print edition വേങ്ങരയിൽ ലീഗിൽ കലാപം ; ‘പ്രസിഡന്റ് സ്ഥാനം തറവാട് സ്വത്താണോ ?’ കുഞ്ഞാലിക്കുട്ടിക്കെതിരെ പോസ്റ്റർ

വേങ്ങര (മലപ്പുറം)
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി വേങ്ങരയിൽ മുസ്ലിംലീഗിൽ കലാപം. ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ അതിരൂക്ഷമായി വിമർശിക്കുന്ന പോസ്‌റ്റർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സഹോദരീപുത്രന് തീറെഴുതിക്കൊടുക്കാൻ കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്താണോ എന്ന ചോദ്യമുയർത്തിയാണ് ഗ്രീൻ ആർമിയുടെ പേരിൽ പോസ്‌റ്റർ.
കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ നിശ്ചയിക്കാൻ അംഗങ്ങളുടെ യോഗം ചേർന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ സഹോദരീപുത്രനും കാരാത്തോട് ഡിവിഷൻ അംഗവുമായ പി കെ അബു ത്വാഹിറിനെ പ്രസിഡന്റ് സ്ഥാനാർഥിയാക്കാനായിരുന്നു നീക്കം. ഇതിനെതിരെ ഒരുവിഭാഗം രംഗത്തെത്തി. ഇതിനുപിന്നാലെയാണ് പോസ്റ്റർ പുറത്തുവന്നത്.
‘യൂത്ത് ലീഗ് പ്രവർത്തകന്റെ വാഹനത്തില്‍ കഞ്ചാവ് വച്ചതിന് അറസ്റ്റിലായ ക്രൂരനും മാഫിയാ തലവനുമായ അബു ത്വാഹിറിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്‍കുന്നതിലൂടെ എന്ത് സന്ദേശമാണ് കുഞ്ഞാപ്പ നല്‍കുന്നത്? യൂത്ത് ലീഗ് പ്രവർത്തകർ ഒരിക്കലും ഇത് അംഗീകരിക്കില്ല. പാർടി പ്രവർത്തനപരിചയവും അനുഭവസമ്പത്തുമുള്ള മുതിർന്ന ആളുകളെ തഴയുന്നത് അംഗീകരിക്കില്ല’ എന്നീ കാര്യങ്ങളും പോസ്റ്ററിലുണ്ട്.
തന്റെ സ്വന്തക്കാരനെ ആരും പ്രസിഡന്റാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചതിന് തൊട്ടുപിറകെ കുറ്റാളൂർ ഡിവിഷൻ അംഗം കെ കെ മൻസൂർ കോയ തങ്ങളെ പ്രസിഡന്റായി പ്രഖ്യാപിച്ച് ലീഗ് നേതൃത്വവും രംഗത്തെത്തി.
മലപ്പുറം ജില്ലാ പഞ്ചായത്തിൽ കുഞ്ഞാലിക്കുട്ടിയുടെ സഹോദരപുത്രൻ പി കെ അസ്ലുവിനെ പ്രസിഡന്റാക്കാൻ ശ്രമം നടന്നിരുന്നു. ലീഗിലെ ഒരുവിഭാഗം ശക്തമായ നിലപാടെടുത്തതോടെ ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പദവിയിലേക്ക് മാറ്റേണ്ടിവന്നു.










0 comments