്നഘട്ടത്തിൽതന്നെ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്തിരുന്നു എന്ന ന്യായീകരണമാണ് നേതാക്കൾ ഉയർത്തുന്നത്. എന്നാൽ സസ്പെൻഷന് ശേഷവും നേതൃത്വത്തിന്റെ സംരക്ഷണയിലാണ് മാങ്കൂട്ടത്തിൽ പുറത്തിറങ്ങിയത്. മണ്ഡലമായ പാലക്കാട് വിവിധ പരിപാടികളിൽ യുഡിഎഫ് നേതാക്കൾ ക്ഷണിക്കുകയും ചെയ്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേതാക്കൾക്കായി സജീവപ്രചാരണത്തിനും മാങ്കൂട്ടത്തിൽ ഇറങ്ങി. തന്നോട് പ്രചാരണത്തിന് ഇറങ്ങേണ്ടെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് മാങ്കൂട്ടത്തിൽ സ്ഥിരീകരിക്കുകയും ചെയ്തു.
മാങ്കൂട്ടത്തിലിനെ ന്യായീകരിച്ചും അതീജീവിതയെ അധിക്ഷേപിച്ചുമാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പ്രതികരിച്ചത്. മാങ്കൂട്ടത്തിലിനെതിരെയുള്ളത് സിപിഐ എം ഉണ്ടാക്കിയ കെണിയാണെന്നും, അതിജീവിത സിപിഐ എമ്മിന് കിട്ടിയ ഇരയാണെന്നുമായിരുന്നു അടൂർ പ്രകാശിന്റെ ആക്ഷേപം. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങിയെന്ന് എം എം ഹസനും ആരോപിച്ചു. ഇത്രയുംനാൾ പരാതിക്കാരി ഒളിവിലായിരുന്നോ എന്നായിരുന്നു പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്റെ പരിഹാസം. ഇതിനിടെ സോഷ്യൽമീഡിയയിലൂടെ മാങ്കൂട്ടത്തിലിന്റെ കീഴിലുള്ള സൈബർസംഘം യുവതിക്കെതിരെ അധിക്ഷേപപ്രചാരണം നടത്തുകയും ചെയ്യുന്നുണ്ട്.
മുതിർന്ന നേതാവ് രാജ്മോഹൻ ഉണ്ണിത്താനാണ് മാങ്കൂട്ടത്തിലിനെതിരെ രൂക്ഷവിമർശനമുന്നയിച്ച ഏകനേതാവ്. കേരളത്തിലെ മുഴുവൻ കോൺഗ്രസ് നേതാക്കളേക്കാൾ ജനകീയ സ്വാധീനം തനിക്കാണെന്ന് വരുത്തിത്തീർക്കാൻ മാങ്കൂട്ടത്തിൽ ഹീനമായ മാർഗങ്ങളുപയോഗിച്ച് പിആർ വർക് നടത്തിയെന്ന് ഉണ്ണിത്താൻ പറഞ്ഞു. ഒളിഞ്ഞും തെളിഞ്ഞും കോൺഗ്രസിൽനിന്ന് മാങ്കൂട്ടത്തിലിനെ സംരക്ഷിച്ചവർ എല്ലാം നിലപാട് മാറ്റിചിന്തിക്കണം. ഇത്തരം വ്യക്തികളെ ഒരിക്കലും ന്യായീകരിക്കാൻ ആരും തയ്യാറാകരുത്. നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും. പശ്ചാത്തപിക്കുകയും പ്രായശ്ചിത്തം ചെയ്യുകയും ചെയ്യേണ്ടത് മാങ്കൂട്ടത്തിലാണ്. ധാർമികമൂല്യങ്ങളെ മാനിക്കുന്ന ആർക്കും അയാൾ ചെയ്ത പ്രവർത്തിയോട് ഒരിക്കലും യോജിക്കാനാകില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.
ഉന്നതനേതാക്കളുടെ രഹസ്യവിവരങ്ങൾ മാങ്കൂട്ടത്തിലിന്റെ പക്കലുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇത് പേടിച്ചാണ് കർശന നടപടിക്ക് മടിക്കുന്നതെന്നാണ് സൂചന. ആരോപണം ഉയര്‍ന്നഘട്ടത്തില്‍ മാങ്കൂട്ടത്തിലിനെ വിമര്‍ശിച്ച വനിതകള്‍ അടിക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രൂക്ഷമായ സൈബര്‍ ആക്രമണം നേരിടേണ്ടിവന്നിരുന്നു.








0 comments