സൂംബ : എതിർപ്പ് ലഹരിയേക്കാൾ മാരകം : മന്ത്രി വി ശിവൻകുട്ടി

കോഴിക്കോട്
ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ നടപ്പാക്കിയ സൂംബ, ഏറോബിക്‌സ്, യോഗ തുടങ്ങിയവയ്‌ക്കെതിരെ ചില കോണുകളിൽനിന്നുയർന്ന എതിർപ്പ് സമൂഹത്തിൽ ലഹരിയേക്കാൾ മാരകവിഷം കലർത്തുന്നതാണെന്ന് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിന് പകരം വർഗീയതയ്‌ക്കും വിഭാഗീയതയ്‌ക്കും വളംവയ്‌ക്കുന്നതാണ് ഇത്തരം എതിർപ്പ്.
വിദ്യാര്‍ഥികള്‍ സ്‌കൂൾ യൂണിഫോമിൽ ലഘുവ്യായാമമായാണ് സൂംബ അവതരിപ്പിക്കുന്നത്. കുട്ടികളോട് ആരും അൽപ്പവസ്‌ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സർക്കാർ നിർദേശിക്കുന്ന പഠനപ്രക്രിയകളിൽ കുട്ടികൾ നിർബന്ധമായും പങ്കെടുക്കണം. അതിൽ രക്ഷിതാവിന് തെരഞ്ഞെടുപ്പ് അവകാശമില്ല. വിദ്യാഭ്യാസ വകുപ്പ് നിർദേശിക്കുന്ന കാര്യങ്ങൾ ചെയ്യാൻ അധ്യാപകന് ബാധ്യതയുണ്ട്.
കായികവിനോദങ്ങളിൽ ഏർപ്പെടുന്നത് കുട്ടികളിൽ മാനസികവും ശാരീരികവുമായ ഉന്മേഷവും ആരോഗ്യവും നല്ല ബോധവും വളർത്താൻ സഹായിക്കും. ഇതു പഠനത്തെയും വ്യക്തിത്വ വികാസത്തെയും ഗുണപരമായി സ്വാധീനിക്കുന്നതാണ്.
പല സംസ്ഥാനങ്ങളിലും ഹിജാബ് അടക്കമുള്ള വസ്‌ത്രധാരണരീതിക്കെതിരെ പ്രതിഷേധങ്ങളും അടിച്ചമർത്തലുകളും ഉണ്ടായപ്പോൾ പുരോഗമന പ്രസ്ഥാനങ്ങൾ ജനാധിപത്യ–- സാംസ്‌കാരിക നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ഇവിടെ ചില പ്രസ്ഥാനങ്ങൾ ഭൂരിപക്ഷ വർഗീയതയ്‌ക്ക് അനുകൂല നിലപാടുകളാണെടുക്കുന്നത്. ഇത് ആടിനെ പട്ടിയാക്കുന്നതിന് തുല്യമാണ്. കേരളംപോലെ ഒരുമയോടെ ജീവിക്കുന്ന സമൂഹത്തിൽ ഇത്തരത്തിലുള്ള നിലപാടുകൾ ഭൂരിപക്ഷ വർഗീയതയ്‌ക്കാണ് ഉത്തേജനമാവുക–- മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.









0 comments