Deshabhimani

print edition കൂട്ടുത്തരവാദിത്വം തകർന്നിട്ടും പ്രതികരിക്കാതെ മുഖ്യമന്ത്രി

Satheesan lies
avatar
സ്വന്തം ലേഖകൻ

Published on Nov 15, 2026, 01:18 AM | 1 min read

തിരുവനന്തപുരം : വൈദ്യുതി വാങ്ങൽ വിഷയത്തിൽ മന്ത്രി സണ്ണി ജോസഫ്‌ നേരിട്ട്‌ കൊമ്പുകോർത്തിട്ടും മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിക്കാത്തത്‌ ദുരൂഹം. ബുധനാഴ്‌ചത്തെ മന്ത്രിസഭാ യോഗത്തിനുശേഷമുള്ള പതിവു വാർത്താസമ്മേളനത്തിലാകുമോ പ്രതികരണം എന്നാണ്‌ ആകാംക്ഷ. ആറുമാസംപോലും ആകുംമുമ്പ്‌ മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച്‌ ആലോചിക്കാനാവില്ലെങ്കിലും സണ്ണി ജോസഫിലുള്ള അതൃപ്‌തി മുഖ്യമന്ത്രി ഹൈക്കമാൻഡിനെ അറിയിക്കും.

രാഷ്‌ട്രീയ വിഷയത്തിലല്ല അഭിപ്രായ വ്യത്യാസം എന്നതാണ്‌ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകർന്നു എന്ന വിമർശത്തിന്‌ കാരണം. മുഖ്യമന്ത്രിയെടുക്കുന്ന ഭരണപരമായ തീരുമാനം മന്ത്രിസഭയുടെയാകെയാണ്‌. എന്നാൽ, വകുപ്പു മന്ത്രിയുമായുള്ള കൂടിയാലോചന അനിവാര്യമാണ്‌. അതവഗണിച്ച്‌, ജിഎൻഎ കരാറിൽ കെഎസ്‌ഇബിയെയും റെഗുലേറ്ററി കമീഷനെയും വകുപ്പുമന്ത്രിയെയും ഇരുട്ടിൽ നിർത്തിയാണ്‌ മുഖ്യമന്ത്രി ഏകപക്ഷീയ തീരുമാനങ്ങളെടുത്തത്‌. ഇതാണ്‌ സണ്ണി ജോസഫിനെ പ്രകോപിപ്പിച്ചത്‌. കരാറിലേക്ക്‌ എത്തിയ വഴികളെക്കുറിച്ച്‌ മന്ത്രിക്ക്‌ കൃത്യമായി അറിയാം.

വൈദ്യുതി വകുപ്പിൽ മുഖ്യമന്ത്രിയുടെ നിയന്ത്രണം ഉറപ്പാക്കാനാണ്‌ എൻ പ്രശാന്തിനെയും പുനീത്‌കുമാറിനേയും കൊണ്ടുവന്നത്‌. ഇക്കാര്യം മന്ത്രിയോട്‌ ആലോചിച്ചുമില്ല. ജിഎൻഎയുമായുള്ള കരാർ സാമ്പത്തിക നഷ്ടമാകുമെന്ന്‌ രേഖാമൂലം സർക്കാരിനെ അറിയിക്കുകയും ഒപ്പുവയ്‌ക്കാൻ വിസമ്മതിക്കുകയുംചെയ്‌ത കെഎസ്‌ഇബി സിഎംഡി രാജമാണിക്യത്തെ മണിക്കൂറുകൾക്കകം തെറിപ്പിച്ചാണ്‌ എൻ പ്രശാന്തിനെ കൊണ്ടുവന്നത്‌. പ്രശാന്ത്‌ തന്നെ അറിയിക്കാതെ മുഖ്യമന്ത്രിക്ക്‌ റിപ്പോർട്ട്‌ നൽകിയത്‌ അവഹേളിക്കലായാണ്‌ മന്ത്രി സണ്ണി ജോസഫ്‌ കാണുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home