വീരേതിഹാസമായി ; ജനലക്ഷങ്ങളിലേക്ക്‌ പടർന്നു 
വിപ്ലവനാളങ്ങൾ

V S Achuthanandan funeral
avatar
ജെയ്‌സൺ ഫ്രാൻസിസ്‌

Published on Jul 24, 2025, 03:21 AM | 2 min read


ആലപ്പുഴ

രണധീരരുടെ രക്തത്താൽ ചുവന്ന മണ്ണിൽ പോരാട്ടങ്ങളുടെ അമരക്കാരൻ അവസാനമായെത്തി. മിഴികളിൽ കണ്ണീരിന്റെ ഉറവപൊട്ടി. ഹൃദയങ്ങളിൽ വീരേതിഹാസമായി വി എസ്‌ നിറഞ്ഞു. പ്രാണൻപിടയും വേദനയോടെ കേരളം അന്ത്യാഭിവാദ്യമേകി.


വി എസിനെ അവസാനമായി കാണാൻ കണ്ണിമചിമ്മാതെ കാത്തിരുന്നു ജന്മനാട്‌. ആലപ്പുഴയിലെ അലയടങ്ങാത്ത മനുഷ്യസാഗരത്തിന്‌ നടുവിലൂടെ വി എസ്‌ കടന്നുപോയ നിമിഷങ്ങളിൽ ധീരസ്‌മരണകൾ ജ്വലിച്ചു. സമരവീര്യം തുടിക്കുന്ന മുഖവും നീട്ടി കുറുക്കിയ ഉറച്ച ശബ്​ദവും ജനലക്ഷങ്ങളുടെ മനസിൽ തെളിഞ്ഞു, മുഴങ്ങി. തല ഉയർത്തി നെഞ്ചുവിരിച്ച്‌ നിസ്വവർഗത്തെ മുന്നിൽനിന്ന്​ നയിച്ച വി എസിനെ നിശ്ചേതനായി കണ്ട നിമിഷം ജനലക്ഷങ്ങൾ വിതുമ്പി. മുദ്രാവാക്യങൾ പാതി മുറിഞ്ഞു. ഇടറുന്ന വാക്കുകൾ വരുതിയിലാക്കി ചുരുട്ടിയ മുഷ്​ടികൾ വീണ്ടും വാനിലേക്കുയർന്നു.


സർവശക്തിയുമെടുത്ത് ഉറക്കെ വീണ്ടുമാ മുദ്രാവാക്യം വിളിച്ചു. ഒടുവിൽ വലിയചുടുകാട്ടിലെ ചിതയിൽനിന്ന്​ ജനലക്ഷങ്ങളുടെ മനസിലേക്ക്‌ പടർന്നു വിപ്ലവത്തിന്റെ കെടാത്ത കൈത്തിരിനാളങ്ങൾ.


അടിമതുല്യജീവിതം നയിച്ചൊരു ജനതയ്​ക്ക്‌ പുതുജീവിതം നേടിക്കൊടുത്ത സമരസൂര്യന്‌ വിടനൽകാൻ കേരളം ആലപ്പുഴയിലേക്ക്‌ ഒഴുകുകയായിരുന്നു. ഏറെ വൈകിയിട്ടും പാതയോരങ്ങളിൽ അവർ കാത്തുനിന്നു. ബുധൻ രാവിലെ ഏഴോടെ ജില്ലാ അതിർത്തിയായ ഓച്ചിറയിൽ സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസറിന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. പാതയോരങ്ങളിലും വേലിക്കകത്തുവീട്ടിലും സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ പി കൃഷ്‌ണപിള്ള സ്‌മാരകമന്ദിരത്തിലും ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിലും മനുഷ്യമഹാപ്രവാഹം നിയന്ത്രണാതീതമായി. ഇവിടങ്ങളിൽ കാണാൻ കഴിയാതിരുന്നവർ വലിയചുടുകാട്ടിലേക്ക്‌ ഒഴുകി.


വേലിക്കകത്ത്‌ വീട്ടിലേക്ക്‌ വി എസ്‌ എത്തുമ്പോൾ ഭാര്യ കെ വസുമതിയും മക്കളും തേങ്ങി. 10 മിനിട്ട്‌ വി എസ്‌ വീട്ടുകാർക്കൊപ്പം. ശേഷം കാത്തുനിന്നവർ അന്ത്യോപചാരമർപ്പിച്ചു. തുടർന്ന്‌ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക്.


മുഖ്യമന്ത്രി പിണറായി വിജയൻ വളരെ നേരത്തെ ഇവിടെ എത്തിയിരുന്നു. ഹൃദയവേദനയിൽ നീറും മനസുമായി പിണറായിയും മറ്റ്​ നേതാക്കളും സമീപമിരുന്നു. ഇവിടെയും കണക്കുകൂട്ടിയ സമയത്തിനുമപ്പുറം അന്ത്യോപചാരം നീണ്ടു. പിന്നീട്‌ ആലപ്പുഴ ബീച്ച്‌ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം. വി എസ്‌ എത്തും മുമ്പെ മഴ കോരിച്ചൊരിഞ്ഞു. ആ മഴയ്​ക്കൊപ്പം കണ്ണീരും കലർന്നു. വൈകിട്ട്‌ ആറിന്‌ ആരംഭിച്ച പൊതുദർശനം അവസാനിച്ചത്‌ എട്ടേകാലോടെ. പൊലീസ്​ ഗാർഡ്​ ഓഫ്​ ഓണർ നൽകി. തുടർന്ന്‌ വലിയചുടുകാട്ടിലേക്ക്‌.


പുന്നപ്ര വയലാർ രക്തസാക്ഷികൾക്കും സഖാക്കളുടെ സഖാവായ പി കൃഷ്‌ണപിള്ള ഉൾപ്പെടെ മഹാന്മാരായ നേതാക്കൾക്കുമൊപ്പം വലിയചുടുകാട്‌ ഹൃദയത്തോട്‌ ചേർത്തു ഒരേയൊരു വി എസിനെ.



deshabhimani section

Related News

View More
0 comments
Sort by

Home