ad
Deshabhimani

5 വര്‍ഷം , 7708 കോടിയുടെ സ‍ൗജന്യ ചികിത്സ , 124.63 കോടിരൂപ കൂടി അനുവദിച്ചു

Veena George
വെബ് ഡെസ്ക്

Published on Sep 03, 2025, 02:51 AM | 1 min read


തിരുവനന്തപുരം

സംസ്ഥാനത്ത്‌ സ‍ൗജന്യ ചികിത്സാപദ്ധതിക്ക് 124.63 കോടി രൂപകൂടി അനുവദിച്ചു. 75.66 കോടി രൂപ കാരുണ്യ സുരക്ഷാ പദ്ധതിക്കും 49.3 കോടി രൂപ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിക്കുമാണ്‌ അനുവദിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അഞ്ചുവർഷത്തിനിടെ 7708 കോടി രൂപയുടെ സ‍ൗജന്യ ചികിത്സയാണ്‌ നൽകിയത്‌. 25.17 ലക്ഷംപേർക്ക്‌ ഇതിലൂടെ ആശ്രയമേകി. കാസ്പ്‌ വഴി 24.06 ലക്ഷം പേര്‍ക്ക് 7163 കോടിയും കാരുണ്യ ബെനവലന്റ് ഫണ്ട് വഴി 64075 പേര്‍ക്ക് 544 കോടിയുമാണ്‌ ചെലവഴിച്ചത്‌. കഴിഞ്ഞ മൂന്ന്‌ വര്‍ഷവും രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയതിന്‌ ‘ആരോഗ്യ മന്ഥന്‍’ പുരസ്‌കാരം കേരളത്തിനായിരുന്നു.


ആരോഗ്യ വകുപ്പിനുകീഴിലെ സംസ്ഥാന ഹെല്‍ത്ത് ഏജന്‍സി വഴിയാണ് കാസ്പ് പദ്ധതി നടപ്പാക്കുന്നത്‌. നിലവില്‍ 43.07 ലക്ഷം കുടുംബങ്ങള്‍ ഇതിൽ ഉള്‍പ്പെടുന്നു. ഒരു കുടുംബത്തിന് വര്‍ഷം പരമാവധി അഞ്ചുലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യമാണ് ലഭ്യമാകുക. പൊതു– സ്വകാര്യ മേഖലകളില്‍നിന്ന്‌ എംപാനല്‍ ചെയ്യപ്പെട്ടിട്ടുള്ള 591 ആശുപത്രി വഴിയാണ്‌ സേവനം നൽകുന്നത്‌.


കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കള്‍ അല്ലാത്തതും മൂന്ന്‌ ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഒറ്റ തവണത്തേക്ക് രണ്ടുലക്ഷം രൂപയുടെ സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതിയാണ് കാരുണ്യ ബെനവലന്റ് ഫണ്ട്. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് മൂന്ന്‌ ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സയും ലഭ്യമാകും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home