സാനിട്ടറി വേസ്‌റ്റോ... വർക്കലയ്‌ക്ക്‌ നോ പ്രോബ്ലം

SANITARY WASTE MANAGEMENT
avatar
മിൽജിത്‌ രവീന്ദ്രൻ

Published on Oct 03, 2025, 12:12 AM | 1 min read

വർക്കല : രണ്ടു വർഷംമുമ്പ്‌ നഗരസഭയിലെത്തിയ പ്രവാസിയായ യുവാവ് പങ്കുവച്ച ആശങ്ക സാനിട്ടറി വേസ്‌റ്റ്‌ ഒഴിവാക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചായിരുന്നു. അന്നാണ്‌ ചെയർമാൻ കെ എം ലാജിയുടെ ചിന്തയിൽ സാനിട്ടറി വേസ്‌റ്റ്‌ പ്ലാന്റ്‌ എന്ന ആശയം ഉദിക്കുന്നത്‌. ഫ്‌ളോററ്റ്‌ ടെക്‌നോളജീസ്‌ എന്ന കമ്പനി അങ്ങനെ വർക്കലയിലെത്തി.


നഗരസഭ 1.47 കോടി രൂപ ചെലവഴിച്ച്‌ കണ്വാശ്രമത്തിലെ 10 സെന്റ്‌ സ്ഥലത്താണ്‌ സാനിറ്ററി വേസ്‌റ്റ്‌ ടു എനർജി പ്ലാന്റ്‌ യാഥാർഥ്യമാക്കിയത്‌. സംസ്ഥാനത്തെ ആദ്യ സാനിട്ടറി വേസ്‌റ്റ്‌ ടു എനർജി പ്ലാന്റാണിത്‌. ഒറ്റത്തവണ അഞ്ച്‌ ടൺ വേസ്‌റ്റാണ്‌ സംസ്‌കരിക്കാനാവുക. ഓരോ പ്രദേശത്തും പ്രത്യേക ടീം വീടുകളിലെത്തി മാലിന്യം ശേഖരിക്കും. വേസ്‌റ്റ്‌ വീട്ടിലുള്ള കാര്യം ആപ്പുവഴി അറിയിക്കാം. ഉടൻ സംഘം വീട്ടിലെത്തും.


നഗരസഭാ പരിധിയിൽ ഒരു കിലോ വേസ്‌റ്റിന്‌ 42 രൂപയും നഗരസഭയ്‌ക്ക്‌ പുറത്ത്‌ 45 രൂപയും നികുതിയുമാണ്‌ കമ്പനി ഇ‍ൗടാക്കുന്നത്‌. നിശ്ചിത തുക കമ്പനി നഗരസഭയ്‌ക്ക്‌ കൈമാറും. പ്ലാന്റ്‌ പ്രവർത്തനം ആരംഭിച്ച്‌ ഒരു മാസം പിന്നിടുമ്പോൾ രണ്ടു ലക്ഷം രൂപയാണ്‌ നഗരസഭയ്‌ക്ക്‌ വരുമാനമായി ലഭിച്ചത്‌. വേസ്‌റ്റിൽനിന്നുണ്ടാക്കുന്ന വൈദ്യുതിയിലാണ്‌ കമ്പനിയുടെ പ്രവർത്തനം. രണ്ടാം ഘട്ടമായി അധിക വൈദ്യുതി കെഎസ്‌ഇബിക്ക്‌ നൽകാനും പദ്ധതിയുണ്ട്‌. ഇതും നഗരസഭയ്‌ക്ക്‌ വരുമാന മാർഗമാകും.


വേസ്‌റ്റ്‌ ശേഖരണം ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്‌. ജനങ്ങൾ വർഷങ്ങളായി അനുഭവിച്ചിരുന്ന ബുദ്ധിമുട്ടിനാണ്‌ പ്ലാന്റ്‌ വന്നതോടെ പരിഹാരമായത്‌. വർക്കലയിലെ പ്ലാന്റിനെക്കുറിച്ച്‌ അറിഞ്ഞ്‌ ആദ്യമെത്തിയത്‌ മുംബൈയിൽനിന്നുള്ള കോർപറേഷൻ അധികാരികളാണ്‌. പ്ലാന്റ്‌ കണ്ട്‌ പ്രവർത്തനം മനസ്സിലാക്കിയ സംഘം മുംബൈയിലും സമാനമായ പ്ലാന്റ്‌ ആരംഭിക്കാൻ തീരുമാനിച്ചാണ്‌ മടങ്ങിയത്‌. യുകെയിൽ അടക്കം വർക്കലയിലെ പ്ലാന്റ്‌ ഇതിനകം ചർച്ചയായിട്ടുണ്ട്‌. ആഗസ്‌ത്‌ 13ന്‌ മന്ത്രി എം ബി രാജേഷാണ്‌ പ്ലാന്റ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. ​ ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home