print edition ഒടുക്കം സതീശൻ

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് എംഎൽഎമാരുടെ പിന്തുണക്കത്ത് കൈമാറുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവർ സമീപം

എം അഖിൽ
Published on May 15, 2026, 12:51 AM | 2 min read
ന്യൂഡൽഹി: ജനവിധിയെ അപഹസിച്ച് 11 ദിവസം നീണ്ട ചേരിപ്പോരിനും തമ്മിലടിക്കും ശേഷം വി ഡി സതീശനെ നിയമസഭാകക്ഷി നേതാവായി പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. മുസ്ലിം ലീഗ് ഉൾപ്പടെയുള്ള ഘടകകക്ഷികളുടെയും ജമാ അത്തെ ഇസ്‌ലാമിയുടെയും ശക്തമായ സമ്മർദവും മുതിർന്ന നേതാക്കളുടെ പിന്തുണയും ആയുധമാക്കിയാണ് സതീശൻ മുഖ്യമന്ത്രിക്കസേര ഉറപ്പിച്ചത്. കെ സി വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും അവസാനനിമിഷം വെട്ടിവീഴ്‌ത്തി സീനിയോറിറ്റി പോലും പരിഗണിക്കാതെ സതീശൻ മുഖ്യമന്ത്രിക്കസേര പിടിച്ചടക്കി. വ്യാഴാഴ്‌ച പകൽ മൂന്ന് മണിക്കൂറിലേറെ നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് രാഹുലും പ്രിയങ്കയും വേണുഗോപാലിനെ അനുനയിപ്പിച്ചത്. സീനിയറായ തന്നെ പരിഗണിക്കാത്തതിലുള്ള കടുത്ത പ്രതിഷേധവും അതൃപ്‌തിയും ചെന്നിത്തല രാഹുലിനെ അറിയിച്ചു. തുടർന്ന് നിയമസഭാ കക്ഷി യോഗം ബഹിഷ്‌കരിച്ച ചെന്നിത്തല തിരുവനന്തപുരത്ത് നിന്ന് മടങ്ങി. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷിയാണ് എഐസിസി ആസ്ഥാനത്ത് 12 മണിക്ക് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സതീശനെ കോൺഗ്രസ് നിയമസഭാകക്ഷി നേതാവായി പ്രഖ്യാപിച്ചത്.
ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയോടെ മുഖ്യമന്ത്രിയാകാമെന്ന കണക്കുകൂട്ടൽ അടിമുടി പിഴച്ചതിൽ നിരാശനും അസ്വസ്ഥനുമായിരുന്നു വേണുഗോപാൽ. ‘ഇന്നും ഇന്നലെയും പാർടിയിൽ വന്ന ആളല്ല. പാർടിക്ക് മുകളിൽ പ്രതിച്ഛായ ഉണ്ടാക്കാൻ നോക്കിയിട്ടില്ല. എനിക്കെതിരായ ആസൂത്രിത നീക്കങ്ങളും നുണപ്രചാരണങ്ങളും സഹിക്കും’–വേണുഗോപാൽ മാധ്യമങ്ങളോട് തുറന്നടിച്ചു.
സതീശനെ ഒഴിവാക്കിയാൽ പാർടിക്കുള്ളിലും മുന്നണിയിലും വലിയ കലാപം ഉണ്ടാകുമെന്നും അതൊന്നും നേരിടാനുള്ള ത്രാണി കോൺഗ്രസിനില്ലെന്നും നേതൃത്വം വേണുഗോപാലിനെ അറിയിച്ചു. ഉപതെരഞ്ഞെടുപ്പുണ്ടായാൽ വേണുഗോപാലിനെയും ആലപ്പുഴയിൽ കോൺഗ്രസ് സ്ഥാനാർഥിയെയും തോൽപ്പിക്കുമെന്ന് ലീഗും ജമാ അത്തെ ഇസ്‌ലാമിയും ഭീഷണിപ്പെടുത്തിയിട്ടുമുണ്ടെന്നും അറിയിച്ചു.
വേണുഗോപാൽ പിൻമാറിയെന്ന രാഹുലിന്റെ സന്ദേശം 11.25ഓടെ ഖാർഗെയ്‌ക്ക് ലഭിച്ചു. കോൺഗ്രസ് നേതൃത്വം ലീഗിനെ ബന്ധപ്പെട്ട് സതീശൻ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പുനൽകി. രമേശ് ചെന്നിത്തലയെ രാഹുലും ഖാർഗെയും തീരുമാനം വിളിച്ചറിയിച്ചു.
ലീഗിന്റെ സമ്മർദവും എ കെ ആന്റണി, വി എം സുധീരൻ, കെ മുരളീധരൻ തുടങ്ങിയ മുതിർന്ന നേതാക്കളുടെ പിന്തുണയുമാണ് സതീശനെ തുണച്ചത്. ‘വേണുഗോപാലിനെ പിന്തുണച്ചാൽ രാഹുലും പ്രിയങ്കയും വയനാട് മറന്നേക്കൂ’ എന്ന പ്രചാരണം ശക്തമായതോടെ അതുവരെ വേണുഗോപാലിനെ പിന്തുണച്ച പ്രിയങ്കയും കളംമാറ്റിചവിട്ടി. അതേസമയം, ആസൂത്രിതമായ നീക്കങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലടക്കമുള്ള പെയ്‌ഡ് ക്യാംപയിനിലൂടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്കൊപ്പമാണെന്ന പ്രതീതി സൃഷ്‌ടിക്കുന്നതിൽ സതീശനും വിജയിച്ചു.
സത്യപ്രതിജ്ഞ 18ന്
തിരുവനന്തപുരം: സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ലോക്‌ഭവനിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ സന്ദർശിച്ചുു. എംഎൽഎമാരുടെ പിന്തുണക്കത്ത് കൈമാറി. തിങ്കളാഴ്‌ച രാവിലെ 10ന് സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. എത്ര മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്ന് വ്യക്തമല്ല. യുഡിഎഫ് നേതൃയോഗം വെള്ളിയാഴ്‌ച വൈകിട്ട് കന്റോൺമെന്റ് ഹൗസിൽ ചേരും. വ്യാഴാഴ്‌ച വൈകിട്ട് ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർടി യോഗം വി ഡി സതീശനെ പാർലമെന്ററി കക്ഷി നേതാവായി തെരഞ്ഞെടുത്തു. 21ന് നിയമസഭ ചേരാനാണ് ആലോചന. അന്ന് എംഎൽഎമാരുടെ സത്യപ്രതിജ്‌ഞയും നടക്കും.
-‘അതുംകൂടി ഞാൻ ഒഴിഞ്ഞുകൊടുക്കാം’
ന്യൂഡൽഹി: ‘വേണമെങ്കിൽ അതുംകൂടി ഞാൻ ഒഴിഞ്ഞുകൊടുക്കാം’–മുഖ്യമന്ത്രി മോഹം പൊലിഞ്ഞതിന് പിന്നാലെ മാധ്യമങ്ങളോട് കെ സി വേണുഗോപാൽ പറഞ്ഞു. സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി പദം ഒഴിയുമോയെന്ന ചോദ്യത്തോടായിരുന്നു പ്രതികരണം. രാഷ്‌ട്രീയം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഒരു സുപ്രഭാതത്തിൽ എവിടെയെങ്കിലും മുളച്ചുവീണതുമല്ല. 45 കൊല്ലമായുള്ള പ്രവർത്തനങ്ങൾ വഴിയാണ് ഇവിടെ വരെ എത്തി നിൽക്കുന്നത്. എവിടെയെങ്കിലുംനിന്ന് ഒരു കടന്നാക്രമണമുണ്ടാകുന്പോൾ അതിൽ ഭയക്കാറില്ല. ആക്രമിക്കട്ടെ... ഇനിയും ആക്രമിക്കട്ടെ– വേണുഗോപാൽ പറഞ്ഞു.
ജനം കയ്‌പുനീര് കുടിക്കേണ്ടിവരും
തിരുവനന്തപുരം: തുടക്കത്തിൽത്തന്നെ ഒന്നിനുപിറകെ ഒന്നായി ജനപ്രിയ പ്രഖ്യാപനങ്ങൾ വി ഡി സതീശനിൽനിന്ന് പ്രതീക്ഷിക്കരുതെന്നും ജനങ്ങൾ ആദ്യം കുറച്ചു കയ്‌പുനീര് കുടിക്കേണ്ടി വരുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. മുണ്ട് കുറച്ച് മുറുക്കി ഉടുക്കേണ്ടി വരും. ഏതെങ്കിലും ഒരു നേതാവി ന്റെ പിന്തുണകൊണ്ടുമാത്രം ഭരണകർത്താവിന് മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആർപ്പുവിളിച്ചവർ തിരിയുന്ന സാഹചര്യം സതീശനും സഹപ്രവർത്തകർക്കും ഉണ്ടാകരുത്. ഇപ്പോഴത്തേതിന് സമാനമായ ജനവിധിയുമായാണ് 2001ൽ താൻ മുഖ്യമന്ത്രിയായത്. തുടക്കത്തിൽ ആരവങ്ങളും മാധ്യമപിന്തുണയും ഉണ്ടായി. കുറച്ചുകഴിഞ്ഞപ്പോൾ അതെല്ലാം കെട്ടടങ്ങിയെന്നും ആർപ്പുവിളിച്ചവരും മാധ്യമങ്ങളും എതിരായി തിരിഞ്ഞുവെന്നും ആന്റണി പറഞ്ഞു.










0 comments