വെട്ടുകാട് തിരുനാളിന് ഇന്ന് കൊടിയേറും; പത്ത് ദിവസം ഗതാഗത നിയന്ത്രണം, കെഎസ്ആർടിസിയുടെ പ്രത്യേക ബസ് സർവീസുകൾ

തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിന് ഇന്ന് തുടക്കമാകും. പത്ത് ദിവസം നീളുന്ന തിരുനാളിനോടനുബന്ധിച്ച് നഗരത്തിൽ വിപുലമായ സുരക്ഷാ-ഗതാഗത ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നവംബർ 13 മുതൽ 22 വരെ ശംഖുമുഖം-കണ്ണാന്തുറ-കൊച്ചുവേളി റോഡിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊലീസ് അറിയിച്ചു.
തിരുനാൾ പ്രദക്ഷിണം കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ശംഖുമുഖം-കൊച്ചുവേളി റോഡ്, വെട്ടുകാട് സെന്റ് സെബാസ്റ്റ്യൻ ചർച്ച് റോഡ്, ബാലനഗർ റോഡ്, വെട്ടുകാട് എൽ.പി സ്കൂൾ റോഡ് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും.
കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ
തിരുനാളിന് എത്തുന്ന വിശ്വാസികളുടെ യാത്രാസൗകര്യത്തിനായി നഗരത്തിലെ വിവിധ കെഎസ്ആർടിസി ഡിപ്പോകളിൽനിന്ന് പ്രത്യേക ബസ് സർവീസുകൾ നടത്തും. ഈസ്റ്റ് ഫോർട്ട്, തമ്പാനൂർ എന്നിവിടങ്ങളിൽനിന്ന് വെട്ടുകാട്ടിലേക്ക് പത്ത് അധിക സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. നോർത്ത് (കൊച്ചുവേളി), പേട്ട റെയിൽവേ സ്റ്റേഷനുകളിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തീർഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ഏഴ് കേന്ദ്രങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ട്.
ഇന്ന് തിരുനാൾ ചടങ്ങുകൾക്ക് തുടക്കം
വെള്ളിയാഴ്ച വൈകിട്ട് 4.30ന് നടക്കുന്ന പൊന്തിഫിക്കൽ വിശുദ്ധ കുർബാനയോടെയാണ് തിരുനാൾ ചടങ്ങുകൾക്ക് തുടക്കമാകുന്നത്. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് റവ. ക്രിസ്തുദാസ് ആർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. തിരുസ്വരൂപം വഹിച്ചുള്ള വർണാഭമായ പ്രദക്ഷിണവും ഇന്ന് നടക്കും. ഇടവക നിർമിച്ചുനൽകുന്ന ആറ് വീടുകളുടെ താക്കോൽ അർഹരായ കുടുംബങ്ങൾക്ക് കൈമാറും. രാത്രി ഒൻപതിന് സാമൂഹിക നാടകവും അരങ്ങേറും.
നവംബർ 21ന് വൈകിട്ട് 6.30ന് ക്രിസ്തുരാജ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം നടക്കും. 22ന് രാവിലെ 11.30ന് വെട്ടുകാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ തീർഥാടകർക്ക് സ്നേഹവിരുന്ന് ഒരുക്കും. വൈകിട്ട് 4.30ന് പുഷ്പവൃഷ്ടിയും 5.30ന് സമൂഹ ദിവ്യബലിയും നടക്കും. നവംബർ 27നാണ് ഉത്സവം കൊടിയിറങ്ങുക.
60 സിസിടിവി ക്യാമറകൾ; സുരക്ഷ ശക്തം
തിരുനാളിനോടനുബന്ധിച്ച് പള്ളിയുടെയും പരിസരങ്ങളുടെയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണത്തിനായി 60 സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ തീർഥാടകർക്ക് സൗജന്യ കുടിവെള്ള വിതരണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലുകളിലും ഭക്ഷണശാലകളിലും പരിശോധന നടത്തും. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രാത്രി 11ന് ശേഷം ബീച്ചിലേക്ക് പ്രവേശനം അനുവദിക്കില്ല.
നെയ്യാറ്റിൻകര താലൂക്കിൽ പ്രാദേശിക അവധി
തിരുനാളിനോടനുബന്ധിച്ച് നെയ്യാറ്റിൻകര താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, നേരത്തേ നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ടിരുന്നതും നിലവിൽ കാട്ടാക്കട താലൂക്കിന്റെ ഭാഗമായതുമായ അമ്പൂരി, വാഴിച്ചൽ, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറൂർ, കുളത്തുമ്മൽ, മാറനല്ലൂർ, മലയിൻകീഴ്, വിളവൂർക്കൽ, വിളപ്പിൽ വില്ലേജുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമാണ്.








0 comments