"പൂക്കൾ പനിനീർ പൂക്കൾ..."; ആശ ടീച്ചറുടെ ഈണം വിങ്ങലായി ബാക്കിയാവുന്നു..

വാൽപ്പാറ: വേനലവധിയുടെ സന്തോഷം പങ്കുവെക്കാൻ പോയവർ മടങ്ങി വന്നത് ചേതനയറ്റ ശരീരങ്ങളായാണ്. വാൽപാറയിലെ വാഹനാപകടത്തിൽ മരിച്ച ആശ ടീച്ചറുടെ ഗാനാലാപന വീഡിയോ സമൂഹ മാധ്യങ്ങളിൽ വിങ്ങലാകുന്നു. അഭിഭാഷകനായ കെ ആർ സുഭാഷ് ചന്ദ്രനാണ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്.
കുറിപ്പിന്റെ പൂർണരൂപം
2004-05 കാലഘട്ടത്തിൽ വളാഞ്ചേരി എംഇഎസ് കോളേജിൽ സംഘടിപ്പിക്കപ്പെട്ട കോഴിക്കോട് സർവകലാശാല യൂണിയന്റെ സി സോൺ കലോത്സവത്തിന്റെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു ആശ.
ഡിഗ്രി പഠനകാലത്ത് എസ്എഫ്ഐ വളാഞ്ചേരി ഏരിയ കമ്മിറ്റി അംഗം കൂടിയായിരുന്ന സ. ആശ ടീച്ചർക്ക് അന്ത്യാഭിവാദ്യങ്ങൾ..
വാൽപ്പാറ അപകടത്തിൽ മരണപ്പെട്ട നാടിന്റെ പ്രിയപ്പെട്ടവർക്ക് ആദരാഞ്ജലികൾ..
യാത്രക്കിടയിൽ (അവസാന യാത്രയിൽ ആണോ എന്നറിയില്ല) ആശ ടീച്ചർ പാടുന്ന ഒരു ഗാനം കോളേജ് ഗ്രൂപ്പിൽ നിന്നും ലഭിച്ചത് കണ്ണ് നിറയാതെ കണ്ടുതീർക്കാനാകുന്നില്ല.
ഒരു പിടി പനിനീർ പൂക്കൾ.
മലപ്പുറം പെരിന്തൽമണ്ണ പാങ്ങിൽ നിന്ന് വിനോദയാത്ര പോയ അധ്യാപകരും ജീവനക്കാരുമടങ്ങുന്ന സംഘമാണ് വെള്ളിയാഴ്ച വൈകിട്ട് അപകടത്തിൽപ്പെട്ടത്. പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും കുടുംബാംഗങ്ങളുമടക്കം 13 പേർ സഞ്ചരിച്ച ടെമ്പോ ട്രാവലർ വാൽപ്പാറ ഹെയർപിൻ വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ 9 പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ കോയമ്പത്തൂർ ആശുപത്രിയിൽ ചികിത്സയിലാണ്. വാൽപ്പാറ- പൊള്ളാച്ചി 13ാമത്തെ ഹെയർപിൻ വളവിൽ നിന്ന് 800 അടി താഴ്ചയിലുള്ള ഒമ്പതാം വളവിലേക്കാണ് വാഹനം പതിച്ചത്. വശത്തെ ഭിത്തിയിലിടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പാങ്ങ് ജിഎൽപി സ്കൂൾ പ്രധാനാധ്യാപിക പുലാന്തോൾ പാലൂർ പരുത്തിയിൽ പി അജിത (54), അധ്യാപകരായ പൂമുള്ളിക്കര ആശ (41), ചേണ്ടി മഞ്ഞംപള്ളി വീട്ടിൽ റംല (52), ഈസ്റ്റ് പാങ്ങ് ആലുങ്ങൽ സുഹ്റ (43), മജീദ് (43), സ്കൂൾ പാചകത്തൊഴിലാളി പള്ളിപ്പറമ്പ് കളത്തിങ്ങൽതൊടി സാജിത (45), പാങ്ങ് ജിയുപി സ്കൂളിലെ അധ്യാപിക ചേണ്ടി കടന്നമുട്ടി വിലഞ്ഞിപ്പുലൻ വീട്ടിൽ ഷക്കീല (37), മജീദിന്റെ ഭാര്യ റുഖിയ (39), സുഹ്റയുടെ മകൻ ഹിഷാം (12) എന്നിവരാണ് മരിച്ചത്.
വാൻ ഡ്രൈവർ പൊന്മള മലവട്ടം ചൂനൂർ മുഹമ്മദ് ഫാഹിസ് (21), സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് (39), മരിച്ച സാജിതയുടെ മകൻ മുഹമ്മദ് ഷഹദിൻ (11), ഷക്കീലയുടെ മകൾ മസ്നീൻ (10) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. മസ്നീൻ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും മറ്റുള്ളവർ കോയമ്പത്തൂർ മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.










0 comments