print edition ഗോൾവാൾക്കറെ പൂജിച്ചതിൽ ഇനിയും മിണ്ടാതെ സതീശൻ

ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്കുകൊളുത്തുന്ന വി ഡി സതീശൻ
മിൽജിത് രവീന്ദ്രൻ
Published on Mar 27, 2026, 01:58 AM | 1 min read
തിരുവനന്തപുരം : പറവൂരിൽ ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്കുകൊളുത്തിയത് ഏത് ഡീൽ പ്രകാരമായിരുന്നെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിനു മറുപടിയില്ലാതെ, പലയാവർത്തി പൊളിഞ്ഞ പച്ചക്കള്ളം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയെന്നോണം ഫെയ്‌സ് ബുക്കിൽ എഴുതിയ കുറിപ്പിലും വ്യക്തമായ മറുപടിയില്ല. 2006ലെ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായിരുന്നു പറവൂരിൽ ആർഎസ്‌എസ് സംഘടിപ്പിച്ച പരിപാടിയിൽ ഉദ്‌ഘാടകനായെത്തിയ സതീശൻ ഗോൾവാൾക്കറുടെ ചിത്രത്തിൽ വിളക്കുകൊളുത്തിയത്.
2001-ലെയും 2006-ലെയും തെരഞ്ഞെടുപ്പിൽ ആർഎസ്എസ് പിന്തുണ അഭ്യർഥിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ വെളിപ്പെടുത്തുകയും ചെയ്‌തു. ഇക്കാര്യം പറഞ്ഞാണ് എന്തായിരുന്നു ‘ഡീൽ’ എന്ന ചോദ്യം മുഖ്യമന്ത്രി ഉന്നയിച്ചത്. എന്നാൽ, സതീശന്റെ മറുപടിയിൽ രണ്ട് ചോദ്യത്തിനും മറുപടിയില്ല. പകരം 1977ൽ പിണറായി വിജയൻ ആർഎസ്‌എസ് പിന്തുണയോടെ നിയമസഭയിലെത്തിയെന്ന പഴകിപ്പുളിച്ച കള്ളം ആവർത്തിക്കുകയാണ് സതീശൻ.
നിയമസഭയിലടക്കം മുഖ്യമന്ത്രിതന്നെ പലവട്ടം പൊളിച്ചടുക്കിയതാണ് ഇൗ ആരോപണം. സഭാരേഖകളിലടക്കം അതുണ്ട്. അടിയന്തരാവസ്ഥയ്‌ക്കുശേഷം കോൺഗ്രസ് ഏകാധിപത്യത്തിനെതിരെ വിശാലമായ മുന്നണി എന്ന നിലയിൽ ജനതാ പാർടി രൂപീകരിച്ചിരുന്നു. ദേശീയതലത്തിൽ സിപിഐ എം അതുമായി സഹകരിച്ചു. അതേസമയം, ജനസംഘവുമായോ ആർഎസ്‌എസുമായോ സഹകരണത്തിന് തയ്യാറായില്ല. പിന്നീട് ജനതാപാർടിയിലും ആർഎസ്‌എസിലും ഇരട്ട അംഗത്വമെന്ന പ്രശ്‌നം ഉയർന്നപ്പോൾ പാടില്ലെന്ന നിലപാടാണ് സിപിഐ എം സ്വീകരിച്ചത്. തുടർന്നാണ് പഴയ ജനസംഘക്കാർചേർന്ന് ബിജെപി രൂപീകരിക്കുന്നത്. കെ ജി മാരാർ ഉദുമയിൽ മത്സരിക്കുമ്പോൾ മണ്ഡലം ഭാരവാഹിയായി പ്രവർത്തിച്ചത് കോൺഗ്രസ് നേതാവ് കെ സുധാകരനായിരുന്നു.









0 comments