print edition ‘ജനങ്ങളാണ് എന്റെ അതിജീവനശക്തി’

ആരോഗ്യമന്ത്രി വീണാ ജോർജ് പത്തനംതിട്ട ചന്ദനപ്പള്ളിയിലെ വീട്ടിൽ ഫോട്ടോ: ജയകൃഷ്‌ണൻ ഓമല്ലൂർ
ആർ രാജേഷ്
Published on Mar 02, 2026, 04:33 AM | 2 min read
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യമന്ത്രി വീണാ ജോർജിനുനേരെയുണ്ടായത് ആസൂത്രിത ആക്രമണമായിരുന്നു. അക്രമികളിൽ പ്രധാനിയടക്കം ജില്ലയ്‌ക്ക് പുറത്തുനിന്നെത്തിയത് ഗൂഢാലോചന വ്യക്തമാക്കുന്നു. കശേരുക്കൾക്കേറ്റ ഗുരുതര ക്ഷതവുമായി പത്തനംതിട്ട ചന്ദനപ്പള്ളിയിലെ വീട്ടിൽ വിശ്രമിക്കുന്ന ആരോഗ്യമന്ത്രി വീണാ ജോർജിന് അവരോട് ഒന്നേ പറയാനുള്ളൂ; ‘ജനങ്ങളാണ് എന്റെ അതിജീവനശക്തി’
കണ്ണൂരിൽ കെഎസ്‌യു– യൂത്ത് കോൺഗ്രസുകാരിൽനിന്ന് നേരിട്ട ആക്രമണത്തെക്കുറിച്ച്?
ആരോഗ്യവകുപ്പിന്റെ പരിപാടികളിൽ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങാൻ റെയിൽവേ സ്റ്റേഷനിലെത്തിയതാണ്. ഇവിടെല്ലാം കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. പതിയിരുന്നുള്ള ആക്രമണം പ്രതീക്ഷിച്ചില്ല. അങ്ങനെയൊരു പ്രതിഷേധമുറ അന്യമാണല്ലോ. അപ്രതീക്ഷിത ആക്രമണം സുരക്ഷാ ഉദ്യോഗസ്ഥരെപോലും സ്‌തംഭിപ്പിച്ചു. കരിങ്കൊടിയുമായി ഒരാൾ അവരുടെ ശ്രദ്ധതിരിച്ചപ്പോൾ ബാഗുതൂക്കിയെത്തിയയാൾ പൊലീസ് വലയം ഭേദിച്ച് പാഞ്ഞടുത്തു.
കൈയേറ്റത്തിനിരയായ എന്റെ വലതുചെവിക്ക് വേദനതുടങ്ങി. പിന്നീടത് കൈയിലേക്കിറങ്ങി. ഇതിനിടെ ട്രെയിനിന്റെ സമയമായി. വേഗം രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലേക്ക്. അപ്പോൾ അക്രമികളെത്തി. അകന്പടിയായി ലോക്കൽ ചാനലിന്റെയും ഏതാനും മൊബൈൽഫോണിന്റെയും കാമറ. ഞാൻ ചോദിച്ചു ‘‘എനിക്കിവിടെ ജീവിക്കേണ്ടേ, എന്നെ നിങ്ങൾ ഉപദ്രവിച്ചു, വേദനിപ്പിച്ചു... ഇനിയെങ്കിലും വെറുതേ വിട്ടുകൂടെ’’. പൊലീസ് അവരെ പിടിച്ചുമാറ്റുന്പോൾ ഞാൻ മുന്നോട്ടുനീങ്ങി. ശാരീരികാസ്ഥത അനുഭവപ്പെട്ടു. യാത്രചെയ്യാനാകില്ല, ഇരിക്കണമെന്ന് പേഴ്‌സണൽ സ്റ്റാഫിനോട് പറഞ്ഞു. അവർ കോൺക്രീറ്റ് ബഞ്ചിൽ ഇരുത്തി. ഉടൻ ആംബുലൻസെത്തിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ആരോഗ്യപ്രശ്‌നങ്ങൾ?
ജില്ലാ ആശുപത്രിയിലെ പരിശോധനയിൽ രക്തസമ്മർദം ക്രമാതീതമായി ഉയർന്നത് കണ്ടെത്തി. എക്‌സ്‌റേയിൽ കഴുത്തിൽ ചെറിയ പരിക്കുകളും. എംആർഐ സ്‌കാനെടുക്കാൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്‌ടർമാർ നിർദേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ആശുപത്രിയിലെത്തി. എംആർഐയിൽ കശേരുക്കളിൽ ചെറിയ പരിക്ക് കണ്ടെത്തി. ഉയർന്ന രക്തസമ്മർദം നിയന്ത്രണവിധേയമാക്കാനായി പിന്നീടുള്ള ശ്രമം. ഐസിയുവിലേക്ക് മാറ്റിയശേഷം മണിക്കൂറുകളെടുത്തു ബിപി സാധാരണ നിലയിലാകാൻ.
പൂർണമായി ഭേദമായിട്ടാണോ ആശുപത്രി വിട്ടത്, ഇതിന് പുലർച്ചെ തെരഞ്ഞെടുക്കാൻ കാരണം?
മരുന്നും ഒരാഴ്‌ച പൂർണവിശ്രമവും ഡോക്‌ടർമാർ പറഞ്ഞിരുന്നു. എന്നാൽ ആരോഗ്യപ്രശ്‌നത്തോടൊപ്പം മാനസിക പ്രയാസങ്ങളുമുണ്ടായി. വീട്ടിൽ കുട്ടികൾക്കൊപ്പമായാൽ മാറ്റമുണ്ടാകുമെന്ന് കരുതിയാണ് മടങ്ങിയത്. യാത്ര അതിരാവിലെയാക്കാൻ നിശ്‌ചയിച്ചത് ട്രാഫിക് കുറവ് പ്രതീക്ഷിച്ചാണ്.
പ്രതിപക്ഷ നേതാവടക്കമുള്ളവരുടെ വാക്കുകൾകൊണ്ടുള്ള കടന്നാക്രമണങ്ങളെക്കുറിച്ച്?
കരിങ്കൊടി സമരത്തിന്റെ പേരിൽ പുറത്തുനിന്ന് ക്രിമിനലുകളെ എത്തിച്ച് അരങ്ങേറിയത് ‘ആൺകൂട്ട’ ആക്രമണമാണ്. ഒരു വനിതപോലും സമരക്കാരിൽ ഇല്ലായിരുന്നു. പൊലീസ് വലയം ഭേദിച്ചുണ്ടായത് ആസൂത്രിത കലാപത്തിനുള്ള ശ്രമമാണ്. പ്രതിപക്ഷനേതാവ് വി ഡി സതീശനടക്കം ഉത്തരം പറയേണ്ട കാര്യമാണിത്. മുന്പ് വീടിനുമുന്നിൽ ശവപ്പെട്ടിവച്ചുപോയി. ഇതു കഴിഞ്ഞയുടൻ അർബുദബാധിതയായ അയൽവാസി മരിച്ചു. ശവപ്പെട്ടിവയ്‌ക്കലിന്റെ മാനസികാഘാതത്തിൽനിന്ന് ഇന്നും ആ വീട്ടുകാർ മോചിതരായിട്ടില്ല. ഇപ്പോൾ എന്റെ ഒൗദ്യോഗിക വസതിയിൽ റീത്തുംവച്ചു.
നിരന്തരവേട്ടയ്‌ക്ക് പിന്നിലെ രാഷ്‌ട്രീയം?
ആരോഗ്യമേഖലയിൽ പിടിമുറുക്കാനുള്ള കുത്തകകളുടെ താൽപര്യമാണ് ഇതിന് പിന്നിൽ. എൽഡിഎഫ് സർക്കാർ പൊതുജനാരോഗ്യ രംഗത്തടക്കം സമാനതകളില്ലാത്ത വികസനമാണ് കൊണ്ടുവന്നിട്ടുള്ളത്. ഇത് ജനങ്ങളിൽനിന്ന് മറച്ചുവയ്‌ക്കണം. അതിനാണ് ഇൗ സമരഭാസങ്ങളൊക്കെയും.
എങ്ങനെ അതിജീവിക്കാനാ കുന്നു?
ജനങ്ങളാണ് അതിജീവനശക്തി. എത്ര പ്രയാസമുള്ളപ്പോഴും അവരുടെ പിന്തുണയും ഐക്യദാർഢ്യവുമുള്ളപ്പോൾ ആരെ ഭയക്കാൻ. ആ കരുത്താണ് മുന്നോട്ടു നയിക്കുന്നത്.










0 comments