ad
Deshabhimani

നുണകളുടെ ഘോഷയാത്രയുമായി വി ഡി സതീശൻ; എൽഡിഎഫ് സർക്കാർ ഇന്ധനനികുതി കുറച്ചതിന്റെ നിയമസഭാ രേഖകൾ പുറത്ത്

VD Satheeshan.jpg
വെബ് ഡെസ്ക്

Published on Jun 02, 2026, 03:58 PM | 1 min read

തിരുവനന്തപുരം: ഇന്ധനനികുതി വർദ്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉന്നയിക്കുന്ന വാദങ്ങൾ പൂർണ്ണമായും പൊളിയുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഇന്ധനനികുതി കുറച്ചിട്ടില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വാദങ്ങൾക്ക് വിരുദ്ധമായി, മുൻ സർക്കാർ നികുതി കുറച്ചതുമായി ബന്ധപ്പെട്ട ഔദ്യോഗിക നിയമസഭാ രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.


പറയുന്ന കള്ളങ്ങൾക്കെല്ലാം നീർക്കുമിളകളുടെ ആയുസ്സ് മാത്രമേയുള്ളൂ എന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ഔദ്യോഗിക രേഖകൾ. കസേര മാറുമ്പോൾ നിലപാട് മാറ്റുന്ന വിഡി സതീശന് കടുത്ത തിരിച്ചടിയാണ് ഈ നിയമസഭാ രേഖകൾ നൽകുന്നത്.


പതിനൊന്നാം കേരള നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിന് അന്നത്തെ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടിഎം തോമസ് ഐസക് നൽകിയ ഔദ്യോഗിക മറുപടിയാണ് പ്രതിപക്ഷത്തിന്റെ വാദങ്ങളുടെ മുനയൊടിക്കുന്നത്.


ഇന്ധനവില വർദ്ധനവിലൂടെ സർക്കാരിന് ലഭിച്ച അധിക വരുമാനത്തെക്കുറിച്ചും നികുതി കുറയ്ക്കുന്നതിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയാണ് അന്ന് ധനമന്ത്രി നൽകിയത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം പെട്രോൾ, ഡീസൽ വില വർദ്ധനവിലൂടെ പെട്രോളിൽ നിന്ന് 349.83 കോടി രൂപയുടെയും ഡീസലിൽ നിന്ന് 481.84 കോടി രൂപയുടെയും അധിക വരുമാനം 30.11.2018 വരെ ലഭിച്ചതായി മറുപടിയിൽ വ്യക്തമാക്കുന്നു.


ഈ അധിക വരുമാന നികുതിയുടെ ഒരു ഭാഗം ഉപേക്ഷിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, സാധാരണക്കാരെ സഹായിക്കുന്നതിനായി 01.06.2018 മുതൽ വിലയിൽ ഒരു രൂപ കുറയുന്ന രീതിയിൽ സംസ്ഥാന സർക്കാർ നികുതിനിരക്ക് കുറച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ധനമന്ത്രി വിശദീകരിക്കുന്നുണ്ട്.


മുൻ എൽഡിഎഫ് സർക്കാർ ഇന്ധന നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകിയെന്ന വസ്തുത നിയമസഭയിൽ അന്നത്തെ ധനമന്ത്രി രേഖാമൂലം വ്യക്തമാക്കിയതാണെന്ന് ഈ ഉത്തരവ് അടിവരയിടുന്നു. ഇതോടെ, രാഷ്ട്രീയ ലാഭത്തിന് വേണ്ടി വിഡി സതീശൻ നടത്തുന്ന പ്രചാരണങ്ങൾ കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home