എന്തിന്റെ പേരിലായാലും പഠിക്കാനുള്ള അവകാശം നിഷേധിക്കാനാകില്ല
സ്കൂൾ തലത്തിൽ സമവായമുണ്ടായെങ്കിൽ നല്ലത്; വർഗീയ ധ്രുവീകരണം അനുവദിക്കില്ല: വിദ്യാഭ്യാസമന്ത്രി

വി ശിവൻകുട്ടി
തിരുവനന്തപുരം: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി ശിരോവസ്ത്രം ധരിച്ചെത്തിയതിനെ തുടർന്നുണ്ടായ വിഷയങ്ങൾ സമവായത്തിലൂടെ പരിഹരിച്ചെങ്കിൽ അങ്ങനെ തീരട്ടെ എന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വിഷയത്തിൽ സ്കൂൾ തലത്തിൽ സമവായമുണ്ടായെങ്കിൽ അത് നല്ലതാണ്. വിഷയം അങ്ങനെ തീരട്ടെ എന്നാണ് സർക്കാരിന്റെ നിലപാടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശിരോവസ്ത്രം ധരിച്ചു എന്നതിന്റെ പേരിൽ കുട്ടിയെ പുറത്തുനിർത്തിയത് ചട്ടവിരുദ്ധമാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ റിപ്പോർട്ട് നൽകിയരുന്നു. ഇക്കാര്യത്തിൽ മാനേജ്മെന്റിന്റെ ഭാഗം കേൾക്കാനായി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടിന് സ്കൂൾ മാനേജ്മെന്റ് മറുപടി നൽകിയാലും പ്രശ്നം വഷളാക്കേണ്ടതില്ല.
ഇത്തരം സംഭവങ്ങളുടെ പേരിൽ വർഗീയവേർതിരിവുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളും കോടതിവിധികളും മുൻനിർത്തിയാണ് മുന്നോട്ടുപോകേണ്ടത്. നിലവിലുള്ള വ്യവസ്ഥകളും നിയമങ്ങളും ഏതെങ്കിലും ഒരുവിഭാഗത്തിന് ഇളവ് ചെയ്തുകൊടുക്കുന്ന പ്രശ്നമേയില്ല. ക്ലാസിലിരുന്ന് പഠിക്കാനുള്ള കുട്ടിയുടെ അവകാശം എന്തിന്റെ പേരിലായാലും നിഷേധിക്കുവാൻ ആർക്കും അവകാശമില്ല. ലഭിച്ച പരാതിയിൽ അന്വേഷണം നടത്തുകയാണ് സർക്കാർ ചെയ്തത്. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളും ശാന്തമായ അന്തരീക്ഷത്തിൽ പോകണം. അവിടെ ജാതിയുടെയോ മതത്തിന്റെയോ ഭക്ഷണത്തിന്റെയോ വസ്ത്രത്തിന്റെയോ പേരിൽ സംഘർഷമുണ്ടാകരുത് എന്നതാണ് സർക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു.










0 comments