‘കട്ടിങ്ങിൽ’ അറിഞ്ഞു മുറിയാത്ത സ്‌നേഹം

VS
avatar
ജെയ്‌സൺ ഫ്രാൻസിസ്‌

Published on Jul 22, 2025, 12:00 AM | 2 min read

തോക്കിന്റെ ബയണറ്റിന്‌ കുത്തേറ്റ കാൽവെള്ള കാണിച്ച്‌ തരുമ്പോഴും ചിരി തൂകുന്ന വി എസിന്റെ മുഖമാണ്‌ ഗോപിയുടെ മനസിൽ. കാലം മായ്‌ക്കാത്ത ത്യാഗോജ്വല പോരാട്ടത്തിന്റെ അടയാളം കണ്ടപ്പോൾ അന്ന്‌ ഗോപിയുടെ കണ്ണ്‌ നിറഞ്ഞു. വി എസിന്റെ മുടിവെട്ടി ഇറങ്ങുമ്പോൾ അന്നാദ്യമായി ഉള്ളം നീറി.


37 വർഷവും വിഎസിന്റെ മുടിവെട്ടിത്‌ തിരുവല്ലം ചക്കാലവിളാകത്തെ എസ്‌ ഗോപിയാണ്‌. ആലപ്പുഴയിൽ വി എസിന്‌ സ്ഥിരം ഒരാളുണ്ടായിരുന്നു. തിരുവനന്തപുരത്ത്‌ വാസം ഉറപ്പിച്ചപ്പോൾ ചിലരെ പരീക്ഷിച്ചെങ്കിലും ശരിയായില്ല. കല്ലിയൂരിലെ പാർടി നേതാവ്‌ വേണു വഴിയാണ്‌ വി എസിന്‌ മുന്നിൽ ഗോപി എത്തിയത്‌. ‘വി എസ്‌ ഹെയർ സ്‌റ്റൈൽ’ അത്ര ശരിയല്ലെന്ന്‌ ഒറ്റ നോട്ടത്തിൽ മനസിലായി. ആദ്യ വെട്ടിൽ തന്നെ ചില തന്ത്രങ്ങൾ ഗോപി പ്രയോഗിച്ചു. കഴിഞ്ഞശേഷം കണ്ണാടി എടുത്ത്‌ നൽകി. വി എസ്‌ പറഞ്ഞു ‘ഇത്‌ മതി’. അന്ന്‌ മുതൽ എല്ലാ മാസം പതിനഞ്ചിനും ഗോപിയുടെ കത്രിക വി എസിന്റെ തലമുടിയിലൂടെ സഞ്ചരിക്കും.


പുലർച്ചെ 5.30ന്‌ നടത്തം കഴിഞ്ഞ്‌ എത്തുമ്പോൾ കത്രികയുമായി ഗോപി ഹാജരുണ്ടാകും. കണ്ട ഉടൻ വി എസിന്റെ ആദ്യ ചോദ്യം ‘ചായ കുടിച്ചോ’. കുടിച്ചിട്ടുണ്ടെങ്കിൽ നേരെ മുറിയിലേക്ക്‌. പിന്നെ വി എസിന്‌ മാത്രമായുള്ള ‘കത്രിക പ്രയോഗം’ തുടങ്ങും. ആ സമയം ഭൂരിഭാഗവും മൗനമായിരിക്കും. സംസാരിക്കുമ്പോഴാകട്ടെ ഗോപിയോടും കുടുംബത്താടുമുള്ള സ്‌നേഹം നിറയും. കൂടുതലും ചോദിക്കുക മക്കളുടെ വിശേഷങ്ങളായിരിക്കും, ഒരു മുത്തച്ഛന്റെ വാത്സല്യത്തോടെ. കുട്ടികളെ പരമാവധി പഠിപ്പിക്കണമെന്ന്‌ എപ്പോഴും ഓർമിപ്പിക്കും. ഗോപിക്ക്‌ ഓണക്കോടി സമ്മാനിക്കാൻ വി എസ്‌ ഒരിക്കലും മറക്കില്ല.


വിഷുവിനുള്ള കൈനീട്ടവും മുടക്കില്ല. അസുഖമാണെങ്കിൽ മാത്രമേ ഗോപി ഒഴിവ്‌ പറയൂ. സുഖം ഇല്ലെന്ന്‌ അറിഞ്ഞാൽ ഉടൻ വി എസ്‌ ഫോണിലൂടെ രോഗ വിവരങ്ങൾ തിരക്കും. വിശ്രമിക്കാൻ പറയും.


വി എസ്‌ ഒരിക്കലും ഡൈ ചെയ്‌തട്ടില്ല. മുടി കൂടുതലായി കൊഴിയാൻ തുടങ്ങിയപ്പോൾ ഒരിക്കൽ മാത്രം ‘ഇതിന്‌ പരിഹാരമുണ്ടോ’ എന്ന്‌ ചോദിച്ചു. പ്രായത്തിന്റേതാണ്‌ എന്ന മറുപടിയിൽ തൃപ്‌തൻ. ഷേവിങ് കൂടുതലും വി എസ്‌ തന്നെയാണ്‌ ചെയ്‌തിരുന്നത്‌. താഴേക്ക്‌ മാത്രം ചെയ്യുന്നതാണ്‌ നല്ലതെന്ന ഗോപിയുടെ ഉപദേശവും ശിരസാവഹിച്ചു. മുടി വെട്ടിക്കഴിഞ്ഞാൽ കണ്ണാടി നോക്കിയ ശേഷം ഒരു സ്‌പെഷ്യൽ ചിരിയുണ്ട്‌ വി എസിന്‌. ആ ചിരി ഗോപിക്കുള്ള ‘കോഡാണ്‌’. ഇനി ആ സ്‌നേഹവും ചിരിയും ഓണക്കോടിയും കൈനീട്ടവും ഇല്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ കഴിയാതെ വിതുമ്പുകയാണ്‌ ഗോപി.





deshabhimani section

Related News

View More
0 comments
Sort by

Home