'തിണ്ണനിരങ്ങരുതെന്ന് ഞാൻ പറഞ്ഞിട്ടില്ല, പെരുന്നയിൽ പലതവണ പോയിട്ടുണ്ട്'; ഉരുണ്ടുകളിച്ച് സതീശൻ

വി ഡി സതീശൻ (File)
തിരുവനന്തപുരം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെയും വിമർശനങ്ങളിൽ ഉത്തരംമുട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൻഎസ്എസ് ആസ്ഥാനത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ പോയി സഹായം ചോദിച്ച സതീശൻ ഇപ്പോൾ സമുദായനേതാക്കളെ ആക്ഷേപിക്കുകയാണെന്ന് ജി സുകുമാരൻ നായർ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് മുൻപ്രസ്താവനകള്‍ സതീശൻ വിഴുങ്ങിയത്
സമുദായ നേതാക്കളുടെ തിണ്ണനിരങ്ങരുതെന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഞാൻ പെരുന്നയിൽ പല പ്രാവശ്യം പോയിട്ടുണ്ട്. കെ സി വേണുഗോപാലിനൊപ്പവും പോയി ജി സുകുമാരൻ നായരെ കണ്ടിട്ടുണ്ട്. വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമില്ലെന്നത് സുകുമാരൻ നായരുടെ അഭിപ്രായമാണ്.- ഇതായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തോട് സതീശന്റെ പ്രതികരണം.
സതീശനെതിരെ രൂക്ഷവിമർശനമാണ് നേരത്തെ വാർത്താസമ്മേളനത്തിൽ ജി സുകുമാരൻ നായർ ഉന്നയിച്ചത്. എൻഎസ്എസിന്റെ മുഴുവൻ സഹായവും വാങ്ങി ജയിച്ചിട്ട്, ഇപ്പോൾ സമുദായസംഘടനകളുടെ തിണ്ണനിരങ്ങരുതെന്നാണ് സതീശൻ പറയുന്നതെന്നും വർഗീയതക്കെതിരെ പറയാൻ സതീശന് യാതൊരു യോഗ്യതയുമില്ലെന്നും സുകുമാരൻ നായർ തുറന്നടിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കാൻ സഹായം ചോദിച്ച് സതീശൻ ഒന്നര മണിക്കൂറിലേറെയാണ് പെരുന്നയിൽ വന്നിരുന്നത്. അന്ന് താൻ പറവൂരിലെ എൻഎസ്എസ് യൂണിയൻ പ്രസിഡന്റിനെ വിളിച്ച് സതീശനെ സഹായിക്കണമെന്ന് പറഞ്ഞു. ആ യൂണിയൻ പ്രസിഡന്റ് സതീശനുവേണ്ടി പറവൂരിലെ ഓരോ വീടുതോറും കയറിയിറങ്ങി വോട്ട് ചോദിച്ചു. എന്നിട്ടാണ് സമുദായസംഘടനകളുടെ തിണ്ണിനിരങ്ങരുതെന്ന് വലിയ കാര്യമായി പറയുന്നത്. വാക്കും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവുമില്ലാത്തയാളാണ് സതീശൻ. എൻഎസ്എസിനെ മാത്രമല്ല, എല്ലാസമുദായങ്ങളെയും ഇത്രയും ആക്ഷേപിച്ചത് സതീശനാണെന്നും സുകുമാരൻ നായർ വിമർശിച്ചു.










0 comments