കേന്ദ്രത്തിന്റെ പകയും സർക്കാരിന്റെ മൗനവും; ഉദ്ഘാടനഘട്ടം വരെയെത്തിയ സീ പ്ലെയിൻ പദ്ധതിക്ക് അന്ത്യം

കൊച്ചി: മുൻ എൽഡിഎഫ് സർക്കാരിന്റെ നിരന്തര ഇടപെടലിലൂടെ ഉദ്ഘാടന ഘട്ടം വരെ എത്തിയ കൊച്ചി-ലക്ഷദ്വീപ് സീ പ്ലെയിൻ പദ്ധതിക്ക് ഷട്ടറിടുന്നു. കേരളത്തോടുള്ള കേന്ദ്രത്തിന്റെ കടുത്ത രാഷ്ട്രീയപ്പകയ്ക്ക് സംസ്ഥാന സർക്കാർ മൗനാനുവാദം നൽകിയതോടെ പദ്ധതി ഏറെക്കുറെ നിലച്ചിരിക്കുകയാണ്. സർവീസ് ആരംഭിക്കാൻ നാളുകൾ മാത്രം ബാക്കിനിൽക്കെയാണ്, സംഘപരിവാർ അജണ്ട നടപ്പാക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഇടപെട്ട് പദ്ധതിക്ക് നൽകിയിരുന്ന മുഴുവൻ അനുമതികളും റദ്ദാക്കിയത്.
എൽഡിഎഫ് ഭരണകാലത്ത് കൃത്യമായ ആസൂത്രണത്തോടെയാണ് സീ പ്ലെയിൻ പദ്ധതിയുടെ പാതകളും അടിസ്ഥാന സൗകര്യങ്ങളും നിശ്ചയിച്ചത്. വ്യോമയാന മന്ത്രാലയത്തിന്റെയും ഡിജിസിഎയുടെയും അന്തിമ അനുമതികൾ ഉൾപ്പെടെ നേടുകയും ചെയ്തു. സർവീസ് വിജയത്തോടടുപ്പിച്ച പദ്ധതിയാണ് ഇപ്പോൾ കേന്ദ്ര-യുഡിഎഫിന്റെ താല്പര്യങ്ങൾക്ക് മുന്നിൽ തകർക്കപ്പെട്ടിരിക്കുന്നത്.
കേരളത്തിൽ ഭരണം മാറി യുഡിഎഫ് അധികാരത്തിൽ വന്നതോടെ, കേന്ദ്രത്തിന്റെ മലയാളിവിരുദ്ധ നയങ്ങൾക്കെതിരെ ഒരക്ഷരം മിണ്ടാതെ സംസ്ഥാന ഭരണകൂടം പൂർണമായി കീഴടങ്ങുകയായിരുന്നു. ലക്ഷദ്വീപിന് സാങ്കേതികജ്ഞാനമില്ലെന്ന വിചിത്രവും യുക്തിരഹിതവുമായ ന്യായം പറഞ്ഞാണ് അഡ്മിനിസ്ട്രേറ്റർ അവസാന നിമിഷം പദ്ധതിയിൽ നിന്നും പിൻവാങ്ങിയത്.
കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ വികസനവിരുദ്ധ നിലപാട് കാരണം സീ പ്ലെയിൻ സർവീസിന് ചുക്കാൻ പിടിച്ച സ്കൈഹോപ് ഏവിയേഷന് കുറഞ്ഞത് 150 കോടി രൂപയെങ്കിലും നഷ്ടമാണുണ്ടായേക്കും. കോടികൾ നിക്ഷേപിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കുകയും ചെയ്ത കമ്പനി, അഡ്മിനിസ്ട്രേഷന്റെ പീഡനം സഹിക്കാനാവാതെ ലക്ഷദ്വീപ് ഉപേക്ഷിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് പദ്ധതി മാറ്റാനുള്ള നീക്കങ്ങൾ ആരംഭിച്ചുവെന്നാണ് അനൗദ്യോഗിക വിവരം.
കൊച്ചിക്കും ലക്ഷദ്വീപിനും ഇടയിൽ വിനോദസഞ്ചാര-ഗതാഗത മേഖലകളിൽ വൻ കുതിച്ചുചാട്ടം ഉണ്ടാക്കുമായിരുന്ന ഒരു സ്വപ്ന പദ്ധതിയാണ് കേന്ദ്രത്തിന്റെ രാഷ്ട്രീയപ്പകയിലും യുഡിഎഫിന്റെ നിഷ്ക്രിയത്വത്തിലും ഇല്ലാതായത്. അഡ്മിനിസ്ട്രേറ്റർ പദ്ധതിയിൽ നിന്നും പിന്മാറാനുള്ള നടപടികൾ ആരംഭിച്ചിട്ടും കേരളം പദ്ധതിക്കായി ശബ്ദിക്കുകയോ വിഷയത്തിൽ ഇടപെടുകയോ ചെയ്തിട്ടില്ല.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കൊച്ചിയിൽനിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് സീ പ്ലെയിൻ പരീക്ഷണ പറക്കൽ നടത്തുകയും അത് വിജയമായി മാറുകയും ചെയ്തിരുന്നു. കേരളത്തിൽ സീ പ്ലെയിൻ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഏവിയേഷൻ വകുപ്പിൽ നിന്നും 48 റൂട്ടുകളായിരുന്നു അനുവദിച്ചുകിട്ടിയിരുന്നത്.
എന്താണ് സീ പ്ലെയിൻ
വെള്ളത്തിലൂടെ നീങ്ങി പറന്നുയർന്ന് വെള്ളത്തിൽത്തന്നെ ലാൻഡ് ചെയ്യാനാകുന്ന ചെറുവിമാനങ്ങളാണ് സീ പ്ലെയിൻ. 10 മുതൽ 25 വരെ സീറ്റുകളുണ്ടാകും. 30 സീറ്റുള്ളവയുമുണ്ട്. വിമാനത്തിന്റെ വലിപ്പവും യാത്രികരുടെ എണ്ണവും അനുസരിച്ച് സീറ്റ് വ്യത്യാസപ്പെടും.
യാത്രാസമയത്തിലെ വലിയ കുറവാണ് സീപ്ലെയിൻ പദ്ധതിയുടെ പ്രധാന ആകർഷണം. കൊച്ചിയിൽ നിന്ന് ദ്വീപുകളിലെത്താൻ വെറും ഒരു മണിക്കൂർ മുതൽ ഒന്നേകാൽ മണിക്കൂർ വരെ മതിയാകും. നിലവിൽ മണിക്കൂറുകൾ നീളുന്ന കപ്പൽ യാത്രയുമായി താരതമ്യം ചെയ്യുമ്പോൾ, ദ്വീപ് നിവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ഗുണകരമാകുന്ന പദ്ധതിയാണിത്.
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കാനുള്ള സീ
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കാനുള്ള സീപ്ലെയിൻ പദ്ധതിയുടെ ഭാഗമായാണ് ലക്ഷദ്വീപിലേക്കും സർവീസുകൾ വിഭാവനം ചെയ്യുന്നത്. നേരത്തെ കൊച്ചി ബോൾഗാട്ടിയിൽ നിന്ന് ഇടുക്കി മാട്ടുപ്പെട്ടി ഡാമിലേക്ക് നടത്തിയ പരീക്ഷണപ്പറക്കൽ വൻ വിജയമായിരുന്നു. ലക്ഷദ്വീപ് ഭരണകൂടം, ഡി.ജി.സി.എ, എയർപോർട്ട് അതോറിറ്റി എന്നിവയുമായി ചേർന്നാണ് സിയാൽ ഈ ദൗത്യത്തിന് പിന്തുണ നൽകുന്നത്.








0 comments