'സത്യം പറഞ്ഞതിന്റെ പേരിൽ മതവിരോധിയായി മുദ്രകുത്താൻ ശ്രമിക്കുകയാണ്'; സി കെ വിനീതിനെ പിന്തുണച്ച് വി കെ സനോജ്

കുംഭമേളയുടെ ഭാഗമായി ഉത്തര്‍പ്രദേശ് പ്രയാഗ് രാജിലെ നദീജലത്തെ സംബന്ധിച്ച് അഭിപ്രായ പ്രകടനം നടത്തിയ ഫുട്‌ബോൾ താരം സി കെ വിനീതിനെതിരെ നടക്കുന്ന കടുത്ത സൈബര്‍ ആക്രമണത്തിൽ വിനീതിനെ പിന്തുണച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് . ചൊറി വരുത്താന്‍ താത്പര്യമില്ലാത്തതിനാല്‍ കുളിച്ചില്ല, അത്രയും വൃത്തികെട്ട വെള്ളമാണ് നദികളിലെന്ന് വിനീത് പറഞ്ഞിരുന്നു. അതിനായിരുന്നു വിനീതിനെതിരെ സൈബർ ആക്രമണവുമായി ചിലർ രംഗത്തെത്തിയിരുന്നത്.
കേരളത്തിന്റെ അഭിമാനമായ ഫുട്ബോൾ താരം സി കെ വിനീതിനെതിരെ സംഘപരിവാറിന്റെ സൈബർ ക്വട്ടേഷൻ ടീമിന്റെ നേതൃത്വത്തിൽ നടക്കുന്ന ആക്രമണം കേരളം ഒറ്റക്കെട്ടായി അപലപിക്കേണ്ടതായുണ്ടെന്ന് വി കെ സനോജ് ഫേസ്‌ബുക്കിൽ കുറിച്ചു. രാജ്യത്തിന്റെ കായിക ചരിത്രത്തിൽ കേരളത്തിന്റെ പേരെഴുതിച്ചേർത്ത സി കെ വിനീതിന് നേരെ നടത്തുന്ന അധിക്ഷേപം അതിരുകൾ ലംഘിക്കുന്നതാണെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
'ക' ലിറ്ററേച്ചർ ഫെസ്റ്റിവലിലെ ഒരു സെഷനിൽ കുംഭമേളയെക്കുറിച്ച് സി കെ വിനീത് നടത്തിയ പരാമർശത്തെ വളച്ചൊടിച്ചാണ് സൈബർ സംഘികൾ വിദ്വേഷപ്രചരണം അഴിച്ചു വിടുന്നത്. കുംഭമേള സന്ദർശിച്ചപ്പോൾ ജലത്തിന്റ ഗുണ നിലവാരം മോശമായതിനാൽ ഗംഗാനദിയിൽ കുളിക്കാൻ താൻ താല്പര്യപ്പെട്ടില്ലെന്നും, അവിടെയെത്തുന്ന വിശ്വാസികളായ മനുഷ്യർക്ക് അവരുടെ വിശ്വാസ പ്രകാരമുള്ള ചടങ്ങുകൾ ചെയ്യുന്നുണ്ടെന്നുമുള്ള തീർത്തും വ്യക്തിപരമായ അഭിപ്രായമാണ് വിനീത് പങ്കുവച്ചത്. മതത്തേയോ വിശ്വാസത്തെയോ പറ്റി അധിക്ഷേപകരമായ ഒരു വാക്ക് പോലും അദ്ദേഹം പറഞ്ഞിട്ടില്ല. വസ്തുതകൾ മറച്ചു വെച്ചു കൊണ്ടും വാക്കുകൾ വളച്ചൊടിച്ചു കൊണ്ടും വിനീതിനെതിരെ വിദ്വേഷപ്രചരണവും ആക്രമണവും സംഘടിതമായി നടത്തുകയാണ്. 'സകലകാര്യ വിദഗ്ധൻ' മുതൽ സകല ഞാഞ്ഞൂലുകളും പത്തി ഉയർത്തി വിഷം ചീറ്റുകയാണ്. അത്തരം വിഷവിത്തുകളെ തുറന്നു കാണിക്കേണ്ടതുണ്ട്.
2014 ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന വാഗ്ദാനമായിരുന്നു ഗംഗാനദി ശുചീകരിക്കും എന്നത്. മൂന്നു വട്ടം ബിജെപി അധികാരത്തിൽ വന്നിട്ടും ഗംഗാ നദിയിലെ മലിനീകരണത്തിന്റെ തോത് കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. 2025 ഫെബ്രുവരി 20 ലെ എക്കോണമിക്സ് ടൈംസ് റിപ്പോർട്ട് പ്രകാരം കോളിഫോമിന്റെ അളവ് ഗംഗാനദിയിൽ 1,400 മടങ്ങും യമുനയിൽ 600 മടങ്ങുമാണെന്നും, ഈ നദികൾ സ്നാനത്തിന് അനുയോജ്യമല്ലെന്നും കണ്ടെത്തിയെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) റിപ്പോർട്ട് ചെയ്യുകയും ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) യുപി സർക്കാർ അധികാരികളെ വിളിച്ചുവരുത്തുകയും ചെയ്തത് വാർത്തയായിരുന്നു. സി കെ വിനീത് പറഞ്ഞ നിരീക്ഷണം ശരിവെക്കുന്ന കണ്ടെത്തലാണ് കേന്ദ്ര ഏജൻസിയുടെ റിപ്പോർട്ടിലുമുള്ളത്. സത്യം പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തെ മതവിരോധിയായി ചാപ്പകുത്താൻ ശ്രമിക്കുകയാണ്.
പ്രതിഭ കൊണ്ടും പ്രയത്നം കൊണ്ടും ഇന്ത്യൻ ഫുട്ബോളിൽ തന്റെ മുദ്രപതിപ്പിച്ച മലയാളികളുടെയാകെ അഭിമാനമായ ദേശീയ കായിക താരമാണ് വിനീത്. കളിക്കളത്തിൽ പ്രതിരോധങ്ങളെ ഭേദിച്ച് പൊരുതി മുന്നേറി വളർന്നവനെ സോഷ്യൽ മീഡിയയിൽ ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാൻ വരണ്ട. അപ്രിയമായ സത്യങ്ങൾ വിളിച്ചു പറയുന്നവരെ സൈബർ ഗുണ്ടായിസം കൊണ്ട് നിശബ്ദമാക്കാം എന്ന് കരുതുന്നെങ്കിൽ സംരക്ഷണം നൽകാൻ കേരളം ഒന്നാകെ കൂടെയുണ്ടാകുമെന്നും സനോജ് കുറിപ്പിൽ പറഞ്ഞു.









0 comments