ad
Deshabhimani

സമഗ്രശിക്ഷാ കേരള: 1066.35 കോടി കുടിശ്ശിക അനുവദിക്കണം

print edition പിഎം ശ്രീ ; സംസ്ഥാന നിലപാട്‌ കേന്ദ്രത്തെ അറിയിച്ചു : വി ശിവൻകുട്ടി

a
വെബ് ഡെസ്ക്

Published on Nov 11, 2025, 03:38 AM | 1 min read


ന്യൂഡൽഹി

പിഎം ശ്രീയിൽ കേരളത്തിന്റെ നിലപാട്‌ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ അറിയിച്ചെന്ന്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിഷയത്തിൽ സംസ്ഥാന സർക്കാർ ക്യാബിനറ്റ്‌ സബ്‌ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്‌. ചില കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന്‌ ചില ഘടകകക്ഷികളും മന്ത്രിമാരും ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ചർച്ച നടത്തി റിപ്പോർട്ട്‌ തയാറാക്കാൻ വിഷയം മാറ്റിവെച്ചിരിക്കുകയാണെന്ന്‌ കേന്ദ്രസർക്കാരിനെ അറിയിച്ചു. രേഖാമൂലവും ഉടൻ ഇക്കാര്യം ധരിപ്പിക്കുമെന്നും വി ശിവൻകുട്ടി ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


വന്ദേഭാരത്‌ ഉദ്‌ഘാടന ചടങ്ങിൽ ആർഎസ്‌എസ്‌ ഗീതം ആലപിച്ച സംഭവത്തിൽ വീഴ്‌ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്‌ കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്ക്‌ കത്ത്‌ നൽകിയതായും വി ശിവൻകുട്ടി അറിയിച്ചു. പൊതുവേദികളിൽ ഏതെങ്കിലും സംഘടനകളുടെ പ്രത്യയശാസ്‌ത്ര പ്രചാരണങ്ങൾക്കായി കുട്ടികളെ ഉപയോഗിക്കുന്നത്‌ അംഗീകരിക്കാനാകില്ല. ആർഎസ്‌എസ്‌ ഗീതം പാടിച്ചത്‌ ഭരണഘടന അനുശാസിക്കുന്ന മതനിരപേക്ഷ തത്വങ്ങളുടെ ലംഘനമാണ്‌. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്‌ കത്തിൽ ആവശ്യപ്പെട്ടു.


സംസ്ഥാന വിദ്യാഭ്യാസ സന്പ്രദായത്തിന്റെ മതനിരപേക്ഷ സ്വഭാവം സംരക്ഷിക്കാൻ കേരളസർക്കാർ പ്രതിജ്ഞാബദ്ധമാണ്‌. സിബിഎസ്‌ഇ സ്‌കൂളുകൾക്ക്‌ നിരാക്ഷേപ പത്രം (എൻഒസി) നൽകുന്നതിൽ കേരളാവിദ്യാഭ്യാസ ചട്ടത്തിൽ കൃത്യമായ വകുപ്പുകളുണ്ട്‌. എൻഒസി വ്യവസ്ഥകൾ ലംഘിച്ചാൽ നടപടി സ്വീകരിക്കണമെന്ന്‌ ചട്ടത്തിൽ പറയുന്നുണ്ട്‌. അന്വേഷണം നടത്താൻ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. റിപ്പോർട്ട്‌ കിട്ടിയശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.


സമഗ്രശിക്ഷാ കേരള: 1066.35 കോടി കുടിശ്ശിക അനുവദിക്കണം

​സമഗ്രശിക്ഷാ കേരളയുമായി ബന്ധപ്പെട്ട്‌ കേന്ദ്രത്തിൽനിന്ന്‌ ലഭിക്കാനുള്ള കുടിശ്ശിക ഉടൻ അനുവദിക്കണമെന്ന്‌ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്‌ ആവശ്യമുന്നയിച്ചത്‌. 2023–24, 2024–25, 2025–26 വർഷങ്ങളിൽ സമഗ്ര ശിക്ഷാകേരളയുടെ കേന്ദ്രവിഹിതമായി ലഭിക്കേണ്ട 1066.35 കോടി രൂപ ഒറ്റത്തവണയായി ഉടൻ അനുവദിക്കണം. പിഎം–ജൻമൻ ഹോസ്‌റ്റലുകൾക്കായുള്ള 6.198 കോടിയും ഡിഎ–ജെജിയുഎ ഹോസ്‌റ്റലുകൾക്കായുള്ള 3.57 കോടിയും ഉടൻ വിട്ടുനൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.


2026 ജനുവരിയിൽ തിരുവനന്തപുരത്ത്‌ നടക്കുന്ന ‘കേരള എഡ്യുക്കേഷൻ കോൺക്ലേവിൽ മുഖ്യാതിഥിയാകാൻ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയെ ക്ഷണിച്ചു. കേന്ദ്രസഹായം ഉറപ്പിക്കുന്നതിനൊപ്പം സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നുള്ള ആവശ്യവും അവതരിപ്പിച്ചതായി മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home