എംഎൽഎ ഓഫീസ്: ബിജെപിയ്ക്ക് പിന്തുണയുമായി കോൺഗ്രസും; മറുപടിയുമായി വി കെ പ്രശാന്ത്

കെ ശബരീനാഥൻ, ആർ ശ്രീലേഖ, വി കെ പ്രശാന്ത്
തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിന്റെ എംഎൽഎ ഓഫീസ് ഒഴിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് പിന്തുണയുമായി കോൺഗ്രസും. ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് പ്രശാന്ത് ഒഴിയണമെന്ന് കോൺഗ്രസ് നേതാവ് കെ ശബരീനാഥൻ ആവശ്യപ്പെട്ടു. പ്രശാന്തിന് എംഎൽഎ ഹോസ്റ്റലിൽ സ്ഥലമുണ്ടെന്ന വാദമാണ് ശബരീനാഥൻ ഉന്നയിച്ചത്. സാധാരണ പരാതികളടക്കം നൽകാൻ വരുന്നവർക്ക് എളുപ്പത്തിൽ എംഎൽഎ ഹോസ്റ്റലിൽ കടന്നുചെല്ലാൻ സാധിക്കില്ലെന്നതുപോലും മറച്ചുവെച്ചായിരുന്നു ശബരീനാഥന്റെ ന്യായീകരണം.
അതേസമയം, ശബരീനാഥന്റെ പ്രതികരണത്തിന് മറുപടിയുമായി വി കെ പ്രശാന്ത് രംഗത്തെത്തി. എംഎൽഎ ഹോസ്റ്റലിലെ മുറി ഓഫീസായി ഉപയോഗിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. മണ്ഡലത്തിന്റെ ഒരുമൂലയിലാണ് എംഎൽഎ ഓഫീസ്. എന്നാൽ എല്ലാ വിഭാഗം ജനങ്ങൾക്കും വന്നുചേരാൻ ഗതാഗത സൗകര്യമടക്കം ഉള്ള സ്ഥലം എന്ന നിലയിലാണ് ശാസ്തമംഗലം തെരഞ്ഞെടുത്തത്. ഇതുവരെയും ആരും ഇതിൽ ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു.
മണ്ഡലത്തിലെ ആളുകൾക്ക് എല്ലാസമയത്തും കടന്നുവരാൻ സൗകര്യമുള്ള സ്ഥലത്ത് ഓഫീസ് വേണമെന്ന് കരുതിയാണ് ശാസ്തമംഗലത്തെ കെട്ടിടം തെരഞ്ഞെടുത്തത്. ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ഓഫീസിൽ എത്തുന്നത്. ഏഴ് വർഷക്കാലം സുഗമമായി അവിടെ പ്രവർത്തിക്കുകയാണ്. മാർച്ച് 31വരെ കെട്ടിടത്തിൽ പ്രവർത്തിക്കാൻ അനുമതിയുണ്ട്. ബിജെപി കോർപറേഷൻ ഭരണത്തിൽ വന്നതോടെയാണ് ഏതോ അജണ്ടയുടെ ഭാഗമായി എംഎൽഎ ഓഫീസ് അവിടെനിന്നും മാറ്റാൻ ശ്രമിക്കുന്നത്. ശബരീനാഥനെപ്പോലുള്ളവർ എന്ത് അർത്ഥത്തിലാണ് ഇത്തരം നീക്കങ്ങൾക്ക് കൂട്ടുനിൽക്കുന്നത് എന്നത് അറിയില്ല.
ഓഫീസ് വാടകയ്ക്കുള്ള 25,000 രൂപ എഴുതിവാങ്ങിയിട്ട് 820 രൂപ മാത്രം എംഎൽഎ ചെലവാക്കുന്നു എന്ന് സോഷ്യൽ മീഡിയ വഴി ബിജെപി നുണപ്രചരിപ്പിക്കുന്നുണ്ട്. കേരളത്തിലാണ് എംഎൽഎമാർക്ക് കുറഞ്ഞ അലവൻസുള്ളത്. ലഭിക്കുന്ന 25,000 രൂപ വാടക ആവശ്യത്തിനല്ല. വിവിധ നിലയിലുള്ള ഓഫീസ് ചെലവുകൾക്ക് ഉൾപ്പെടെയാണ് തുക ലഭിക്കുന്നതെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ ശ്രീലേഖയാണ് കഴിഞ്ഞദിവസം പ്രശാന്തിനോട് ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടത്.










0 comments