സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ നിന്ന് യുഡിഎഫ് പിന്നോട്ട്; സ്ത്രീ സുരക്ഷാ പെൻഷനിൽ ഒളിച്ചുകളിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മുൻ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ ജനകീയ സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്നോട്ട് പോകുന്നതായി സൂചന. വീട്ടമ്മമാർക്ക് പ്രതിമാസം ആയിരം രൂപ ലഭ്യമാക്കുന്ന ‘സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി’ കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ചതാണെന്നും ഈ കാര്യത്തിൽ യുഡിഎഫ് സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ വ്യക്തമാക്കി.
ഇതോടെ എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി യുഡിഎഫ് സർക്കാർ അട്ടിമറിക്കുമോ എന്ന ആശങ്ക ശക്തമായി. ‘ഉമ്മൻചാണ്ടി ആരോഗ്യ സുരക്ഷാ പദ്ധതി’ പഠിച്ച ശേഷം നടപ്പിലാക്കുമെന്നും പദ്ധതിയിൽ സ്വകാര്യ ആശുപത്രികളെയും സർക്കാർ ആശുപത്രികളെയും ഒരുപോലെ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
എന്നാൽ ഈ പദ്ധതി സ്വകാര്യ ലോബിയെ സഹായിക്കാനാണോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് വിചിത്രമായ മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. പദ്ധതിയിൽ സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്തിയില്ലെങ്കിൽ ജനങ്ങൾക്ക് നല്ല ചികിത്സ ലഭ്യമാകില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം.
ഇതിലൂടെ പുതിയ ഇൻഷുറൻസ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ സ്വകാര്യ ആശുപത്രികളായിരിക്കുമെന്ന സൂചനയാണ് വ്യക്തമാകുന്നത്. കെഎസ്ആർടിസിയിൽ ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കി മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
ക്ഷേമ പെൻഷൻ വിതരണം മുടക്കമില്ലാതെ നടത്തുമെന്നും കുടിശ്ശികയായ പെൻഷൻ ഈ മാസം 24 മുതൽ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, നിലവിൽ ക്ഷേമ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ പട്ടിക പുനഃപരിശോധിക്കുമെന്നും അനർഹരായ പലരും പട്ടികയിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയത് വൻതോതിൽ പെൻഷൻ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.










0 comments