print edition 140 കുടുംബങ്ങളുടെ വീട് ഇപ്പോഴും അക്കരെ

സി എ പ്രേമചന്ദ്രൻ
Published on Feb 24, 2026, 01:30 AM | 1 min read
തൃശൂർ: വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാണം തടസ്സപ്പെടുത്തി 140 കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നവും ലൈഫും തകർത്തത് കോൺഗ്രസും ബിജെപിയും. രാഷ്‌ട്രീയ ലക്ഷ്യംവച്ച് ഇൗ ഗൂഢസംഘം നടത്തിയ കുപ്രചാരണങ്ങളും കേന്ദ്രഏജൻസികളുടെ ഇടപെടലുമാണ് വടക്കാഞ്ചേരിയിൽ ലൈഫ് പദ്ധതി തകർത്തത്.
140 അപ്പാർട്ട്‌മെന്റുള്ള ഫ്ലാറ്റ് സമുച്ചയവും ആശുപത്രി സമുച്ചയവും അങ്കണവാടിയും സംസ്ഥാന സർക്കാരിന് നിർമിച്ച് കൈമാറാമെന്നാണ് യുഎഇ റെഡ് ക്രസന്റ് രേഖാമൂലം അറിയിച്ചത്. ഇതിന് 20 കോടിയോളമാണ് ധനസഹായം പ്രഖ്യാപിച്ചത്. പണം കൈമാറുന്നതിന് പകരം ഭവനസമുച്ചയം നിർമിച്ച് കൈമാറാമെന്നാണ് റെഡ് ക്രസന്റ് ജനറൽ സെക്രട്ടറി മുഹമ്മദ് അതീഫ് അൽ ഹലാഫി അറിയിച്ചത്.
നിർമാണ ഏജൻസിയായി യൂണിടാക്കിനെ തെരഞ്ഞെടുത്തതും കരാർ നൽകിയതും ധാരണപത്രം ഒപ്പിട്ടതും പണമിടപാട് നടത്തിയതുമെല്ലാം യുഎഇ കോൺസുലേറ്റും റെഡ്‌ക്രസന്റുമായിരുന്നു. റെഡ്ക്രസന്റിൽനിന്ന് സർക്കാരോ ലൈഫ് മിഷനോ പണം സ്വീകരിച്ചിട്ടില്ല. ഇതെല്ലാം രേഖകളിൽ വ്യക്തം. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭവനസമുച്ചയം പണിയാൻ വടക്കാഞ്ചേരി നഗരസഭയുടെ കൈവശമുള്ള 217.88 സെന്റ് ഭൂമി വിട്ടു നൽകി. ഇതിലാണ് ഫ്ലാറ്റ് സമുച്ചയം ഉയർന്നത്. പദ്ധതിയിൽ അഴിമതിയെന്ന കള്ളപ്രചാരണവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തി.
വടക്കാഞ്ചേരി എംഎൽഎയായിരുന്ന അനിൽ അക്കര സിബിഐക്ക് പരാതി നൽകി. ബിജെപി, കോൺഗ്രസ് ഗൂഢാലോചനയിൽ ഞൊടിയിടയിൽ കേസ് സിബിഐ ഏറ്റെടുത്തു. ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ കള്ളക്കഥകളും പ്രചരിപ്പിച്ചു. ഇതോടെ യൂണിടാക് നിർമാണം നിർത്തിവയ്‌ച്ചു.
കെട്ടിടത്തിന് ബലമില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാൽ വിദഗ്‌ധസമിതി പരിശോധനയിൽ കെട്ടിടത്തിന് ബലക്കുറവില്ലെന്ന് സ്ഥിരീകരിച്ചു. മോശമായ ഭൂമിയിലാണ് നിർമാണമെന്നായിരുന്നു അടുത്ത ആരോപണം. എന്നാൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് ഈ ഭൂമി ഏറ്റെടുത്തതെന്ന രേഖകൾ പുറത്തുവന്നതോടെ അതും പൊളിഞ്ഞു. വിവിധ കേസുകൾ കോടതിയിൽ നിലനിൽക്കുന്നതിനാൽ ഫ്ലാറ്റ് നിർമാണം പുനരാരംഭിക്കാൻ കഴിയാത്ത സ്ഥിതിയാണ്.










0 comments