print edition കാലം പ്രതിഫലിക്കുന്നു ഇൗ ചുവരിൽ

വി എസിന്റെ പറവൂരിലെ വേലിക്കകത്ത് വീടിന്റെ ചുറ്റുമതിലിലെ ചുവർചിത്രത്തിന് സമീപം മകൻ വി എ അരുൺകുമാർ
വി എസിന്റെ വസതിയായ പറവൂർ വേലിക്കകത്ത് വീടിന്റെ ചുറ്റുമതിൽ ഇപ്പോൾ ചരിത്രച്ചുമരാണ്. വി എസിന്റെ പോരാട്ടങ്ങളും ജീവിതമുഹൂർത്തങ്ങളും ഇവിടെ ചിത്രങ്ങളായി ജീവൻതുടിക്കുന്നു. ഇപ്പോഴും ഒട്ടേറെ ആളുകളാണ് വി എസിന്റെ വീട് സന്ദർശിക്കാനെത്തുന്നത്. തൊഴിലിന് കൂലി ചോദിക്കാൻ പോലും അവകാശം നിഷേധിച്ച് ജന്മിത്തം അരങ്ങുവാണ കാലത്ത്, അനീതിക്കെതിരെ പടവാളുയർത്തിയ വി എസിന്റെ ജീവിതയാത്രയുടെ നേർരേഖയായി മാറുകയാണീ ചിത്രങ്ങൾ. ഒപ്പം കേരളത്തിന്റെ ചരിത്രവും.
വി എസ് പുന്നപ്ര–വയലാർ രക്തസാക്ഷി ദിനാചരണത്തിന് ദീപം തെളിക്കുന്നത്, മതികെട്ടാൻ സന്ദർശനം, തെരഞ്ഞെടുപ്പ് പൊതുയോഗത്തിലെ ആവേശപ്രസംഗം, എ കെ ജി, അഴീക്കോടൻ രാഘവൻ എന്നിവർക്കൊപ്പം ജാഥയിൽ പങ്കെടുക്കുന്നത്, ഇ എം എസിനും നായനാർക്കുമൊപ്പം ജാഥ നയിക്കുന്നത്, മുഖ്യമന്ത്രിയായിരിക്കെ ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്നത് തുടങ്ങിയ ചിത്രങ്ങൾ മുൻവശത്തെ മതിലിലുണ്ട്. വസൂരി പിടിപെട്ട് പാടവരമ്പിൽ ഓല മറകെട്ടി മാറ്റിപ്പാർപ്പിച്ച അമ്മയെ അകലെനിന്ന് കാണാൻ അച്ഛന്റെ കൈപിടിച്ചെത്തിയ വിഎസിന്റെ ബാല്യം. സവർണ കുട്ടികളുടെ അധിക്ഷേപത്തിനെതിരെ അരഞ്ഞാണം വീശിയടിച്ച പ്രതിരോധം. തയ്യൽക്കാരനായും കയർഫാക്‌ടറി തൊഴിലാളിയായും ജീവിതമാരംഭിച്ച കൗമാരം. പി കൃഷ്‌ണപിള്ള പങ്കെടുത്ത യോഗത്തിലെ സാന്നിധ്യം. തൊഴിലാളികളെ സമരസജ്ജരാക്കിയ യൗവനം. ലോക്കപ്പ് മർദനത്തിനിടെ കാലിൽ ബയണറ്റ് കുത്തിയിറക്കുന്നത്, പാളയം രക്‌തസാക്ഷി മണ്ഡപത്തിൽ പുഷ്‌പചക്രം അർപ്പിക്കുന്നത്, കുടുംബത്തോടൊപ്പം, കുട്ടികൾക്ക് ആദ്യക്ഷരം കുറിക്കുന്നത് തുടങ്ങിയ ചിത്രങ്ങൾ മതിലിന്റെ ഉൾഭാഗത്താണ്.
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ കേരള ലളിതകലാ അക്കാദമിയാണ് ചിത്രരചന നടത്തിയത്. അക്കാദമിയുടെ ചിത്രകാരന്മാരായ ടി ബി ഉദയൻ, മുഹമ്മദ് ഹുസൈൻ, സജിത് പനക്കൻ, വിപിൻദാസ് പനക്കൻ, കാവ്യ എസ് നാഥ് തുടങ്ങിയവരാണ് മതിലിന്റെ മുൻവശത്ത് ചിത്രങ്ങൾ വരച്ചത്. ഇതിന് ശേഷമായിരുന്നു ഉൾഭാഗത്തെ ചിത്രരചന. അക്രിലിക്, എമൽഷൻ മാധ്യമങ്ങളിലാണ് ചായക്കൂട്ട്.
മതിലിന് ഉൾഭാഗത്ത് സന്ദർശകർക്ക് ചിത്രങ്ങൾ കാണാൻ ടൈൽവിരിച്ച് നടപ്പാതയും ഒരുക്കിയിട്ടുണ്ട്. ഒട്ടേറെ സന്ദർശകരാണ് ചിത്രങ്ങൾ കാണാനെത്തുന്നതെന്ന് വി എസിന്റെ മകൻ വി എ അരുൺകുമാർ പറഞ്ഞു.










0 comments