print edition വാഹന മോഡിഫിക്കേഷൻ; ജെൻസികളെ അന്ന് ഫൂളാക്കി, ഇന്ന് കൂളാക്കാൻ ഓട്ടം

തിരുവനന്തപുരം: ജെൻസികളെ കൈയിലെടുക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ ഇറക്കിയ ‘വാഹന മോഡിഫിക്കേഷൻ ട്രിക്ക്’ യുഡിഎഫ് സർക്കാരിനെ തിരിഞ്ഞുകൊത്തുന്നു. വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് രാജ്യസഭയിൽ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിതോടെ ശരിക്കും പെട്ടത് മുഖ്യമന്ത്രിയാണ്.
തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ യുഡിഎഫ് നടത്തിയ വലിയ പ്രചാരണങ്ങളിൽ ഒന്നായിരുന്നു വാഹനങ്ങളിലെ രൂപമാറ്റത്തിനുള്ള ഇളവ്. പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ തന്നെ രൂപമാറ്റം അനുവദിക്കുമെന്ന് പല വേദികളിലും ഓടിനടന്ന് പ്രസംഗിച്ചു.
ബോണറ്റിൽ ഗ്രാഫിക്‌സും സ്റ്റിക്കറുകളും ഒട്ടിച്ച് സൈലൻസറും ഉൗരിമാറ്റി സ്റ്റൈലായി വണ്ടി ഓടിക്കാമെന്ന് മോഹിച്ച ജെൻസി കുട്ടികൾ ഇത് കണ്ണുംപൂട്ടി വിശ്വസിച്ചു. എന്നാൽ അധികാരത്തിലെത്തിയ യുഡിഎഫ് മലക്കം മറിഞ്ഞു. രൂപമാറ്റം വരുത്തിയ വാഹനവുമായി ഇറങ്ങിയവർക്ക് വലിയ പിഴയും ലഭിച്ചു.
ജെൻസികൾ പ്രതിഷേധിച്ചതോടെ "കൂളാക്കാൻ' സീറ്റ് കവർ മാറ്റുന്നതുപോലുള്ള നിലവിൽ തടസ്സമില്ലാത്ത കാര്യങ്ങൾമാത്രം ഉൾപ്പെടുത്തി ഒരു തട്ടിക്കൂട്ട് പട്ടികയുമിറക്കി. അതും പൊളിഞ്ഞതോടെ വാഹനരൂപമാറ്റം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജന സർവേ നടത്താനായി ശ്രമം. നിയമപരമായി നിലനിൽക്കാത്ത ഒരു കാര്യത്തിന് ജനങ്ങളുടെ അഭിപ്രായം ചോദിച്ചറിഞ്ഞ് തലയൂരാനുള്ള ഈ പുതിയ തട്ടിപ്പിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.
വാഹനങ്ങളുടെ ഘടനയിലും എൻജിനിലും വരുത്തുന്ന മാറ്റങ്ങൾ തീരുമാനിക്കുന്നത് കേന്ദ്ര സർക്കാരിന്റെ മോട്ടോർ വെഹിക്കിൾ ആക്ട് അനുസരിച്ചാണ്. പാർലമെന്റിൽ പാസാക്കിയ ഈ നിയമത്തിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ല.
വാഹനം നിർമിച്ച കമ്പനി നൽകുന്ന സാങ്കേതികതയ്‌ക്കപ്പുറം മാറ്റം വരുത്താൻ നിലവിലെ നിയമം അനുവദിക്കുന്നുമില്ല. വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ സുരക്ഷാകാരണങ്ങളാൽ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതിതന്നെ വ്യക്തമാക്കിയിട്ടുണ്ട്.










0 comments