print edition രാജ്യം വളര്‍ന്നെങ്കില്‍ എന്തുകൊണ്ട് ആശമാരുടെ ഓണറേറിയം കൂട്ടുന്നില്ല: വി ശിവദാസൻ

ന്യൂഡൽഹി
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വളരുകയാണെന്ന് പ്രധാനമന്ത്രി പറയുന്പോഴും എട്ടുവർഷമായി ആശ വർക്കർമാരുടെ ഓണറേറിയം ഉൾപ്പെടെയുള്ളവ വളരുന്നില്ലെന്ന് വി ശിവദാസൻ രാജ്യസഭയിൽ ബജറ്റ് ചർച്ചയിൽ പറഞ്ഞു. ആശ വർക്കർമാർക്ക് പ്രതിദിനം നൽകുന്നത് 65 രൂപ മാത്രമാണ്.
അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഓണറേറിയം, സ്‌കൂൾ പാചക തൊഴിലാളികളുടെ വേതനം, മുതിർന്ന പൗരന്മാർ, വിധവകൾ, ഭിന്നശേഷിക്കാർ എന്നിവരുടെ പെൻഷനും വളരുന്നില്ല. ഇതാണോ വളർച്ച? കർഷകതൊഴിലാളിക്ക് പെൻഷനായി ഒരു പൈസ പോലും നൽകാൻ കേന്ദ്രം തയ്യാറല്ല. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ കേന്ദ്രത്തിന്റെ കടം ഏകദേശം 200 ലക്ഷം കോടിയാണ്. കടത്തിലാണ് വളർച്ച.
സർക്കാർ മേഖലയിൽ പത്ത് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ കുറച്ചു. റെയിൽവേയിൽ ലക്ഷക്കണക്കിനും എൽഐസിയിൽ ആയിരക്കണക്കിനും തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നു. എസ്‌സി, -എസ്ടി വിഭാഗത്തിൽപ്പെട്ട ജീവനക്കാരുടെ എണ്ണം കുറച്ചു. വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം, സ്‌കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ എന്നിവയും കുറച്ചു. ഇന്ത്യയിലെ അധ്യാപകർ കരയുകയാണ്. ടെറ്റിന്റെ പേരിൽ സ്‌കൂളുകളിലെ അധ്യാപകരെ ലക്ഷ്യമിടുന്നു. 89,000 പൊതുവിദ്യാലയങ്ങൾ മോദി സർക്കാരിന്റെ കാലത്ത് അടച്ചുപൂട്ടി. വിദ്യാഭ്യാസ നയം കാരണം ആയിരക്കണക്കിന് ബിഎഡ്, എംഎഡ്, പിഎച്ച്‌ഡി ബിരുദക്കാർ തൊഴിലില്ലാത്തവരായി. നഴ്‌സുമാരുടെയും ഡോക്ടർമാരുടെയും എണ്ണം പര്യാപ്തമല്ല. എൻഎച്ച്എം ജീവനക്കാർക്ക് ശരിയായ ശമ്പളം ലഭിക്കുന്നില്ല.
പതിനൊന്നാം ധനകാര്യ കമീഷനിൽ കേരളത്തിനുള്ള വിഹിതം 3.06 ആണ്. ഇപ്പോഴത് 2.38 മാത്രം. സംസ്ഥാനത്തിനുള്ള റവന്യൂ കമ്മി ഗ്രാന്റിന് ബജറ്റിൽ സ്ഥാനമില്ല. എയിംസുൾപ്പെടെയുള്ള കേരളത്തിന്റെ ആവശ്യം പരിഗണിച്ചില്ലെന്നും ശിവദാസൻ പറഞ്ഞു.










0 comments