print edition ഇഷ്‌ടക്കാർക്കായി നിയമനം അട്ടിമറിച്ചു: വിഎച്ച്‌എസ്‌ഇ തലപ്പത്ത് ഹയർ സെക്കൻഡറി വിഭാഗക്കാർ


ബിജോ ടോമി
Published on Jul 26, 2026, 12:01 AM | 1 min read
തിരുവനന്തപുരം : വൊക്കേഷണൽ ഹയർ സെക്കൻഡറി (വിഎച്ച്‌എസ്‌ഇ) വിഭാഗത്തിൽ, മേഖലയുമായി ബന്ധമില്ലാത്തവരെ ഡെപ്യൂട്ടേഷൻവഴി നിയമിച്ച് സർക്കാർ. ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർമാർ തസ്‌തികകളിലാണ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരെ നിയമിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയത്. വിഎച്ച്‌എസ്‌ഇ അധ്യാപകരുടെ പ്രമോഷൻ അവസരങ്ങൾ അട്ടിമറിച്ചാണ് നിയമനം. വിഎച്ച്‌എസ്‌ഇ ഡെപ്യൂട്ടി ഡയറക്‌ടർ (ജനറൽ) തസ്‌തികയിൽ വയനാട് വടുവാൻചാൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ കെ വി മനോജിനെയാണ് നിയമിച്ചത്.
വിഎച്ച്‌എസ്‌ഇ കൊല്ലം, കുറ്റിപ്പുറം, വടകര റീജണൽ ഓഫീസുകളിൽ അസിസ്റ്റന്റ് ഡയറക്‌ടർ തസ്‌തികകളിൽ മലപ്പുറം, വയനാട് ജില്ലകളിൽനിന്നുള്ള ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരെയും നിയമിച്ചു. വിവിധ മേഖലകളിലായി തൊഴിലധിഷ്‌ഠിത കോഴ്‌സുകളാണ് വിഎച്ച്‌എസ്‌ഇ സ്‌കൂളുകളിൽ പഠിപ്പിക്കുന്നത്. അധ്യാപനവും കോഴ്‌സുകളുടെ ഘടനയും മറ്റ് സ്‌കൂളുകളിൽനിന്ന് വ്യത്യസ്‌തമാണ്. സാധാരണഗതിയിൽ അഞ്ച് വർഷം അസിസ്റ്റന്റ് ഡയറക്ടർ തസ്‌തികയിൽ ഇരുന്നവരെയാണ് ഡെപ്യൂട്ടി ഡയറക്‌ടറായി നിയമിക്കുന്നത്.
അധ്യാപകരുടെ പ്രൊമോഷണൽ പോസ്റ്റായ ടെക്‌നിക്കൽ ഓഫീസർ, റിസർച്ച് അസിസ്റ്റന്റ് തസ്‌തികയിൽനിന്നാണ് അസിസ്റ്റന്റ് ഡയറക്‌ടർ നിയമനം നടത്തേണ്ടത്. ലീഗ് അധ്യാപക സംഘടനാ നേതാക്കൾക്കുവേണ്ടിയാണ് സ്ഥാനക്കയറ്റ സാധ്യതകൾ കുറവുള്ള വിഎച്ച്‌എസ്‌ഇയിൽ നിലനിൽക്കുന്ന ഒഴിവുകൾപോലും രാഷ്ട്രീയവൽക്കരിച്ചതെന്ന് ആരോപണമുണ്ട്. വിഎച്ച്‌എസ്‌ഇയിലെ ഒരു തസ്‌തികയിലും പരിഗണന ലഭിക്കാത്തതിൽ കോൺഗ്രസ് അനുകൂല അധ്യാപക സംഘടനക്ക് അമർഷമുണ്ട്. ലീഗ് നേതാവിന്റെ ബന്ധുവിനാണ് എസ്‌സിആർടി ഡയറക്‌ടറായി നിയമനം നൽകിയത്. എസ്‌എസ്‌കെ, എസ്‌ഐഇടി, സീമാറ്റ് ഡയറക്‌ടർ തസ്‌തികകളിലെ നിയമനവും യോഗ്യതകൾ അട്ടിമറിച്ചതിന്റെ പേരിൽ വിവാദത്തിലായിരുന്നു.









0 comments