ad
Deshabhimani

'മാറി നില്‍ക്ക്'; മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് വി ഡി സതീശൻ

SATHEESAN ANGRY
വെബ് ഡെസ്ക്

Published on Sep 25, 2026, 01:52 PM | 1 min read

ഇടുക്കി: മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി ഡി സതീശൻ. സ്പോൺസറെക്കുറിച്ചും കർത്തയുടെ ഡയറിയില്‍ പേര് വന്നതിനെ കുറിച്ചുമുള്ള ചോദ്യങ്ങളാണ് സതീശനെ ചൊടിപ്പിച്ചത്. ‍'മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല' എന്നാവർത്തിച്ച മുഖ്യമന്ത്രി സമീപത്തുണ്ടായിരുന്ന പൊലീസുകാരോട് മാധ്യമപ്രവർത്തകരെ പിടിച്ചുമാറ്റാനും ആവശ്യപ്പെട്ടു.


ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് മുഖ്യമന്ത്രി ഇടുക്കിയിലെത്തിയത്. ഇതിനിടെ ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർഷിപ്പ്, മന്ത്രിമാരുടെ വിദേശയാത്രകൾ, സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയുടെ ഡയറിയിൽ സതീശന്റെ പേരുവന്നത് എന്നിവയുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉന്നയിച്ചതോടെ മുഖ്യമന്ത്രി കോപാകുലനാവുകയായിരുന്നു.


‌ആവർത്തിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടും മറുപടി നൽകാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു.


മലപ്പുറത്തേക്കുള്ള മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയുടെ ചെലവ് ആരാണ് വഹിച്ചതെന്ന ചോദ്യം കഴിഞ്ഞ ദിവസങ്ങളിലായി വിവാദമായിരുന്നു. സർക്കാർ പണം ചെലവാക്കിയിട്ടില്ലെന്നും പരിചയക്കാരനാണ് വിമാനം ഏർപ്പെടുത്തിയതെന്നും സതീശൻ നേരത്തെ പറഞ്ഞിരുന്നെങ്കിലും സ്പോൺസറുടെ പേര് വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല.


പിന്നീട് ചിപ്സൺ ഏവിയേഷൻ ₹19.88 ലക്ഷം വിമാനയാത്രയ്ക്കായി നൽകിയതിന്റെ ഇൻവോയ്സ് പുറത്തുവന്നിരുന്നു. അതേസമയം സർക്കാർ ഹെലികോപ്റ്റർ കരാർ പുതുക്കാൻ അപേക്ഷ നൽകിയ സ്ഥാപനമാണ് ചിപ്സൺ ഏവിയേഷനെന്നതും വിവാദത്തിന് ഇടയായി.


ഇതിനൊപ്പം സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയുടെ ഡയറിയിൽ വി ഡി സതീശന്റെ പേരിനൊപ്പം ₹5 ലക്ഷം രേഖപ്പെടുത്തിയതിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു.


ഈ വിഷയങ്ങളിലാണ് ഇടുക്കിയിൽ മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയത്. എന്നാൽ പ്രതികരിക്കാതെ മാധ്യമങ്ങളോട് കയർക്കുകയായിരുന്നു അദ്ദേഹം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home