തലസ്ഥാനത്ത് റീത്ത് കണ്ണൂരിൽ വധശ്രമം ; വനിതാ എസ്‌ഐയുടെ എഐ ചിത്രങ്ങളും പ്രചരിപ്പിച്ചു

മന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് ചീമുട്ട എറിയുന്ന യൂത്ത് കോൺഗ്രസുകാരൻ (ഫയൽ ചിത്രം)
തിരുവനന്തപുരം
മന്ത്രി വീണാ ജോർജിനെ കൈയേറ്റം ചെയ്യാനും വ്യക്ത്യധിക്ഷേപത്തിനുമായി കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ മാസങ്ങളായി ആസൂത്രിത നീക്കം നടന്നതായി വിവരം. വികസന കാര്യങ്ങളിൽ സർക്കാരിനോട് സംവദിക്കാൻ കഴിയാതെവന്നതോടെയാണ് കോൺഗ്രസ് ഇൗ മാർഗം തെരഞ്ഞെടുത്തത്. ഇതിനായി പ്രത്യേക ക്വട്ടേഷൻ സംഘങ്ങളെ ചുമതലപ്പെടുത്തി.
പത്തനംതിട്ട, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കിടയിലാണ് ഇവരെ വിന്യസിച്ചത്. കഴിഞ്ഞ 21ന് മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ചുകയറി റീത്തുവയ്ക്കാനും കൈയേറ്റം ചെയ്യാനും ശ്രമം നടന്നിരുന്നു. അന്ന് മന്ത്രിയെ കാണാൻ കഴിയാത്തതിനാലാണ് പദ്ധതി നടക്കാതെ പോയത്. വസതിയിലേക്ക് അതിക്രമിച്ച് കയറിയ 22 അംഗ സംഘത്തിൽ പകുതിപ്പേരും നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ടവരാണ്. അത് പരാജയപ്പെട്ടതിനുപിന്നാലെയാണ് കണ്ണൂരിൽ കെഎസ്‌യുവിന്റെ നേതൃത്വത്തിൽ മന്ത്രിയെ കൈയേറ്റം ചെയ്തത്. പത്തനംതിട്ടയിൽ പൊതുപരിപാടിക്കെത്തുന്ന മന്ത്രിയുടെ വാഹനത്തിനുമുന്നിലേക്ക് പ്രവർത്തകരെ ചാടിവീഴ്-ത്തി അപകടമുണ്ടാക്കാനും നിരന്തരശ്രമങ്ങൾ നടന്നിരുന്നു.
ആക്രമണത്തിനുശേഷം അറസ്റ്റിലാകുന്ന പ്രവർത്തകർക്ക് നിയമസഹായവും സാമ്പത്തിക സഹായവും ഉറപ്പാക്കുന്നത് കോൺഗ്രസ് ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിലാണ്. അറസ്റ്റുചെയ്ത പ്രതികളെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുന്നതിനുമുമ്പ് കോൺഗ്രസ് നേതാക്കൾ വക്കീലുമായി അവിടെയെത്തും. തുടർന്ന് സംസ്ഥാന നേതാക്കൾ നേരിട്ട് ഇടപെട്ടാണ് കാര്യങ്ങൾ നീക്കുക. സ്വകാര്യ ആശുപത്രികളിൽ കോടികൾ നിക്ഷേപിച്ച കുത്തക കമ്പനികൾ നൽകുന്ന സാമ്പത്തിക സഹായവും പ്രതികളുടെ വീടുകളിലെത്തിക്കുന്നുണ്ട്.

യുഡിഎഫ് അനുകൂല നവമാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന എഐ നിർമിത ചിത്രം. വൃത്തത്തിൽ ഗൂഗിൾ
ജെമിനെെ എഐയുടെ ചിഹ്നം
കാണാം
വനിതാ എസ്‌ഐയുടെ എഐ ചിത്രങ്ങളും പ്രചരിപ്പിച്ചു
തെരുവിലെ ആക്രമണത്തിന് പുറമെ മന്ത്രിയെ വ്യക്തിഹത്യ ചെയ്യാൻ സമൂഹമാധ്യമങ്ങളിൽ പ്രത്യേക സൈബർ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സിനിമാ ഫാൻ പേജുകൾ വരെ വൻതുക നൽകി വിലയ്ക്കെടുത്താണ് പ്രവർത്തനം. പുറമെ കോൺഗ്രസ് അനുകൂല പ്രൊഫൈൽ ആണെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ് പോസ്റ്റുകൾ ഷെയർ ചെയ്യുന്നത്. മന്ത്രിയുടെ എഐ നിർമിത ചിത്രങ്ങൾ പ്രചരിപ്പിച്ചുള്ള ആക്രമണവും നടക്കുന്നുണ്ട്.
കണ്ണൂരിൽ വനിതാ എസ്‌ഐ മന്ത്രിയുടെ കഴുത്തിൽ പിടിക്കുന്ന തരത്തിലുള്ള എഐ ജനററേറ്റ് ചെയ്ത ചിത്രമാണ് വ്യാഴാഴ്ച കോൺഗ്രസുകാർ വ്യാപകമായി പ്രചരിപ്പിച്ചത്. കോൺഗ്രസ് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയും സൈബർ വിങ്ങിന്റെ കൃത്യമായ ഏകോപനത്തോടെയുമാണ് അധിക്ഷേപങ്ങൾ തുടരുന്നത്.










0 comments