ad
Deshabhimani

സമരേതിഹാസം മാഞ്ഞു; വി എസ് അന്തരിച്ചു

V S ACHUTHANANDAN

വി എസ് അച്യുതാന്ദൻ

വെബ് ഡെസ്ക്

Published on Jul 21, 2025, 04:11 PM | 2 min read

തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ എം നേതാവും മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്യുതാന്ദൻ (102) അന്തരിച്ചു. വി എസ്‌ എന്ന രണ്ടക്ഷരത്തിലൂടെ മലയാളിയുടെ മനസിൽ വിപ്ലവ വെളിച്ചമായി പതിഞ്ഞ ജനകീയ നേതാവ് ഇനി ഓർമകളിലെ ജ്വലിക്കുന്ന പ്രചോദനമാവും. ദേഹാസ്വാസ്ഥ്യത്തെതുടർന്ന്‌ കഴിഞ്ഞമാസം 23നാണ് തിരുവനന്തപുരം എസ്‍യുടി ആശുപത്രിയിൽ‌ വി എസിനെ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 3.20 ഓടെയാണ് മരണം.


വൈകിട്ട് എകെജി പഠന ​ഗവേഷണ കേന്ദ്രത്തിൽ പൊതു ദർശനം ഉണ്ടാകും. രാത്രിയിൽ പൊതുദർശനം അനുവദിക്കും. രാത്രിയോടുകൂടി വീട്ടിലെത്തിക്കും. ചൊവ്വ രാവിലെ 9 മണിക്ക് ദർബാർ ഹാളിൽ പൊതുദർശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് പോകും. ബുധൻ രാവിലെ പാർടി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിലാണ് സംസ്കാരം


നൂറ്റിരണ്ട് വയസ് പിന്നിട്ട വി എസ് പക്ഷാഘാതം ബാധിച്ചതിനെ തുടർന്ന്‌ ഏറെ നാളായി തിരുവനന്തപുരത്ത്‌ മകന്റെ വസതിയായ ‘വേലിക്കകത്ത്‌’ വീട്ടിൽ ചികിത്സയിലായിരുന്നു. പ്രായാധിക്യത്തെ തുടർന്ന് പൂർണവിശ്രമത്തിലായിരുന്നു അദ്ദേഹം. ഭാര്യ:കെ വസുമതി. മക്കൾ: വി എ അരുൺകുമാർ, ഡോ. വി ആശ. മരുമക്കൾ: രജനി ബാലചന്ദ്രൻ, ഡോ. തങ്കരാജ്‌.


ഒരു തവണ കേരള മുഖ്യമന്ത്രിയും മൂന്ന്‌ തവണ പ്രതിപക്ഷ നേതാവുമായിരുന്നു. ഏഴു തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2006-11 കാലത്താണ്‌ കേരള മുഖ്യമന്ത്രി പദത്തിലെത്തുന്നത്. നിരവധി ജനകീയ പോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകിയ അദ്ദേഹം 1980 മുതൽ 1991 വരെ സിപിഐ എം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. നിലവിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവാണ്.


1923 ഒക്‌ടോബർ 20ന്‌ ആലപ്പുഴ ജില്ലയിലെ പുന്നപ്ര വെന്തലത്തറ വീട്ടിൽ അയ്യൻ ശങ്കരന്റെയും അക്കമ്മ എന്ന കാർത്ത്യായനിയുടെയും രണ്ടാമത്തെ മകനായാണ്‌ വി എസ്‌ അച്യുതാന്ദൻ ജനിച്ചത്‌. പുന്നപ്ര പറവൂർ ഗവ. സ്‌കൂളിലും കളർകോട്‌ സ്‌കൂളിലുമായിരുന്നു വിദ്യാഭ്യാസം. ദാരിദ്ര്യവും ദുരിതവും നിറഞ്ഞതായിരുന്നു വി എസിന്റെ ബാല്യകാലം.


നന്നേ ചെറുപ്പത്തില്‍, നാലാം വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ടു. വസൂരി ബാധിച്ചതിനെ തുടര്‍ന്നായിരുന്നു അമ്മയുടെ മരണം. ഏഴാം ക്ലാസിൽ പഠിക്കവെ അച്ഛനും മരിച്ചു. അതോടെ പഠനം നിർത്തി ജ്യേഷ്‌ഠന്റെ തുണിക്കടയിൽ സഹായിയായി. പിന്നീട്‌ ആലപ്പുഴ ആസ്‌പിൻ വാൾ കയർ കമ്പനിയിൽ തൊഴിലാളിയായി. മൂന്നുകൊല്ലം അവിടെ പണിയെടുത്തു.


17-ാം വയസ്സിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകുന്നത്. വി എസിലെ സംഘടനാപാടവം കണ്ടെത്തി, കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ക്കിടയിലേക്ക് പാര്‍ടി വളര്‍ത്താൻ വി എസിന് പ്രചോദനം നൽകിയത് പി കൃഷ്ണപിള്ളയായിരുന്നു. പുന്നപ്ര വയലാര്‍ സമരകാലത്തും പിന്നീട് അടിയന്തരാവസ്ഥക്കാലത്തും അറസ്റ്റിലാവുകയും പൊലീസിന്റെ ക്രൂരപീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു.


1943ൽ കോഴിക്കോട്ട്‌ നടന്ന കമ്യൂണിസ്‌റ്റ്‌ പാർടിയുടെ സമ്മേളനത്തിൽ ആലപ്പുഴയിൽനിന്നുള്ള പ്രതിനിധിയായി പങ്കെടുത്തു. പുന്നപ്ര – വയലാർ സമര കാലത്ത്‌ പാർടി നിർദേശത്തെ തുടർന്ന്‌ അദ്ദേഹം ഒളിവിൽ പോയി. കോട്ടയത്തെ പൂഞ്ഞാറിൽ ഒളിവിൽ കഴിയവെ അറസ്റ്റിലായി. ക്രൂരമായ പൊലീസ്‌ മർദനത്തിരയായ വി എസ്‌ മരിച്ചുവെന്ന്‌ കരുതി കാട്ടിൽ തള്ളാൻ കൊണ്ടുപോകവെ ജീവനുള്ളതായി കണ്ട്‌ തിരികെ കോട്ടയത്ത്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ആശുപത്രിയിൽ നിന്നിറങ്ങിയ വി എസ്‌ ജനകീയ പോരാട്ടങ്ങളുടെ മുന്നണിയിൽ നിലയുറപ്പിച്ചു. അഴിമതിക്കും ഭരണകൂട ഭീകരതയ്‌ക്കും എതിരെ വിട്ടുവീഴ്‌ചയില്ലാതെ നിലകൊണ്ടു. 1956ൽ പാർടി സംസ്ഥാന കമ്മിറ്റി അംഗവും 57ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായി. 58ൽ നാഷണൽ കൗൺസിൽ അംഗമായി. 1964ൽ അവിഭക്ത പാർടിയിൽ നിന്ന്‌ പുറത്തുവന്ന 32നാഷണൽ കൗൺസിൽ അംഗങ്ങളിൽ കേരളത്തിൽ നിന്നുള്ള ഏഴു പേരിൽ ഒരാളായിരുന്നു വി എസ്‌. 1964ൽ കൊൽക്കത്തയിൽ ചേർന്ന പാർടി കോൺഗ്രസിൽ വി എസിനെ കേന്ദ്ര കമ്മിറ്റിയിലേക്ക്‌ തെരഞ്ഞെടുത്തു. 1985ൽ പിബി അംഗമായി. 2016ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാരിൽ‌ ഭരണപരിഷ്കാര കമീഷൻ ചെയർമാനായി വി എസിനെ നിയമിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home