print edition ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റം; സതീശനോട് ഇടഞ്ഞ് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശൻ ഏകപക്ഷീയമായി ഐഎഎസ് ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റിയതിൽ അതൃപ്‌തി പരസ്യമാക്കി മുസ്ലിംലീഗ്. മന്ത്രിസഭയിലെ രണ്ടാമനായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിപോലും അറിയാതെയാണ് അദ്ദേഹത്തിന്റെ വകുപ്പിലെ അടക്കം ഉദ്യോഗസ്ഥരെ മാറ്റിയത്. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പിൽനിന്ന് മാറ്റിയതാണ് കുഞ്ഞാലിക്കുട്ടിയെ ചൊടിപ്പിച്ചത്.
സെക്രട്ടറി സ്ഥാനത്ത് തുടരാൻ മന്ത്രി കുഞ്ഞാലിക്കുട്ടി മുഹമ്മദ് ഹനീഷിനോട് നിർദേശിച്ചു. പുതിയ സെക്രട്ടറിയായി നിയമിതയായ ഡോ. എം ബീന ചുമതലയേൽക്കാൻ എത്തിയെങ്കിലും മുഹമ്മദ് ഹനീഷ് സ്ഥാനം ഒഴിയാത്തതിനാൽ മടങ്ങി. ലീഗ് മന്ത്രിമാരുടെ വകുപ്പുകളിലെ ഉൾപ്പെടെ മുപ്പത്തഞ്ചോളം ഐഎഎസ് ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രി വി ഡി സതീശൻ തന്നിഷ്‌ടപ്രകാരം മാറ്റിയത്. പൊതു വിദ്യാഭ്യാസ വകുപ്പിലെ മാറ്റത്തിൽ ലീഗ് മന്ത്രി എൻ ഷംസുദ്ദീനും കില ഡയറക്-ടർ നിയമനത്തിൽ കെ എം ഷാജിക്കും അതൃപ്‌തിയുണ്ട്.
അഞ്ചുമാസത്തിനിടെ പൊതുവിദ്യാഭ്യാസ ഡയറക്-ടർ (ഡിജിഇ) സ്ഥാനത്ത് മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി. മുഖ്യമന്ത്രി മാത്രം അറിഞ്ഞുള്ള സ്ഥലംമാറ്റത്തിനെതിരെ മന്ത്രി എൻ ഷംസുദ്ദീൻ പരസ്യമായി രംഗത്തെത്തിയിരുന്നു.
വിഷയം യുഡിഎഫ് യോഗത്തിൽ ശക്തമായി ഉന്നയിക്കാനാണ് ലീഗിന്റെ നീക്കം. കോൺഗ്രസ് മന്ത്രിമാർക്കും വി ഡി സതീശന്റെ എകപക്ഷീയ നീക്കത്തിൽ രോഷമുണ്ട്. അഴിമതിക്കരാറിന് കൂട്ടുനിൽക്കാത്തതിനാണ് കെഎസ്‌ഇബി സിഎംഡി സ്ഥാനത്തുനിന്ന് എം ജി രാജമാണിക്യത്തെ മാറ്റിയത്.
കിലയിൽ ഭിന്നതയുമായി ലീഗ്
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) ഡയറക്‌ടർ നിയമനത്തിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ നീക്കത്തിന് തടയിട്ട് തദ്ദേശഭരണ മന്ത്രി കെ എം ഷാജി. കോൺഗ്രസുകാരനെ നിയമിക്കാനുള്ള നീക്കമാണ് തടഞ്ഞത്. ലീഗുകാരായ മൂന്നുപേരുടെ പട്ടിക തദ്ദേശ ഭരണവകുപ്പ് മുഖ്യമന്ത്രിക്ക് നൽകി.
മലപ്പുറം ഗവ. കോളജ് പ്രിൻസിപ്പൽ ഡോ. സൈനുലാബ്ദീൻ കോട്ട, കാലിക്കറ്റ് സർവകലാശാല കായിക വിഭാഗം മേധാവി ഡോ. പി സക്കീർ ഹുസൈൻ, എം ജി സർവകലാശാല അധ്യാപകൻ ഡോ. എം എച്ച് ഇല്യാസ് എന്നിവരുടെ പേരാണ് ലീഗ് നേതൃത്വം മുന്നോട്ട് വച്ചത്. നിയമനത്തിൽ മുഖ്യമന്ത്രി തീരുമാനമെടുത്തില്ല. ഇതോടെ, കില ഡയറക്-ടർ നിയമനത്തിൽ യുഡിഎഫിൽ തമ്മിലടി രൂക്ഷമായി. നേരത്തെ എസ്‌എസ്‌കെ ഡയറക്‌ടറെ മുഖ്യമന്ത്രി നിയമിച്ചതും ലീഗിൽ അതൃപ്‌തിക്ക് ഇടയാക്കിയിരുന്നു.
കില ഡയറക്‌ടറുടെ സ്ഥിരം നിയമനം നീളുന്നതോടെ പൊതുവിദ്യാഭ്യാസ ഡയറക്‌ടറായ അരുൺ കെ വിജയന് താൽക്കാലിക അധിക ചുമതല നൽകി. കോൺഗ്രസ് നോമിനിയും കില മുൻ അസോസിയറ്റ് പ്രൊഫസറുമായ ഡോ. ജെ ബി രാജനെ ഡയറക്-ടറാക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ഇതിനായി കില ഡയറക്‌ടറുടെ പ്രായപരിധി 60 വയസ്സെന്നത് 70 ആക്കാനും നീക്കമുണ്ട്. ഈ നിർദേശം തദ്ദേശഭരണ വകുപ്പ് തള്ളിയിരുന്നു.









0 comments