സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റ്; കേരളത്തിന് റെയിൽവേസിനോട് 32 റൺസിൻ്റെ തോൽവി

മൂന്ന് വിക്കറ്റ് നേടിയ കെ എം അസിഫ്
ലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20 ടൂർണമെൻ്റിൽ കേരളത്തിന് തോൽവി. റെയിൽവേസ് 32 റൺസിനാണ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത റെയിൽവേസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് മാത്രമാണ് നേടാനായത്.
ടോസ് നേടിയ കേരളം റെയിൽവേസിനെ ആദ്യം ബാറ്റ് ചെയ്യാനയക്കുകയായിരുന്നു. ഓപ്പണർമാരായ ശിവം ചൗധരിയും അക്ഷത് പാണ്ഡെയും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. എന്നാൽ ഇരുവരെയും ഷറഫുദ്ദീൻ പുറത്താക്കി. ശിവം ചൗധരി- 24, അക്ഷത് പാണ്ഡെ പത്തും റൺസ് നേടി. മധ്യനിരയിൽ രവി സിങ്ങിൻ്റെയും നവനീത് വിർക്കിൻ്റെയും പ്രകടനമാണ് റെയിൽവേസിൻ്റെ സ്കോർ 149ൽ എത്തിച്ചത്. നവനീത് -32, രവി സിങ്- 25 റൺസെടുത്തു. ഇരുവരുടേതുമുൾപ്പടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ കെ എം ആസിഫിൻ്റെ പ്രകടനമാണ് കേരള ബൗളിങ് നിരയിൽ ശ്രദ്ധേയമായത്. അഖിൽ സ്കറിയയും ഷറഫുദ്ദീനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിൻ്റെ ബാറ്റിങ് നിരയ്ക്ക് ഒരു ഘട്ടത്തിലും അവസരത്തിനൊത്ത് ഉയരാനായില്ല. ബാറ്റിങ് നിര ഒന്നാകെ തകർത്തടിഞ്ഞത് കേരളത്തിന് തിരിച്ചടിയായി. 19 റൺസെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസനാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. ഇടയ്ക്ക് അഖിൽ സ്കറിയയും സൽമാൻ നിസാറും ചേർന്നുള്ള കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നൽകി. എന്നാൽ അതും ഏറെ നീണ്ടു നിന്നില്ല. സൽമാൻ നിസാർ -18, അഖിൽ സ്കറിയ- 16, അഹ്മദ് ഇമ്രാൻ -12 റൺസും നേടി. മറ്റുള്ളവർ രണ്ടക്കം കാണാതെ മടങ്ങിയപ്പോൾ അങ്കിത് ശർമ്മ 15 റൺസുമായി പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അടൽ ബിഹാരി റായ് ആണ് റെയിൽവേസ് ബൗളിങ് നിരയിൽ തിളങ്ങിയത്. ശിവം ചൗധരി രണ്ട് വിക്കറ്റ് വീഴ്ത്തി.








0 comments