ad
Deshabhimani

വിബിജി ആർഎഎംജി

print edition താഴെത്തട്ടിൽ പരിശീലനമില്ല; പദ്ധതി നടത്തിപ്പ് ആശങ്കയിൽ

mgnrega
avatar
ജയൻ ഇടയ്‌ക്കാട്‌

Published on Jul 09, 2026, 12:00 AM | 2 min read

കൊല്ലം : സംസ്ഥാനത്ത് ജൂലൈ ഒന്നിന്‌ പ്രാബല്യത്തിൽ വന്ന വിബിജി വിബിജി ആർഎഎംജി (വികസിത ഭാരത്- ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ, ഗ്രാമീൺ)പദ്ധതിയിൽ ആശയക്കുഴപ്പവും അനിശ്ചിതത്വവും തുടരുന്നു. പദ്ധതി ആരംഭിച്ചത് ഗ്രാമ, -ബ്ലോക്ക് തല കരാർ ജീവനക്കാർക്ക് പരിശീലനം നൽകാതെ. സോഷ്യൽ ഓഡിറ്റ് ടീമുകൾക്ക് പരിശീലനം നൽകിയെങ്കിലും പഞ്ചായത്ത് സെക്രട്ടറിമാർ, തൊഴിലുറപ്പ് ഉദ്യോഗസ്ഥർ, ബ്ലോക്കുതല ജീവനക്കാർ തുടങ്ങി പദ്ധതി നേരിട്ട് നടപ്പാക്കുന്നവർക്ക് ഇതുവരെ പരിശീലനം ലഭിച്ചില്ല.


നിരവധി വിഷയങ്ങളിൽ വ്യക്തമായ മാർഗനിർദേശം ലഭിച്ചിട്ടില്ല. വാട്സാപ് ഗ്രൂപ്പ് നിർദേശങ്ങൾക്കനുസരിച്ച്‌ പ്രവൃത്തി നടത്തിയാൽ മാർഗനിർദേശത്തിന് വിരുദ്ധമാകുമോ എന്ന ആശങ്കയിലാണ്‌ ജീവനക്കാർ. നേരത്തേ പിഎംഎവൈ ജി -സംസ്ഥാന സർക്കാർ ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് വീടുപണിക്കായി 90തൊഴിൽ ദിനങ്ങൾ നൽകാമായിരുന്നു. വിബിജി ആർഎഎംജിയിൽ സംസ്ഥാന ഭവനപദ്ധതിക്ക് തുക ലഭ്യമാകുന്ന കാര്യം പറഞ്ഞിട്ടില്ല. എന്നാൽ, നേരത്തേ ആരംഭിച്ച സംസ്ഥാന ഭവനപദ്ധതി ഗുണഭോക്താക്കൾക്ക് 90 ദിവസമോ അനുവദിച്ചതിന്റെ ബാക്കി തൊഴിൽ ദിനങ്ങളോ നൽകാൻ മസ്റ്റർറോൾ അനുവദിക്കാനാകുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.


പുതിയ പദ്ധതിയിൽ ഉൾപ്പെടാത്ത പ്രവൃത്തികൾ തുടരുകയാണെങ്കിൽ സാമ്പത്തിക ഉത്തരവാദിത്വം പഞ്ചായത്തുകൾക്കാണോ എന്ന ആശങ്കയുമുണ്ട്‌. പഞ്ചായത്തുകളെ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ എ, ബി, സി എന്ന ഗ്രേഡ് ചെയ്ത് അതിന്റെ അടിസ്ഥാനത്തിലും 60 : 40 അനുപാതത്തിലും നോർമേറ്റീവ് അലോക്കേഷനായി ഫണ്ട് അനുവദിക്കുമെന്നാണ് പദ്ധതി നിയമത്തിലുള്ളത്. ജൂൺ 30വരെ എൻട്രി ചെയ്ത പ്രവൃത്തികൾക്ക് പഴയ പദ്ധതിയിലെ ഫണ്ട് ലഭിക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ, ജൂലൈ ഒന്നിനു ശേഷം ആരംഭിച്ച പ്രവൃത്തികൾക്ക്, പഞ്ചായത്തുകളുടെ ഗ്രേഡിങ് പൂർത്തിയാകാത്ത സാഹചര്യത്തിൽ, ഫണ്ട് വിതരണം ഏത് മാനദണ്ഡപ്രകാരമാണെന്ന കാര്യത്തിലും വ്യക്തതയില്ല.


പദ്ധതി നടപ്പാക്കുന്ന യുക്തധാര പോർട്ടലിൽ പഴയ തൊഴിലുറപ്പ് പദ്ധതിയുടെ കാറ്റഗറി ‘എ' യിൽ ഉൾപ്പെട്ടിരുന്ന ടെറസിങ് ഉൾപ്പെടെ നീർത്തട വികസന പ്രവൃത്തികൾ പദ്ധതിയിൽ കാറ്റഗറി നാലിലേക്ക്‌ മാറ്റി. ഇതോടെ യുക്തധാരയിൽ ഇതിനകം തയ്യാറാക്കിയ പദ്ധതികൾ നിലവിലെ മാനദണ്ഡപ്രകാരം നടപ്പാക്കാനാകുമോ എന്ന ചോദ്യം ഉയരുന്നു.


സംസ്ഥാന ഭവനപദ്ധതികൾക്കും കേന്ദ്രം എൻഎംഎംഎസ്‌ ഹാജർ നിർബന്ധമാക്കിയതോടെ സ്മാർട്ട്ഫോൺ ഉപയോഗിക്കാനോ സ്വയം ഹാജർ രേഖപ്പെടുത്താനോ കഴിയാത്തത് തൊഴിലാളികളെ ബുദ്ധിമുട്ടിലായി. ബദൽ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. പുതിയ പദ്ധതിയിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ നിർദേശിച്ച 318 പ്രവൃത്തികളിൽ തീരദേശ പഞ്ചായത്തുകൾക്ക് അനുയോജ്യമായവ നാമമാത്രമാണ്. നിർമാണ പ്രവർത്തനംപോലെ കൂടുതൽ തൊഴിൽ സൃഷ്ടിക്കാൻ ഉതകുന്ന പ്രവൃത്തികളും പുതിയ പദ്ധതിയുടെ പട്ടികയിൽ ഇല്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home