print edition അയോഗ്യത: വെള്ളാപ്പള്ളി അപ്പീൽ നൽകി

കൊച്ചി: എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡിൽനിന്ന് അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. യഥാക്രമം ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികളിൽനിന്നാണ് ഇരുവരെയും അയോഗ്യരാക്കിയത്.
സിംഗിൾ ബെഞ്ച് ഉത്തരവ് അധികാരപരിധി മറികടന്നുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയുള്ള അപ്പീൽ, ചീഫ് ജസ്റ്റിസ് ഷൗമെൻ സെൻ അധ്യക്ഷനായ ബെഞ്ച് പിന്നീട് പരിഗണിക്കും. അയോഗ്യരാക്കപ്പെട്ട യോഗം പ്രസിഡന്റ് ഡോ. എം എൻ സോമൻ, അരയാക്കണ്ടി സന്തോഷ് തുടങ്ങിയവരും അപ്പീലിൽ കക്ഷിചേർന്നു.
കമ്പനി നിയമപ്രകാരം രജിസ്‌റ്റർ ചെയ്‌ത സ്ഥാപനങ്ങളുടെ ആഭ്യന്തരകാര്യങ്ങളിലും ഡയറക്ടർമാരുടെ അയോഗ്യത സംബന്ധിച്ച തർക്കങ്ങളിലും ഇടപെടാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഇത്തരം വിഷയങ്ങൾ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ പരിധിയിലാണെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടി.
വാർഷിക റിട്ടേണുകൾ സമർപ്പിക്കുന്നതിൽ വീഴ്ചയില്ലെന്നും മുന്പ് കമ്പനി രജിസ്ട്രാർക്ക് നൽകിയിരുന്ന റിട്ടേണുകൾ, 2005ലെ സർക്കാർ ഉത്തരവുപ്രകാരം സംസ്ഥാന രജിസ്ട്രാർ ജനറലിന് നൽകിത്തുടങ്ങിയിരുന്നുവെന്നും അപ്പീലിൽ പറയുന്നു. രേഖകൾ വർഷങ്ങളോളം ഹൈക്കോടതിയുടെ കസ്റ്റഡിയിലായിരുന്നതിനാൽ സാങ്കേതിക തടസ്സങ്ങൾ നേരിട്ടെന്നും ബോധിപ്പിച്ചു.
കൂടാതെ കേന്ദ്ര സർക്കാർ നൽകിയ സാധുവായ ഡിഐഎൻ നമ്പറുകൾ ഹാജരാക്കിയിട്ടും സിംഗിൾ ബെഞ്ച് അത് പരിഗണിച്ചില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടി.
യോഗത്തിന്റെ വാർഷിക റിട്ടേണുകൾ തുടർച്ചയായി സമർപ്പിക്കാത്തതും ഡയറക്ടർമാർക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ (ഡിഐഎൻ) ഇല്ലെന്നതുമായിരുന്നു ഡയറക്ടർബോർഡിനെ അയോഗ്യരാക്കാനുള്ള പ്രധാ ന കാരണങ്ങൾ.










0 comments