ad
Deshabhimani

print edition വർക്കലയ്‌ക്കുണ്ട്‌ പുതുപുത്തൻചന്ത

market

പുത്തൻചന്ത ആധുനിക മത്സ്യമാർക്കറ്റ്

avatar
വൈഷ്ണവ് ബാബു

Published on Mar 31, 2026, 12:35 AM | 1 min read

തിരുവനന്തപുരം : മാലിന്യപ്രശ്നങ്ങളും അസൗകര്യങ്ങളും ശ്വാസംമുട്ടിക്കുന്ന വിൽപ്പനരീതിക്ക്‌ വിടചൊല്ലാനൊരുങ്ങുകയാണ്‌ വർക്കല പുത്തൻചന്തയിലെ മീൻവിൽപ്പനക്കാർ. പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് അത്യാധുനിക മീൻ മാർക്കറ്റ് ഒരുങ്ങിയതോടെ വിൽപ്പനക്കാരാകെ പ്രതീക്ഷയിലാണ്‌. കഴിഞ്ഞ നവംബറിലാണ്‌ മാർക്കറ്റിന്റെ നിർമാണം പൂർത്തിയായത്‌. എംഎൽഎയുടെ ആസ്തിവികസന ഫണ്ടും കിഫ്ബിയിൽനിന്നുള്ള 3.15 കോടി രൂപയും വിനിയോഗിച്ച് തീരദേശ വികസന കോർപറേഷനാണ് ഈ ബഹുനിലമന്ദിരം സജ്ജമാക്കിയത്.


പഞ്ചായത്തുതലത്തിലുള്ള ചില ലൈസൻസുകൾകൂടി ലഭ്യമാകുന്നതോടെ മാർക്കറ്റ്‌ ഉടൻ പ്രവർത്തനക്ഷമമാകും. മറ്റ്‌ ചെറുകിടകച്ചവടക്കാർക്കുള്ള സ‍ൗകര്യം, ചിൽറൂം, ഫിഷ് ഡിസ്‌പ്ലേ ട്രോളികൾ എന്നിവ മാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്‌. നൈലോൺ കട്ടിങ് ബോർഡുകൾ, വാഷിങ് സിങ്കുകൾ തുടങ്ങിയ സൗകര്യങ്ങൾ മീൻവിൽപ്പനയിൽ ശാസ്ത്രീയമായ രീതികൾ ഉറപ്പുവരുത്തും. കച്ചവടക്കാർക്കായി പ്രത്യേക വിശ്രമമുറികൾ, ഓഫീസ് മുറി, ശുചിമുറികൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. കേവലം ഒരു വിപണനകേന്ദ്രം എന്നതിലുപരി പരിസ്ഥിതിസൗഹൃദമായ സംവിധാനങ്ങൾക്കും ഇവിടെ മുൻഗണന നൽകിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.


മലിനജല ശുദ്ധീകരണത്തിനായുള്ള ഇടിപി പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ്, മഴവെള്ളസംഭരണ ടാങ്ക്, അഗ്നിസുരക്ഷാ സംവിധാനങ്ങൾ എന്നിവ മാർക്കറ്റിന്റെ സുരക്ഷിതത്വവും ശുചിത്വവും ഉറപ്പുവരുത്തും. ‘തെരുവിൽ വെയിലേറ്റും മഴ നനഞ്ഞും കച്ചവടം നടത്തിയിരുന്ന ഞങ്ങൾക്ക്‌ മാന്യമായ തൊഴിലിടം ലഭിക്കുന്നത്‌ ഏറെ പ്രതീക്ഷയേകുന്നുണ്ട്‌’ എന്ന്‌ തൊഴിലാളികളൊന്നാകെ പറയുന്നു. നിലവിൽ പരിമിതസൗകര്യങ്ങളിൽ കച്ചവടം തുടരുന്നവർക്ക് മാർക്കറ്റ് തുറന്നുപ്രവർത്തിക്കുന്നതോടെ വലിയൊരു പ്രതിസന്ധിക്ക്‌ പരിഹാരമാകും. ഇതുകൂടാതെ കഴിഞ്ഞ 10 വർഷത്തിനിടെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട്‌ നിരവധി വികസനപ്രവർത്തനങ്ങളാണ്‌ മണ്ഡലത്തിൽ നടപ്പാക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home