വാഴച്ചാലിന്റെ ഹൃദയതാളം : വാർഷിക കണക്കെടുപ്പിൽ തെളിഞ്ഞത് 26 പുതിയ വിസ്മയങ്ങൾ

തൃശൂർ: അതിരപ്പിള്ളിയുടെയും വാഴച്ചാലിന്റെയും വന്യസൗന്ദര്യം വെറും വെള്ളച്ചാട്ടങ്ങളിൽ ഒതുങ്ങുന്നതല്ലെന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യ കലവറയായ വാഴച്ചാൽ വനമേഖലയിൽ നടത്തിയ വാർഷിക ജന്തുജാല കണക്കെടുപ്പിൽ കണ്ടെത്തിയത് 26 പുതിയ ജീവിവർഗങ്ങളെയാണ്.വനംവകുപ്പും ട്രാവൻകൂർ നേച്വർ ഹിസ്റ്ററി സൊസൈറ്റിയും കൈകോർത്തപ്പോൾ തെളിഞ്ഞുവന്നത് അതിമനോഹരമായ ഒരു പ്രകൃതിചിത്രമാണ്.
മലക്കപ്പാറ മുതൽ ചാലക്കുടി വരെയുള്ള വിശാലമായ വനഭൂമിയിൽ, 14 ക്യാമ്പുകളിലായി താമസിച്ച് 50 വിദഗ്ധരും അത്രതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് ഈ മനോഹരമായ കണക്കെടുപ്പ് നടത്തിയത്
ചിറകുവിടർത്തുന്ന വർണ്ണവിസ്മയങ്ങൾ
ഇത്തവണത്തെ സർവേയിൽ ഏറ്റവും കൂടുതൽ തിളങ്ങിയത് ശലഭങ്ങളാണ്. ആകെ 175 ഇനം ശലഭങ്ങളെ കണ്ടെത്തിയതിൽ 13 എണ്ണം ഈ മേഖലയിൽ ആദ്യമായാണ് രേഖപ്പെടുത്തുന്നത്.
പുതിയ അതിഥികൾ: കനിരാജൻ (റെഡ് സ്പോട് ഡ്യൂക്ക് ), ദന്തസൂര്യശലഭം (അക്യൂട്ട് സൺബീം), കാട്ടുവേലിനീലി, നാട്ടുമുളവാലൻ, മണിവർണ്ണൻ, കാട്ടുമരത്തുള്ളൻ എന്നിവർ വാഴച്ചാലിന്റെ പുതിയ അവകാശികളായി.കരിംപൊട്ടുവാലാട്ടി (ഡാർക്ക് സെരുലിയൻ ) ശലഭങ്ങളുടെ കൂട്ടമായ ദേശാടനവും ബ്ലൂ ടൈഗർ ,ഡാർക്ക് ബ്ലൂ ടൈഗർ ,അരളിശലഭം തുടങ്ങിയവയുടെ വൻ സാന്നിധ്യവും പ്രദേശത്തെ ഗവേഷകരെ അത്ഭുതപ്പെടുത്തി.
പക്ഷിലോകത്തെ പുതിയ അതിഥികൾ
പക്ഷിവർഗങ്ങളുടെ കാര്യത്തിലും വാഴച്ചാൽ ഒട്ടും പിന്നിലല്ല. ആകെ 187 സ്പീഷീസുകളെ കണ്ടെത്തിയതിൽ 10 എണ്ണം ഈ പ്രദേശത്തെ പുതിയ കണ്ടെത്തലുകളാണ്.
കറുത്ത കൊക്ക് (ബ്ലാക്ക് സ്റ്റോർക് ), വെള്ള അരിവാൾ കൊക്കൻ, കിന്നരി പ്രാപ്പരുന്ത്, വലിയ പുള്ളിപ്പരുന്ത് തുടങ്ങിയ അപൂർവ്വ പക്ഷികൾ വനത്തിന്റെ ആഴങ്ങളിലുണ്ടെന്ന് സർവേ സ്ഥിരീകരിച്ചു.
വനത്തിന്റെ ആരോഗ്യകരമായ പരിസ്ഥിതി സൂചിപ്പിക്കുന്ന ശ്രീലങ്കൻ ഫ്രോഗ് മൗത്ത് (മാക്കാച്ചിക്കാട), ഷാമക്കിളി, ഗ്രേ ബെലീഡ് കുക്കു (ചെറുകുയിൽ) ഗ്രേ ഹെഡ്ഡഡ് ഫിഷ് ഈഗിൾ (വലിയ മീൻപരുന്ത്), ലെസ്സർ ഫിഷ് ഈഗിൾ (ചെറിയ മീൻപരുന്ത്), , ബ്ലൂ ഈയേർഡ് കിങ്ഫിഷർ (പൊടിപ്പൊന്മാൻ), മലമുഴക്കിവേഴാമ്പൽ, കോഴിവേഴാമ്പൽ തുടങ്ങിയവയുടെ സാന്നിധ്യവും രേഖപ്പെടുത്തി.
വരൾച്ചയെ തോൽപ്പിച്ച ജീവജാലങ്ങൾ
കടുത്ത വേനലിലും വാഴച്ചാലിലെ ജീവലോകം സജീവമാണ്. 45 ഇനം തുമ്പികളെ തിരിച്ചറിഞ്ഞ കൂട്ടത്തിൽ കാറ്റാടിത്തുമ്പിയും പച്ച ചേരാച്ചിറകനും പുതിയവരാണ്. ഇവയ്ക്ക് പുറമെ 30 ഇനം ഉറുമ്പുകൾ,33 ഇനം ചിലന്തികൾ,6 ഇനം ചീവീടുകൾ,എന്നിവയെയും ഗവേഷകർ തരംതിരിച്ചു.കടുവ, പുലി, ആനക്കൂട്ടങ്ങൾ എന്നിവയുടെ സ്ഥിരസാന്നിധ്യം കൂടി രേഖപ്പെടുത്തിയതോടെ, തെക്കൻ പശ്ചിമഘട്ടത്തിലെ വന്യജീവികളുടെ ഏറ്റവും പ്രധാനപ്പെട്ട വനപാതയായി വാഴച്ചാൽ തുടരുകയാണെന്ന് ഗവേഷകർ ഉറപ്പിച്ചു പറയുന്നു.
വാഴച്ചാൽ ഡി.എഫ്.ഒ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ നടന്ന ഈ സർവേ, വരും തലമുറയ്ക്കായി നാം കാത്തുസൂക്ഷിക്കേണ്ട ജൈവനിധിയിലേക്കുള്ള ഒരു ചൂണ്ടുപലകയാണ്. ഓരോ പുതിയ ജീവിവർഗവും വനത്തിന്റെ നിലനിൽപ്പിന്റെയും ആരോഗ്യത്തിന്റെയും അടയാളങ്ങളാണ്.അതിനാൽ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഈ ബന്ധം വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.










0 comments